അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, April 29, 2005

ശ്ലോകം 386: കാളിപ്പെണ്ണിന്റെ കാലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കാളിപ്പെണ്ണിന്റെ കാലില്‍ക്കയറിയഥ കടിച്ചോരു നീര്‍ക്കോലിയെത്തന്‍
കാലാല്‍ത്തല്ലിച്ചതച്ചിട്ടൊരു കൊടിയ "ബഡാ" ശൂരനാം ശൌരിയാരേ
വാലില്‍ച്ചുറ്റിപ്പിടിച്ചിട്ടവനുടെ തലയില്‍ത്താളവട്ടം തകര്‍ക്കും
നീലപ്പയ്യാ! നിനയ്ക്കുമ്പൊഴുതൊരു രസികന്‍ തന്നെ നീ പൊന്നുമോനേ!

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 385: മുണ്ടീ നെട്ടന്നു, നെട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും മുണ്ടനയ്യോ!, തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലിച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാസുന്ദരീ, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോവര്‍ണ്ണമീവണ്ണമല്ലോ.

കവി : പുനം നമ്പൂതിരി
കൃതി : ഭാഷാരാമായണം ചമ്പു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 384: ഭൂപാളങ്ങളുറങ്ങിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു

ഭൂപാളങ്ങളുറങ്ങിടുന്നു, ഹരികാംബോജിക്കു നാവ, റ്റുഷഃ-
കാലാരോഹണസംക്രമത്തിലിടറിത്തെന്നുന്നു ഹംസധ്വനി,
മായാമാളവഗൌള മൌനഭജനം പൂണ്ടൂ, വയറ്റത്തടി-
ച്ചോരോ പട്ടിണി പാടു നീട്ടിയിവിടെച്ചുറ്റുന്നു വറ്റുണ്ണുവാന്‍.

കവി : എസ്‌. രമേശന്‍ നായര്‍
കൃതി : സ്വാതിമേഘം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 383: ആമോദം പൂണ്ടൂ കൈകൊണ്ടമരര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആമോദം പൂണ്ടൂ കൈകൊണ്ടമരരഭയമോടൊത്തഭീഷ്ടം കൊടുക്കും;
നീമാത്രം ദേവി! യെന്നാല്‍ നലമൊടവയെ നല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനംചെയ്വതിനുമുടനഭീഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാകുന്നു ലോകൈകനാഥേ!

കവി : കുമാരനാശാന്‍
കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 382: ലോകത്തുള്ള സമസ്തവൃക്ഷവും...

ചൊല്ലിയതു്‌ : ബാലേന്ദു

ലോകത്തുള്ള സമസ്തവൃക്ഷവുമറുത്തദ്ദിക്കിലെല്ലാം നട-
ന്നാശയ്ക്കൊത്തു കുഴിച്ചു കാടിതു പണത്തോട്ടങ്ങളാക്കീടുവാന്‍
ആകെപ്പൂത്തുതളിര്‍ത്ത മാമല റബര്‍ക്കാടാക്കി മാറ്റീടുവാന്‍
നീ കാംക്ഷിപ്പതു സാദ്ധ്യമാണു, ചെറുതാം മന്ത്രിപ്രസാദം മതി.


കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 381: ആകപ്പാടേ വിമര്‍ശിച്ച്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആകപ്പാടേ വിമര്‍ശിച്ചറിയുവതിനസാധ്യങ്ങളാകുന്നു നാനാ-
പാകം പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങള്‍ വിശ്വോത്തരങ്ങള്‍;
'ലോകം രംഗം, നരന്മാര്‍ നട'രിതു വളരെസ്സാരമാം തത്ത്വമെങ്ങോ
പോകട്ടേ; മാംസമേദോമലകലിതമുടല്‍ക്കെട്ടിതുല്‍കൃഷ്ടമാണോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 380: നാണിക്കുന്ന നവോഢയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നാണിക്കുന്ന നവോഢയെപ്പരുഷമായ്‌ കെട്ടിപ്പിടിക്കുന്നതും,
ഘ്രാണിക്കാന്‍ ത്വരയാര്‍ന്നു കൊച്ചുമുകുളം നുള്ളിപ്പൊളിക്കുന്നതും,
ആണത്തം പൊടിമീശയില്‍ തെളിയുവാന്‍ ചായം പുരട്ടുന്നതും,
കാണിപ്പൂ മധുരാനുഭൂതി തടയും മര്‍ത്ത്യക്ഷമാശൂന്യത.

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 379: നാവേ, നിനക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരപ്പതിനു ഞാന്‍ തുനിയുന്നു കേള്‍ നീ
നാരായണന്റെ തിരുനാമമുറക്കെയാമ്പോള്‍
നാണിച്ചു പോകരുതതേ തവ വേണ്ടതുള്ളൂ.

കവി : പൂന്താനം
കൃതി : ഭാഷാകര്‍ണാമൃതം
വൃത്തം : വസന്തതിലകം

ശ്ലോകം 378: നാണം കെട്ട നടന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു

നാണം കെട്ട നടന്റെ ഗോഷ്ടി കലരും കോമാളിനാട്യത്തിലും,
മാനം വില്‍പൊരു വേശ്യ തക്ക വിടനെത്തേടുന്ന നോട്ടത്തിലും,
നാനാചാനലിലെപ്പരമ്പരകളായെത്തും രസക്കേടിലും,
കാണാനില്ലൊരു ലേശവും കവിതതന്‍ സൌന്ദര്യമെന്നേ വരൂ.

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 377: മുല്ലചാരുതരമല്ലികാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകര്‍-
ന്നുല്ലളല്ലളിതഭൃംഗഝങ്കൃതി കലര്‍ന്ന മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല-
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.

വൃത്തം : കുസുമമഞ്ജരി

ശ്ലോകം 376: തത്ത്വാര്‍ത്ഥമായി...

ചൊല്ലിയതു്‌ : ബാലേന്ദു

തത്ത്വാര്‍ത്ഥമായി ശബരീശ്വരനായി വാഴും
ത്വത്പാദമാണു ശരണം മമ ദേവദേവ!
മത്പ്രാണദേഹമിവയുള്ള ദിനം വരേയ്ക്കും
സിദ്ധിക്കണം വിമലമാം തവ ഭക്തിഭാവം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 375: സമ്പത്പരമ്പര പരം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

സമ്പത്പരമ്പര പരം പരിപുഷ്ടമാക്കി
മുമ്പമ്പലപ്പുഴ ഭരിച്ചു ധരാ നിലിമ്പന്‍
തുമ്പയ്ക്കു തുമ്പമെഴു, മമ്പിളി കമ്പിളിയ്ക്കും
കമ്പിയ്ക്കുമാരു, മിതി ചെമ്പകശേരി രാജാ

കവി : സാഹിത്യപഞ്ചാനന്‍ പി. കേ. നാരായണപിള്ള
വൃത്തം : വസന്തതിലകം

ശ്ലോകം 374: എച്ചൈവിയെന്ന വിന...

ചൊല്ലിയതു്‌ : ബാലേന്ദു

എച്ചൈവിയെന്ന വിന വാനിലുമെത്തി നൂനം
അച്ചന്ദ്രനും ഗ്രസിതനായി മെലിഞ്ഞു പാവം
സ്വച്ഛന്ദമായി നിശ താരകനാരിമാരൊ-
ത്തച്ഛേതരം പലവിധം ചെലവിട്ടമൂലം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 373: ഉണ്ണിത്തൃക്കാലിണയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉണ്ണിത്തൃക്കാലിണയ്ക്കും, പനിമതികിരണം പോന്നൊളിക്കുന്നൊളിക്കും,
വെണ്ണയ്ക്കൊക്കുന്ന മെയ്ക്കും, കനകമണിയരഞ്ഞാണ്‍ തുടയ്ക്കും തുടയ്ക്കും,
എണ്ണം തീരാ വണക്കം, തിരുമരിയസുതപ്പൂഞ്ചൊടിക്കും, ചൊടിക്കും
കണ്ണിന്‍ കോണില്‍ക്കളിക്കും ഭുവനദുരിതമെല്ലാമൊഴിക്കും മൊഴിക്കും.

കവി : കോതനല്ലൂര്‍ ജോസഫ്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 372: കല്‍ക്കണ്ടം കളകണ്ഠമെന്നിവ...

ചൊല്ലിയതു്‌ : ബാലേന്ദു

കല്‍ക്കണ്ടം കളകണ്ഠമെന്നിവകളുള്‍ക്കുണ്ഠത്വമാര്‍ന്നൂ, കരി-
ങ്കല്‍ക്കണ്ടം ഗുളഖണ്ഡമെന്ന നിലയായ്‌, ക്ഷീണിച്ചു വീണാധരന്‍,
ഉള്‍ക്കൊണ്ടൂ മധു കുണ്ഠിതം മധുരിപോ! വീഞ്ഞിന്‍കണം പൊക്കണം
കൈക്കൊണ്ടൂ, കലികൊണ്ടു തുള്ളിയമൃതം നീ വേണു വായിക്കവേ.

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 371: കൊണ്ടല്‍ച്ചായല്‍ക്കറുപ്പും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കൊണ്ടല്‍ച്ചായല്‍ക്കറുപ്പും, സ്തനയുഗമദനച്ചെപ്പുറപ്പും, വെടിപ്പും,
ചുണ്ടിന്‍ ചോപ്പും, കരിംകൂവളചകിതമിഴിച്ചഞ്ചലിപ്പും, നടപ്പും,
കൊണ്ടാടും പട്ടുടുപ്പും, സരസമിയലുമിപ്പെണ്‍കിടാവിന്‍ പൊടിപ്പെ-
ക്കണ്ടാല്‍ തണ്ടാര്‍ശരന്നും സരഭസമുളവാം നെഞ്ചിടിപ്പും ചടപ്പും!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 370: ഉണ്ടോ നേരത്തുടുക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉണ്ടോ നേരത്തുടുക്കും തളിരൊടമരടിക്കും ചൊടിക്കും, ചൊടിക്കും
കൊണ്ടല്ലേറെക്കടുക്കുന്നഴകുമൊരു മിടുക്കും മുടിക്കും മുടിക്കും,
കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലു കിടപിടിക്കും പിടിക്കും, പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും, മുടിയഴിയുമിടയ്ക്കൊന്നടിക്കുന്നടിക്കും.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍
കൃതി : പാക്കനാര്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 369 : നിന്മഞ്ഞപ്പുകലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്മഞ്ഞപ്പുകലര്‍ന്ന ചെന്നിറമെരിഞ്ഞത്യുഗ്രമമാശയം
തന്നില്‍ പ്രോജ്വലിതാര്‍ത്തി പാരമരുളും ഭാവസ്വഭാവങ്ങളും
ഉന്മാദാത്ഭുത വന്‍കടല്‍ത്തിരകളലാടിച്ചുപാടിച്ചിടും
സമ്മോദോത്സവവും മനോഹരി, മുടിപ്പിക്കും കുടിപ്പിച്ചു നീ.

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 368 : സമ്പത്തായ്‌ സംയമത്തെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സമ്പത്തായ്‌ സംയമത്തെക്കരുതി മരുവുമീ നമ്മെയും, തന്‍ കുലത്തിന്‍
വന്‍പും, ബന്ധൂക്തി കൂടാതിവള്‍ നിജഹൃദയം നിങ്കലര്‍പ്പിച്ചതും നീ
നന്നായോര്‍ത്തിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നത്തേ യോഗമെല്ലാം വിധിവശ, മതിലിജ്ഞാതികള്‍ക്കില്ല ചോദ്യം.

കവി : എ. ആര്‍. രാജരാജവര്‍മ്മ/കാളിദാസന്‍
കൃതി : മലയാളശാകുന്തളം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 367 : ചാരായാദിക്രമത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ചാരായാദിക്രമത്തില്‍ പലവിധ മധുപാനീയമുങ്ങുള്ളിലാക്കി-
"പ്പൂക്കുറ്റിപ്രായമായി", പ്പരിസരമറിയാതൊട്ടസഭ്യം പുലമ്പി
സ്വന്തം വീടെത്തുവനുള്ളിടവഴി പിടികിട്ടാതെ വട്ടം കറങ്ങും
തോഴന്‍ നേരിട്ടുവന്നാലുടനെയവനെ നാം തല്ലണോ തള്ളിടേണോ?

കവി : പി. രാമന്‍ എളയതു്‌, മുംബൈ
വൃത്തം : സ്രഗ്ദ്ധര

Monday, April 25, 2005

ശ്ലോകം 366 : മദ്യം നിന്ദ്യ, മതേതൊരാള്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മദ്യം നിന്ദ്യ, മതേതൊരാള്‍ക്കുമപകര്‍ഷത്തെക്കൊടുക്കും, വെറും
ക്ഷുദ്രം നീചമനര്‍ഹകര്‍മ്മനിവഹം ചെയ്യാനിടം കൂട്ടിടും,
ചിത്തം പങ്കിലമാക്കിടും, മദമഹങ്കാരം വിതയ്ക്കും, നര-
ന്നൊട്ടും നന്മ വരുത്തുകി, ല്ലതില്‍ ജനം മോഹിപ്പതാണദ്ഭുതം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 365 : ഒന്നായതൊക്കെയിഹ കാണ്മതു...

ചൊല്ലിയതു്‌ : ബാലേന്ദു

ഒന്നായതൊക്കെയിഹ കാണ്മതു രണ്ടുവീതം
നന്നായടിച്ചു പിരികേറിയെനിക്കു പൊന്നേ
മുന്നെക്കണക്കുവരുവാനിനിയെന്തു മാര്‍ഗ്ഗം?
ഇന്നല്ലയെങ്കിലുടനെങ്ങിനെ വീട്ടിലെത്തും?

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 364 : സരിത്തടമലംകൃതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സരിത്തടമലംകൃതം കുസുമസഞ്ചയത്താലയേ!
വരൂ, മണി പിഴിഞ്ഞൊരീ മദിരയാസ്വദിക്കൂ ക്ഷണാല്‍.
ഒടുക്കമതിലും കറുത്തതു യമന്‍ നിനക്കേകുവാ-
നടുക്കിലുടനായതും മടി വെടിഞ്ഞു സേവിക്ക നീ!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍
കൃതി : രസികരസായനം
വൃത്തം : പൃഥ്വി

ശ്ലോകം 363 : നീരാനായകനല്‍പദായ...

ചൊല്ലിയതു്‌ : ബാലേന്ദു

നീരാനായകനല്‍പദായ ധനവന്‍ചോരായ ഹാലാഹല-
ച്ഛായാസുന്ദരമന്ദിരായ വനിതാസംഗൈകശൃംഗാരിണേ
സദ്യാമാഹരണേ ദൃശാമരുണിനേ നിശ്ശേഷമാരാസ്ത്രിണേ
വേഗൈഃ സങ്കലനേ സുഖേന സുഖിനേ മദ്യായ നിത്യം നതിഃ

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 362 : നാട്ടില്‍ത്തല്ലു വഴക്കഴുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 361 : ചേരാ കള്ളിന്നു വെള്ളം...

ചൊല്ലിയതു്‌ : ബാലേന്ദു

ചേരാ കള്ളിന്നു വെള്ളം, ബിയറിലുമതുപോല്‍, വീഞ്ഞിലും വര്‍ജ്ജ്യമേറ്റം,
ചേരും ബ്രാണ്ടിയ്ക്കൊരല്‍പം, നുരപതയിയലും സോഡ വിസ്കിയ്ക്കിണക്കം,
നീരം പോലുള്ള ജിന്നില്‍ പിഴിയുകപഴമെന്നാകിലേറ്റം വിശേഷം,
ചേരും റമ്മിന്നിതെല്ലാം - ലഹരി പെരുകുവാന്‍ കോക്ടെയില്‍ക്കൂട്ടു കേമം!

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

Friday, April 22, 2005

ശ്ലോകം 360 : കിട്ടാനില്ലത്രയേറെപ്പണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കിട്ടാനില്ലത്രയേറെപ്പണ, മനവധിയാണാഞ്ഞടുത്തെത്തി നില്‍ക്കും
നിത്യാവശ്യങ്ങള്‍, രോഗാദികളകരുണമായ്ത്തിങ്ങിടുന്നുണ്ടു താനും,
ചിത്താനന്ദത്തിനെന്നാല്‍ പലതുമിവിടെയുണ്ടെങ്കിലും മര്‍ത്ത്യരെങ്ങും
മദ്യാസക്തിയ്ക്കു ഹാ! മാനസമടിയറ വയ്ക്കുന്നതാണദ്ഭുതം മേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 359 : അരുതരുതു വിരോധം ഭിന്നമദ്യങ്ങള്‍....

ചൊല്ലിയതു്‌ : ബാലേന്ദു

അരുതരുതു വിരോധം ഭിന്നമദ്യങ്ങളെല്ലാ-
മൊരുവനു വ്യഥ തീര്‍ക്കാനുള്ള വസ്തുക്കളല്ലോ;
കരുതുകയിവയും പണ്ടാഴിയെത്താന്‍ കടഞ്ഞി-
ട്ടരുളിയ നിധിയത്രേ വേണമെങ്കില്‍ക്കഴിപ്പിന്‍.

കവി : ബാലേന്ദു
വൃത്തം : മാലിനി

ശ്ലോകം 358 : സുരുചിരലഘുകാവ്യം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ,
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

കവി : ഉമേഷ്‌ നായര്‍
കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍
വൃത്തം : മാലിനി

ശ്ലോകം 357 : ചന്തയ്ക്കങ്ങല്‍പദൂരേ....

ചൊല്ലിയതു്‌ : ബാലേന്ദു

ചന്തയ്ക്കങ്ങല്‍പദൂരേ കവലയില്‍ വരുവോര്‍ക്കന്തിയില്‍ച്ചെറ്റുമോന്താ-
നന്തിക്കള്ളുള്ള ഷാപ്പുണ്ടതിനുടെയരുകില്‍പ്പൊന്തി ചാരായഷാപ്പും;
സന്താപം വേണ്ട വിസ്കിക്കടയതുമവിടങ്ങന്തികത്തുണ്ടൊരെണ്ണം;
ചിന്തിച്ചാലെന്തെളുപ്പം ലഹരിയില്‍ മുഴുകാന്‍ -- ഹന്ത, ഭാഗ്യം ജനാനാം!

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 356 : ചുറ്റും നോക്കിച്ചിരിച്ചും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ചുറ്റും നോക്കിച്ചിരിച്ചും പുനരതിനിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും
മറ്റുള്ളോരെശ്ശപിച്ചും ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും
ചെറ്റാ റോഡില്‍ക്കിടന്നും പലപടുതിയിഴഞ്ഞാലയം പൂകിടുമ്പോള്‍
തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിര നുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍!

കവി : രാജേഷ്‌ വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 355 : വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!

കവി : ചങ്ങമ്പുഴ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 354 : മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍ത്തുണിയുടെ പുറകില്‍ക്കണ്ട റമ്മൊട്ടു ചില്ലിന്‍
വെള്ളഗ്ലാസ്സില്‍പ്പകര്‍ന്നിട്ടടവിലൊരുതുടം പൊക്കി മുക്കില്‍പ്പതുങ്ങി
വെള്ളം പോലും തൊടാതങ്ങതു ഞൊടിയിടകൊണ്ടൊറ്റവീര്‍പ്പില്‍ക്കുടിക്കും
കള്ളന്‍, സീമന്തപുത്രന്‍, ബഹുവിധദുരിതം നല്‍കുവോന്‍ കയ്യിലാമോ?

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

(കാത്തുള്ളില്‍ അച്യുതമേനോന്റെ "തിണ്ണം ചെന്നിട്ടു തീയില്‍..." എന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണം. ഈ ശ്ലോകം e-സദസ്സില്‍ ഒരു മദ്യവിപ്ലവം സൃഷ്ടിച്ചു. പിന്നീടുള്ള കുറേ ശ്ലോകങ്ങള്‍ മദ്യത്തെപ്പറ്റിയുള്ളവയായിരുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നു രചിക്കപ്പെട്ടവയും. )

ശ്ലോകം 353 : ഭക്ത്യാ കൈക്കൊണ്ടു ചിത്തേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഭക്ത്യാ കൈക്കൊണ്ടു ചിത്തേ ഭഗവതി, ഭവതീം കാമരാജാങ്കശയ്യാ-
മദ്ധ്യാസീനാം, പ്രസന്നാം, പ്രശിഥിലകബരീസൌരഭാപൂരിതാംഗാം,
മെത്തും മാധ്വീമദാന്ധാം, ശ്രവണപരിലസത്‌സ്വര്‍ണ്ണതാടങ്കചക്രാ,
മുദ്യദ്ബാലാര്‍ക്കശോണാ, മുരസി നിഹിതമാണിക്യവീണാ, മുപാസേ.

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 352 : ജവാലവിജ്ഞാനഗദത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ജവാലവിജ്ഞാനഗദത്തെ നീളവേ
നിവാരണംചേയ്വതിനുറ്റൊരൌഷധം
ഭവാദൃശാഭ്യാഗമമല്‍പപുണ്യരാ-
ലവാപ്യമാമോ? ഭുവനാഭിപൂജിതേ.

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : വംശസ്ഥം

Wednesday, April 20, 2005

ശ്ലോകം 351 : ഡംഭോടിത്ഥം ഭയം വിട്ട്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഡംഭോടിത്ഥം ഭയം വിട്ടിടിയടിപെടുമാമ്മാറു സംഭാഷണം ചെയ്‌-
തംഭോധിപ്രൌഢി തേടും ഭടരൊടുമുടനേ നീചനാം മേചകന്‍ താന്‍
ജംഭപ്രദ്വേഷി വാഴും പുരമതില്‍ വിലസും ഗോപുരദ്വാരി പുക്കാ-
സ്തംഭത്തേലിട്ടടിച്ചൊന്നലറി ഹരിയൊടായാഹവായാഹ വാചം.

കവി : വെണ്മണി മഹന്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 350 : പോട്ടിന്നായതു പിന്നെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പോട്ടിന്നായതു പിന്നെയും പ്രിയ സഖേ പിറ്റേദ്ദിനം രാത്രിയില്‍
പേട്ടയ്ക്കായുമടുത്തനാളവിടവും വിട്ടും പുറപ്പെട്ടു ഞാന്‍
ഡാക്ടര്‍ ശ്രീയുതനാകുമപ്പുരുഷരത്നത്തോടുമിദ്ദിക്കില്‍ വ-
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയക്കാര്‍ഡും ഭവാനിട്ടു ഞാന്‍.

കവി : കുമാരനാശാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

(മൂലൂരിനയച്ച കത്ത്‌)

ശ്ലോകം 349 : യദാലോകേ സൂക്ഷ്മം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

യദാലോകേ സൂക്ഷ്മം, വ്രജതി സഹസാ തദ്വിപുലതാം;
യദര്‍ദ്ധേ വിച്ഛിന്നം, ഭവതി കൃതസന്ധാനമിവ തത്‌;
പ്രകൃത്യാ യദ്വക്രം, തദപി സമരേഖം നയനയോര്‍;-
ന മേ ദൂരേ കിഞ്ചിത്‌ ക്ഷണമപി, ന പാര്‍ശ്വേ രഥജവാത്‌.

കവി : കാളിദാസന്‍
കൃതി : അഭിജ്ഞാനശാകുന്തളം
വൃത്തം : ശിഖരിണി

ശ്ലോകം 348 : യദജ്ഞാനാദ്വിശ്വം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

യദജ്ഞാനാദ്വിശ്വം ഭവതി ഫണിവദ്രജ്ജുശകലേ
നിലീനം യജ്‌ ജ്ഞാനാജ്‌ഝടിതി സനിദാനം ത്രിഭുവനം
യദുച്ചൈരാംനായൈര്‍വിശദമവഗമ്യം മുനിജനൈ-
സ്തദേതദ്ബ്രഹ്മാഹം സഹജപരമാനന്ദമധുരം.

കവി : ഗോവിന്ദാമൃതയതി
കൃതി : നാടകാഭരണം വ്യാഖ്യാനം (കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയം നാടകത്തിന്റെ വ്യാഖ്യാനം)
വൃത്തം : ശിഖരിണി

ശ്ലോകം 347 : യുക്തിയുള്ള വചനങ്ങള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

യുക്തിയുള്ള വചനങ്ങള്‍ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം
വൃത്തം : രഥോദ്ധത

ശ്ലോകം 346 : യാദവര്‍ക്കു പല...

ചൊല്ലിയതു്‌ : ബാലേന്ദു

യാദവര്‍ക്കു പല കക്ഷിയുള്ളതില്‍
ഭേദമെന്തു നിജലാഭമോര്‍ക്കുകില്‍
യോഗ്യമായ പരിപാടിയൊന്നുമാ-
യാദ്യമാരുവരുമങ്ങു ചേരണം.

കവി : ബാലേന്ദു
വൃത്തം : രഥോദ്ധത

ശ്ലോകം 345 : യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ, വഹതി വിധിഹുതം യാ ഹവിര്‍, യാ ച ഹോത്രീ,
യേ ദ്വേ കാലം വിധത്തഃ, ശ്രുതിവിഷയഗുണാ യാ സ്ഥിതാ വ്യാപ്യവിശ്വം,
യാമാഹുഃ സര്‍വ്വഭൂതപ്രകൃതിരിതി, യയാ പ്രാണിനഃ പ്രാണവന്തഃ
പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭിരഷ്ടാഭിരീശഃ

കവി : കാളിദാസന്‍
കൃതി : ശാകുന്തളം (നാന്ദി)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 344 : യസ്യാസ്തുമധ്യേധികം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

യസ്യാസ്തുമധ്യേധികമുന്നതാഗ്രോ
ജാഗര്‍ത്തി ഘണ്ടാഞ്ചിതസൌധ ഏകഃ
യേന സ്വനാദൈര്‍ദ്ദിവിഷജ്ജനോപി
വിജ്ഞപ്യതേ കാലകലാവിഭാഗാന്‍

കവി : എം. കുഞ്ഞന്‍ വാര്യര്‍
കൃതി : ശ്രീരാമവര്‍മ വിജയം

ശ്ലോകം 343 : യാ കുന്ദേന്ദുതുഷാര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍ദ്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 342 : യദ്വക്ത്രം ചന്ദ്രഭം യോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

യദ്വക്ത്രം ചന്ദ്രഭം യോ ധൃതമകരമണീകുണ്ടലോയോതിഗോമാം
ശാര്‍ങ്ഗം ചാപം ദധദ്യോ മിളദളിവനമാലോജഹര്യാശ്രിതോ യഃ
യോ ദേവോംഗശ്രിയാപ്തോ ഝഷദൃഗളിതുലാം രാധികോരോജകുംഭാ-
ശ്ലേഷീ യസ്സ്യാന്മുദേ വോ ബുധശരനപദസ്സോഖിലക്ഷേമരാശിഃ

കവി : കുട്ടമത്തു്‌ ചെറിയ രാമക്കുറുപ്പു്‌
കൃതി : ഗോവിന്ദശതകം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 341 : യാവത്തോയധരാധരാ...

ചൊല്ലിയതു്‌ : ബാലേന്ദു

യാവത്തോയധരാധരാധരധരാ ധാരാധരാ ശ്രീധരാ
യാവച്ചാരുതചാരുചാരുചമരം ചാമീകരം ചാമരം
യാവദ്‌ ഭോഗവിഭോഗഭോഗവിമുഖൈര്‍ ഭോഗീകവത്സത്യയം
യാവദ്രാവണരാമരാവണവധം രാമായണം സൂയതേ.

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Tuesday, April 19, 2005

ശ്ലോകം 340: വാനവപ്പുഴ കളിന്ദകന്യക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വാനവപ്പുഴ കളിന്ദകന്യകയൊടെന്നപോലമലവേഷമാം
മാനവേന്ദ്രനുടെ സൈന്യമാശ്ശബരസേനതന്നൊടിടചേരവേ
യാനഖിന്നതുരഗത്തില്‍നിന്നവനിറങ്ങി, യിഷ്ടജനയുക്തനായ്‌-
ത്താനണഞ്ഞഥ രഥാവരൂഢപിതൃപാദസീമനി വണങ്ങിനാന്‍.

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 339: വൃക്ഷോദഞ്ചിതപാണിയായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു

വൃക്ഷോദഞ്ചിതപാണിയായ്‌ മുദിതയായ്‌ നില്‍പൂ വനശ്രീ തെളി-
ഞ്ഞിക്ഷോണിക്കു മുകില്‍ക്കുടത്തെളിജലം താഴത്തിറക്കിത്തരാന്‍
വിക്ഷോഭം ലവമേശിടാതടിമുറിക്കാനെത്തുവോര്‍ക്കും ഭൃശം
വക്ഷോജാദ്രിപയസ്സിനാല്‍ കുളിരണച്ചീടുന്നിതദ്ദേവിയാള്‍.

കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 338: മന്ദാരത്തളിര്‍ പോലെ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

മന്ദാരത്തളിര്‍ പോലെ, മന്മഥ ശരം പോലേ, വസന്തത്തിലെ-
പ്പൊന്‍താരക്കുട ചൂടുമിന്ദുകലയെപ്പോലേ മനോജ്ഞാംഗിയായ്‌
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍ മന്ദസ്മിതത്തോണിയില്‍
വന്നാളിന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക

കവി : വയലാര്‍ രാമവര്‍മ്മ
കൃതി : "ശകുന്തള" എന്ന ചലച്ചിത്രത്തിലെ ശ്ലോകം.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 337: ബാലേന്ദുസ്മിതഭംഗിചേരുമധരം...

ചൊല്ലിയതു്‌ : ബാലേന്ദു

ബാലേന്ദുസ്മിതഭംഗിചേരുമധരം ത്രൈലോക്യരക്ഷാകരം
ഫാലേന്ദുസ്ഫുടമൂര്‍ദ്ധ്വപുണ്ഡ്രലസിതം നീലാരവിന്ദം മുഖം
മാലേന്തുന്ന മനസ്സുകള്‍ക്കു കുളിരപ്രാലേയമന്ദാനിലന്‍
പോലേന്തും പദമാശ്രയിക്ക ധരണീപാലം മുദാമാധവം.

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, April 18, 2005

ശ്ലോകം 336 : കാലകാലമഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കാലകാലമഥ ഫാലലാലസദരാളബാലശശിജാലകം
കാലകൂടഗരകാളശോഭിഗളനാളലോലഫണിജാലകം
ബാലയാ ലളിതമാലയാ മിളിതമേത്യ ശൈലകുലകന്യയാ
പാലകം ധൃതകപാലകം ത്രിദശപാലകഃ സ്തുതിഗിരാലപല്‍

കവി : ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍
കൃതി : ജലന്ധരാസുരവധം ആട്ടക്കഥ
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 335 : ഈരണ്ടുപൂവുകൃഷിചെയ്തിടവും...

ചൊല്ലിയതു്‌ : ബാലേന്ദു

ഈരണ്ടുപൂവുകൃഷിചെയ്തിടവും പറമ്പും
പാരം തഴച്ചുവളരുന്നതു ജാതി, കൊക്കോ;
കേരം കഴിഞ്ഞു, പകരം റബറായി മുഖ്യം
പേരിങ്ങു ഹാ! "റബറളം" മതിയിന്നി മേലില്‍.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 334 : പുരം ഭ്രാമം ഭ്രാമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പുരം ഭ്രാമം ഭ്രാമം മലയശിഖരിണ്യേഷ പവനഃ
പുനഃ സ്പര്‍ശം സ്പര്‍ശം വനജവനമാത്താന്‍ പരിമളാന്‍
ഇദാനീം തന്വീനാമുപഹരതി സംസ്വിന്നവപുഷാം
പ്രതിദ്രവ്യം ലിപ്സുര്‍മ്മുഖപരിമളാഖ്യം ദൃഢമിവ.


കവി : മുതുകുറിശ്ശി ഭാസ്കരന്‍ നമ്പൂതിരി
കൃതി : ശൃംഗാരലീലാതിലകം
വൃത്തം : ശിഖരിണി

ശ്ലോകം 333 : മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി...

ചൊല്ലിയതു്‌ : ബാലേന്ദു

മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി മിഥിലസുതാ രാമനെക്കേട്ടു മാര-
ത്തീയില്‍ച്ചാടിച്ചിരം വെന്തഴലൊടുമൊരുനാളുച്ചയായോരു നേരം
പയ്യെപ്പയ്യെപ്പതുങ്ങീ രഘുവരഭവനം തേടിയൊടീയിടത്തേ-
ക്കയ്യില്‍ ത്രൈയംബകം മറ്റതിലൊരുമഴുവും കൊണ്ടയോദ്ധ്യയ്ക്കുനേരേ.

കവി : രാമക്കുറുപ്പു മുന്‍ഷി
കൃതി : ചക്കീചങ്കരം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 332 : താതാതാതതയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

താതാതാതതയാ തനോഷി വിരഹേ വാരാംഗനാനാം ശതം
സാസാസാസസരാസമാനരസമപ്യേതദ്‌ ദൃശോസ്ത്വന്മുഖം
മീമീമീമിമിയാമിനീശനിടിലപ്രോദ്യച്ഛിഖാബന്ധനം
മാമാമാമമ! നിമ്നകാനനഭുവാം മാമാശു സഞ്ജീവയ

കവി : കിളിമാനൂര്‍ രാജരാജവര്‍മകോയിത്തമ്പുരാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

(തിരുവല്ല കുഴിക്കാട്ട്‌ അഞ്ചാം മുറ ഭട്ടതിരിയ്ക്കയച്ചതു്‌. "നിമ്നകാനന"= കുഴിക്കാട്ട്‌)

ശ്ലോകം 331 : ഞെരിയുമാറകമക്ഷിനിറഞ്ഞു...

ചൊല്ലിയതു്‌ : ബാലേന്ദു

ഞെരിയുമാറകമക്ഷിനിറഞ്ഞു ഹാ!
കരയുവാന്‍ ചെറുപൈതല്‍ വിതുമ്പവേ
ത്വരിതമമ്മ മുകര്‍ന്നു തദാനനം
സുരുചിരം ചിരിയായിനിരന്തരം

കവി : കെ.വി.പി
വൃത്തം : ദ്രുതവിളംബിതം

Friday, April 15, 2005

ശ്ലോകം 330 : ഹ്രീങ്കാരക്ഷീരവാരാന്നിധി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഹ്രീങ്കാരക്ഷീരവാരാന്നിധിപരമസുധേ, പാണിചഞ്ചല്‍കൃപാണീ-
ഭാങ്കാരത്രാസിതാഖണ്ഡലവിമതകലേ, വിശ്വവല്ലിക്കു വേരേ!
ഞാന്‍ കാലില്‍ കൂപ്പിടുന്നേന്‍, യതിഹൃദയമിളിന്ദാളി മേളിക്കുമോമല്‍-
പ്പൂങ്കാവേ നിന്റെപേരില്‍ബ്‌ഭഗവതി, ലളിതേ, ഭക്തി സിദ്‌ധിക്കണം മേ!

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം (ഭക്ത്യാശംസ)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 329 : ഭസിത ഭുജഗഭൂഷം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഭസിത ഭുജഗഭൂഷം ഭക്തദത്താഭിലാഷം
ശമിത സകലദോഷം ശാന്തമിഷ്ടപ്രദോഷം
ഹൃദയ തിമിരമോഷം ഹൃദ്യവാമാങ്കയോഷം
നടനകലിതഘോഷം നൌമി തേജോവിശേഷം

കവി : കടത്തനാട്ടു വാസുനമ്പി
വൃത്തം : മാലിനി

Thursday, April 14, 2005

ശ്ലോകം 328 : ഹാ! വാഴേണ്ടിയിരുന്നയേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഹാ! വാഴേണ്ടിയിരുന്നയേ വിദിതവൃത്താന്തന്‍ ഭവത്താതനി-
ന്നാ വിദ്യാപ്രണയിക്കെഴും രസവുമാര്‍ക്കെത്തും കൃതാര്‍ത്ഥത്വവും
ഭൂവില്‍ ധീഗതിപോലെയോ പിണയുമാശാതന്തുവെപ്പോലെയോ
ജീവന്‍ നീളുവതില്ല മര്‍ത്ത്യനയി, കഷ്ടം! പോട്ടെ ദൈവേഷ്ടമാം.

കവി : കുമാരനാശാന്‍
കൃതി : വനമാല
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 327 : ഏകഭാവനയൊടേതിനത്തിലും...

ചൊല്ലിയതു്‌ : ബാലേന്ദു

ഏകഭാവനയൊടേതിനത്തിലും
ലോകശില്‍പി നിജശില്‍പകൌശലം
ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
കാകമാനമഴകാര്‍ന്ന കോഴിയെ.

കവി : വള്ളത്തോള്‍
വൃത്തം : രഥോദ്ധത

ശ്ലോകം 326 : പിച്ചക്കാരന്‍ ഗമിച്ചാന്‍....

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

"പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?" - "ബലിമഖം തന്നില്‍"; "എങ്ങിന്നു നൃത്തം?" -
"മെച്ചത്തോടാച്ചിമാര്‍ വീടതില്‍"; "എവിടെ മൃഗം?" - "പന്നി പാഞ്ഞെങ്ങു പോയോ?";
"എന്തേ കണ്ടില്ല മൂരിക്കിഴടിനെ?" - " ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം"
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

കവി : എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

Wednesday, April 13, 2005

ശ്ലോകം 325 : ഗായം ഗായം തദനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഗായം ഗായം തദനു സ മുനിര്‍ന്നാമധേയാനി ശൌരേഃ
സ്മാരം സ്മാരം സജലജലദശ്യാമളം കോമളാങ്ങം
പായം പായം ഭവഭയഹരം തസ്യ ചിത്രം ചരിത്രം
ലാഭം ലാഭം പ്രമദമമിതം വിഷ്ടപേ സഞ്ചചാര.

കൃതി : നാരദമോഹനം
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 324 : മാരന്‍ പൂമെയ്‌ കരിക്കാം...

ചൊല്ലിയതു്‌ : ബാലേന്ദു

മാരന്‍ പൂമെയ്‌ കരിക്കാ, മരിയപുരമെരിക്കാ, മെരിക്കും ധരിക്കാം,
പാരീരെഴും ഭരിക്കാം, പരിചിനൊടുമുടിക്കാം, നടിക്കാം ചിതായാം,
ഗൌരിക്കംഗം പകുക്കാം, ഝടിതി കുടുകുടെക്കാളകൂടം കുടിക്കാ,-
മോരോന്നേ വിസ്മയം നിന്‍ തിരുവുരു തിരുവൈക്കത്തെഴും തിങ്കള്‍മൌലേ!

വൃത്തം : സ്രഗ്ദ്ധര

Tuesday, April 12, 2005

ശ്ലോകം 323 : പുറ്റിന്‍ മൌനത്തില്‍ വാചാലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പുറ്റിന്‍ മൌനത്തില്‍ വാചാലതയുടെ നിധി നീ തേടിയെത്തിപ്പിടിച്ചും,
നെറ്റിക്കണ്ണന്റെ ഢക്കാരവതടിനിയില്‍ നീരാടി നീന്തിത്തുടിച്ചും,
മുറ്റിപ്പീയൂഷമോലും മുരഹരമുരളീരന്ധ്രകല്‍പം കഴിച്ചും,
ചെറ്റിമ്പം ശാരദേ! നീ തരുമളവിളയില്‍ ജീവിതം ജീവിതവ്യം!

കവി : യൂസഫ്‌ അലി കേച്ചേരി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 322 : കുളവരമ്പില്‍ മുളച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌

കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
വളരെ നീണ്ടു വെളുത്തു തടിച്ചതും
പുളിയൊഴിച്ചു കറിക്കുവിശേഷമാം
ഇളയ 'താളു' മഹാരസികന്‍ സഖേ!

വൃത്തം : ദ്രുതവിളംബിതം

(രസികനായ ഒരു ഇളയതിനു ലഭിച്ച "ഇളയതാളുമഹാരസികന്‍ സഖേ" എന്ന സമസ്യ അദ്ദേഹം പൂരിപ്പിച്ചതു്‌)

ശ്ലോകം 321 : ക്വചില്‍ പദനമന്മഹി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ക്വചില്‍ പദനമന്മഹി, ക്വചന മന്ദപാദക്രമം
ക്വചിജ്ജയിജടാഭ്രമി, ക്വചന കമ്പമാനാളകം
ക്വചില്‍ സഫണിഫൂല്‍കൃതി, ക്വചന കങ്കണക്വാണവല്‍
കരോതു ശിവയോസ്സുഖം നടനകര്‍മ തത്താദൃശം

കവി : ദിവാകരകവി
കൃതി : ലക്ഷ്മീമാനവേദം നാടകം
വൃത്തം : പൃഥ്വി

ശ്ലോകം 320 : സതി വിദര്‍ഭജ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സതി വിദര്‍ഭജ രുക്മിണി നിങ്കലേ
മതിയുറച്ചുവസിച്ചു; സഹോദരന്‍
കരുതി തത്പതി ചേദിപനായിടാന്‍
കുമതി തന്‍ മതി തന്‍ ഖലസക്തിയാല്‍

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (78:3)
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 319 : കല്യാ കല്യാണദാനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കല്യാ കല്യാണദാനേ ജഗതി ഖലു രമാ യസ്യ കാന്താതികാന്താ
ലോകാലോകായ ഹേതൂ ബഹുലതരതമോമോചനേ ലോചനേ ച
സാരം സാരംഗചഞ്ചദ്ദരമപി ദരഹാസം ദധാനഃ പ്രധാനം
ഭൂയോ ഭൂയോപി ഭദ്രം വിതരതു സ കൃപാസദ്മ വഃ പദ്മനാഭഃ

കവി : കടത്തനാട്ട്‌ ശങ്കരവര്‍മത്തമ്പുരാന്‍
കൃതി : ദമയന്തീകല്യാണം നാടകം
വൃത്തം : സ്രഗ്ദ്ധര

(യമകം തുടരുന്നു...)

Monday, April 11, 2005

ശ്ലോകം 318 : ധ്വജപടം മദനസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ധ്വജപടം മദനസ്യ ധനുര്‍ഭൃത-
ശ്ചവികരം മുഖചൂര്‍ണ്ണമൃതുശ്രിയഃ
കുസുമകേസരരേണുമളിവ്രജാഃ
സപവനോപവനോത്ഥിതമന്വയുഃ

കവി : കാളിദാസന്‍
കൃതി : രഘുവംശം (9:45)

(യമകം തുടരുന്നു...)

ശ്ലോകം 317 : പണിക്കുവന്നും...

ചൊല്ലിയതു്‌ : ബാലേന്ദു

പണിക്കുവന്നും വിപണിക്കുവന്നും
ഹരിച്ചിടുന്നു വിഹരിച്ചിടുന്നു
ധരാസുരന്‍ കണ്ണധരാസുരന്‍ കാണ്‍
തവാലയത്തില്‍ കിതവാലയത്തില്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

(യമകം തുടരുന്നു...)

Saturday, April 09, 2005

ശ്ലോകം 316 : ദയിതനായിത നാളുകള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ദയിതനായിത നാളുകളെന്നുമെ-
ന്നകമിതാ കമിതാവിനെയോര്‍ക്കവേ
പെരിയ മാരിയമര്‍ത്തിയ മാറെഴും
ഘനസമാനസമാധിയിലാണ്ടുപോയ്‌

കവി : രാജേഷ്‌ വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

(യമകം തുടരുന്നു...)

Friday, April 08, 2005

ശ്ലോകം 315 : പിതുരനന്തരമുത്തരകോസലാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പിതുരനന്തരമുത്തരകോസലാന്‍
സമധിഗമ്യ സമാധിജിതേന്ദ്രിയഃ
ദശരഥഃ പ്രശശാസ മഹാരഥോ
യമവതാമവതാം ച ധുരി സ്ഥിതഃ

കവി : കാളിദാസന്‍
കൃതി : രഘുവംശം (9:1)

(യമകം തുടരുന്നു...)

ശ്ലോകം 314 : ഇളകാത്ത ഹൃത്തൊടിള കാത്തവന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു

ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ വന്‍
കളവാണിതെന്ന കളവാണി കേള്‍ക്കവേ
പരമാര്‍ത്ഥമോര്‍ത്തു പരമാര്‍ത്തചിത്തനാ-
യരി കത്തുമുള്ളൊടരികത്തു നിന്നുപോയ്‌.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
വൃത്തം : മഞ്ജുഭാഷിണി

(യമകം തുടരുന്നു...)

ശ്ലോകം 313 : വിമലമാമലമാനിനി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വിമലമാമലമാനിനി, ബാലനാം
മമ ഹിതം മഹി തന്നില്‍ വിളങ്ങുവാന്‍
ഇനി ഭവാനി ഭവാഭിധസിന്ധു തന്‍
സുതരണം തരണം തവ നോക്കുകള്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
വൃത്തം : ദ്രുതവിളംബിതം

(യമകം തുടരുന്നു...)

ശ്ലോകം 312 : പാതിരാത്രി, പതിതന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

പാതിരാത്രി, പതിതന്‍ തലയ്ക്കുമേല്‍
പാതിരാത്രിപതി, തന്‍ തലയ്ക്കുമേല്‍
വാണിതന്‍പതി വരച്ചുവച്ചപോല്‍
വാണിതാ പഥി വരച്ചു വച്ചപോല്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
വൃത്തം : രഥോദ്ധത

(യമകം തുടരുന്നു...)

ശ്ലോകം 311 : തിരിയാതിരിയാതിരിയായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തിരിയാതിരിയാതിരിയായ്‌
തിരിയാദരിയാതെയെരിയുമെരിയായി
പിരിയാപിരിയാപിരിയായ്‌
പിരിയാതരുളുന്ന പിടിയെ വന്ദിക്കം

കവി : കുമാരനാശാന്‍
കൃതി : പരമപഞ്ചകം
വൃത്തം : ഗീതി

(യമകം തുടരുന്നു...)

ശ്ലോകം 310 : ശരണത്തിനീദൃശ...

ചൊല്ലിയതു്‌ : ബാലേന്ദു

ശരണത്തിനീദൃശ രണത്തിലുത്തമാ-
ചരണത്തിനെത്തി ചരണത്തിലിന്നു ഞാന്‍
തിരയേറ്റുലഞ്ഞു തിരയേ ഭവാംബുധൌ
തരണം നമുക്കു തരണം ഭവപ്രിയേ

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
വൃത്തം : മഞ്ജുഭാഷിണി

(യമകം തുടരുന്നു...)

Thursday, April 07, 2005

ശ്ലോകം 309 : അശ്വത്ഥത്തിന്നിലയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ

കവി : ശങ്കുണ്ണിക്കുട്ടന്‍
വൃത്തം : സ്രഗ്ദ്ധര

(യമകം തുടരുന്നു...)

ശ്ലോകം 308 : ഭക്തര്‍ക്കിഷ്ടം കൊടുക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.

കവി : ശീവൊള്ളി
വൃത്തം : സ്രഗ്ദ്ധര

(യമകം തുടരുന്നു...)

ശ്ലോകം 307 : നിത്യം നശ്ചിത്തപദ്മേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നിത്യം നശ്ചിത്തപദ്മേ പരിലസിതു കപാലീ കപാലീകപാലീ-
മാലാധാരീ സമസ്തപ്രമദജനകലാപഃ കലാപഃ കലാപഃ
ഭൂത്വാ നിര്‍ഭാതി യസ്യാധികമസുസമരീണാമരീണാമരീണാ-
മുല്‍പേഷ്ടാ യശ്ച ദൂരീകൃതകമലമഹസ്തോമഹസ്തോമഹസ്തഃ

കവി : കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയ തമ്പുരാന്‍
കൃതി : രസസദനം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 306 : നന്ദന്നോ കര്‍ണ്ണപുണ്യം...

ചൊല്ലിയതു്‌ : ബാലേന്ദു

നന്ദന്നോ കര്‍ണ്ണപുണ്യം, സഖനു ഗുരുമുഖം, രാധികാഹര്‍ഷധാമം,
വൃന്ദാരണ്യപ്രജാനാം കളകളമമൃതം പെയ്ത സംഗീതമേഘം,
നിന്ദ്യന്‍ കംസന്നു കാലപ്രവചന, മതുപോല്‍ പൂതനാമോക്ഷവാടം,
ഭ്രാന്ത്യാ ബ്രഹ്മാണ്ഡമമ്മയ്‌, ക്കിദമിഹ ഹരിതന്‍ വക്ത്രമുദ്ഭാസതാം മേ

കവി : ബാലേന്ദു
കൃതി : പൂതനാമോക്ഷം
വൃത്തം : സ്രഗ്ദ്ധര

Wednesday, April 06, 2005

ശ്ലോകം 305 : ഫാലം ചാരു ലലന്തികാവിലസിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഫാലം ചാരു ലലന്തികാവിലസിതം ബാലേന്ദുമൌലിസ്ഥലം
ലോലംബാളകചുംബികുങ്കുമലസത്കസ്തൂരികാസുന്ദരം
നീലത്താമരലോചനം നിഖിലനിര്‍മ്മാണത്തില്‍ നിഷ്ണാതമാം
ഭ്രൂലാസ്യങ്ങളുമംബ! കാണണമെനിക്കാനന്ദസന്ദായകം.

കവി : കുട്ടമത്തു്‌
കൃതി : മൂകാംബികാകടാക്ഷമാല
(മരണശയ്യയില്‍ക്കിടന്നെഴുതിയ അവസാനകൃതി)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 304 : പിനാകം രഥാംഗം...

ചൊല്ലിയതു്‌ : വിശ്വപ്രഭ

പിനാകം രഥാംഗം വരം ചാഭയം ച
പ്രഫുല്ലാംബുജാകാര ഹസ്തൈര്‍ദ്ദധാനം
ഫണീന്ദ്രാതപത്രം ശുചീനേന്ദുനേത്രം
നമസ്കുര്‍മഹേ ശൈലവാസം നൃസിംഹം!

കൃതി : ദശാവതാരസ്തോത്രങ്ങള്‍ - നരസിംഹം
വൃത്തം : ഭുജംഗപ്രയാതം

ശ്ലോകം 303 : കോലേന്തിവന്നൊരിടയന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കോലേന്തിവന്നൊരിടയന്‍ പരിരക്ഷയേകും
പോലല്ല ദൈവമരുളുന്നു നരന്നു ശര്‍മ്മം;
പാലിപ്പതിന്നു കനിയുമ്പൊളവന്നു താനേ
ചേലൊത്ത ബുദ്ധിയകമേ തെളിയിച്ചിടുന്നു.

കവി : ബാലേന്ദു.
വൃത്തം : വസന്തതിലകം
(ഭാഗവതത്തിലെ ഒരു ശ്ലോകത്തിന്റെ തര്‍ജ്ജമ)

ശ്ലോകം 302 : കഷ്ടമിക്കലിയില്‍ക്കിടന്ന്...

ചൊല്ലിയതു്‌ : വിശ്വപ്രഭ

കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ്‌ സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ, ഗുഹ പാഹിമാം.

കവി : ശ്രീനാരായണഗുരു
കൃതി : ഷണ്മുഖസ്തോത്രം
വൃത്തം : മല്ലിക

ശ്ലോകം 301 : ശൈത്യം, കാകോളദൌഷ്ട്യം...

ചൊല്ലിയതു്‌ : ബാലേന്ദു

ശൈത്യം, കാകോളദൌഷ്ട്യം, വ്രജകുലപരിഷയ്ക്കാര്‍ത്തികള്‍ തീര്‍ത്തു, വന്‍വൈ-
രൂപ്യം കൂനിക്കു തീര്‍ത്തൂ; വെറുമൊരുനൊടിയില്‍ സ്നേഹിതന്നാര്‍ത്തി തീര്‍ത്തു;
ക്ലൈബ്യം പാര്‍ത്ഥന്നു തീര്‍ത്തൂ; കവിയുടെ വലുതാം വാതരോഗാര്‍ത്തി തീര്‍ത്തൂ;
വൈദ്യം താനേ മറന്നോ കഴലിലൊരു കണത്തുമ്പുകൊണ്ടോരുനേരം?

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 300 : വീണക്കമ്പി മുറുക്കിടുന്നു...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

വീണക്കമ്പി മുറുക്കിടുന്നു മൃദുകൈത്താരാലൊരാരോമലാള്‍,
ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്‌,
ശോണശ്രീചഷകത്തില്‍ നന്മധുനിറയ്ക്കുന്നൂ ശരിക്കന്യയാ-
മേണപ്പെണ്മിഴി, സര്‍വതോ മധുരമീ മണ്ഡോദരീ മന്ദിരം

കവി : വള്ളത്തോള്‍
കൃതി : ഔഷധാഹരണം ആട്ടക്കഥ ആട്ടപ്രകാരം
സന്ദര്‍ഭം : രാവണന്റെ അന്തഃപുര ഗമനം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 299 : പട്ടിന്‍ കുപ്പായമൊന്നങ്ങ്‌...

ചൊല്ലിയതു്‌ : ബാലേന്ദു

പട്ടിന്‍ കുപ്പായമൊന്നങ്ങഴകൊടു പണിയുന്നമ്മ മോനൊടു ചൊല്ലീ
"കുട്ടാ നീ കേള്‍ക്കു ചൊല്ലാം വെറുമൊരു പുഴുവിപ്പട്ടു നമ്മള്‍ക്കു തന്നൂ";
വീട്ടില്‍ക്കാണുന്ന നിത്യക്കശപിശയഖിലം പുത്രനോര്‍ത്തിട്ടു ചൊല്ലീ,
"സത്യം തന്നാണു മമ്മീ പറയുവതറിയാം, ഡാഡിതന്‍ കാര്യമല്ലേ?"

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 298 : പച്ചക്കള്ളം വിതറ്റി...

ചൊല്ലിയതു്‌ : വിശ്വപ്രഭ

പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരുവടിയുമെടുത്തോടിമൂടറ്റിടും മുന്‍-
പച്ചപ്പൊന്മൈലിലേറിപ്പരിചിനൊടെഴുനള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതിതരണേ മറ്റെനിക്കാരുമില്ലേ!

കൃതി : സുബ്രഹ്മണ്യസ്തുതി
കവി : ശ്രീനാരായണഗുരു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 297 : ധീമച്ചിത്താബ്ജവാടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ധീമച്ചിത്താബ്ജവാടീവിഹരണവരടീഭാവഭാഗംബരാടീ
കോടീകോടീരകോടീമണിഘൃണിപരിദീപ്താംഘ്രിരാമ്‌നായവാടീ

പാടീരപ്രൌഢഗന്ധിജ്വലിതകുചതടീലംബിതാനര്‍ഘശാടീ
കൂടീഭൂതാ ശ്രിയാം മേ ധൃതവിധുമകുടീ ഭാതു ധാതുര്‍വധൂടീ.

കവി : കുട്ടമത്തു ചെറിയ രാമക്കുറുപ്പ്‌
കൃതി : ദേവീസ്തോത്രം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 296 : ചന്ദ്രാഗൃഹേ കിമുത...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ
ധൂര്‍ത്തോ വിളംബത ഇതി പ്രമദാഭിരുച്ചൈ-
രാശങ്കിതോ നിശി മരുത്പുരനാഥ, പായാഃ

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം
വൃത്തം : വസന്തതിലകം

ശ്ലോകം 295 : ആറ്റുവഞ്ചികളിലാര്‍ത്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആറ്റുവഞ്ചികളിലാര്‍ത്തു പൈങ്കിളികള്‍ വാഴ്കയാലലര്‍ കൊഴിഞ്ഞുവീ-
ണേറ്റവും പുതുമണം പുലര്‍ന്ന തെളിവാര്‍ന്ന നല്ല കുളിര്‍നീരൊടും
ചെറ്റു കായകള്‍ പഴുത്തിരുണ്ട നിറമാര്‍ന്ന ഞാവലുകള്‍ തന്മുടി-
ക്കേറ്റു ചോലകളിരമ്പലോടവിടെയങ്ങുമിങ്ങുമൊഴുകുന്നിതാ.

കവി : പാലിയത്തു ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ / ഭവഭൂതി
കൃതി : മഹാവീരചരിതം തര്‍ജ്ജമ
വൃത്തം : കുസുമമഞ്ജരി

("ഇഹ സമദശകുന്താക്രാന്തവാനീരപുഷ്പ" എന്ന ശ്ലോകത്തിന്റെ "പച്ചമലയാള" തര്‍ജ്ജമ.)

ശ്ലോകം 294 : ദാരിദ്ര്യം കടുതായ്‌ ദഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ദാരിദ്ര്യം കടുതായ്‌ ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോര്‍ത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാനെന്നോര്‍ത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ? കൂറര്‍ദ്ധനാരീശ്വരാ!

കൃതി : അര്‍ദ്ധനാരീശ്വരസ്തവം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 293 : സ്മരാസ്ത്രംകൊണ്ടേറ്റം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സ്മരാസ്ത്രംകൊണ്ടേറ്റം പരവശത പൂണ്ടന്യവധുവിന്‍
ഭുജാകാണ്ഡം ഭോഗിപ്രവരസുഭഗം തന്‍ ഗളതലേ
ദൃഢം ചുറ്റീ; പോകാന്‍ തുടരുമസുവായുക്കളെയുടന്‍
പണിപ്പെട്ടും നിര്‍ത്തുന്നതിനു മുതിരുന്നെന്നതുവിധം.

കവി : എം.കുഞ്ഞന്‍ വാര്യര്‍ / മാനവേദരാജാ
കൃതി : കൃഷ്ണാട്ടം തര്‍ജ്ജമ
വൃത്തം : ശിഖരിണി

ശ്ലോകം 292 : ഖം വായുമഗ്നിം...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഖം വായുമഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീന്‍
സരിത്സമുദ്രാംശ്ച ഹരേഃ ശരീരം
യത്‌ കിഞ്ച ഭൂതം പ്രണമേദനന്യഃ

കൃതി : ശ്രീമഹാഭാഗവതം 11.2.41
വൃത്തം : ഉപജാതി (ഇന്ദ്രവജ്ര + ഉപേന്ദ്രവജ്ര)

ശ്ലോകം 291 : അനര്‍ഖമിച്ഛാമി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അനര്‍ഖമിച്ഛാമി ശുചിത്വമാത്മനാഃ
സദാ മനസ്സീദതി വാച്യകാതരം
ഖലോ ഹി ലോകോപ്യപവാദകൌതുകീ
കഥം നു ജീവാമ്യഥവാ കൃതം ഭിയാ.

കവി : കുമാരനാശാന്‍
വൃത്തം : വംശസ്ഥം
(ശ്രീനാരായണ ഗുരുവിനു സമര്‍പ്പിച്ചതു്‌)

ശ്ലോകം 290 : രാവില്‍ സ്വൈരമനിദ്രമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

രാവില്‍ സ്വൈരമനിദ്രമായ്‌, ത്വയി ലയിച്ചാനീലപത്രാഭമാം
ദ്യോവില്‍ പൊന്മഷി കൊണ്ടു തന്നെ പലതും കുത്തിക്കുറിക്കുന്നു താന്‍,
ആവില്ലെന്നഥ മായ്ച്ചിടുന്നു, കുതുകാല്‍ വീണ്ടും തുടങ്ങുന്നു - പേര്‍-
ത്തീ വിശ്വപ്രകൃതിക്കുമത്ര വശയായിട്ടില്ല ദുഷ്പ്രാപ നീ!

കവി : വള്ളത്തോള്‍
കൃതി : കവിത
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 289 : ലാവണ്യൈകനിധാനമായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ലാവണ്യൈകനിധാനമായ മഴവില്ലുണ്ടാക്കുവാന്‍ വാര്‍ഷിക-
ശ്രീയും സന്ധ്യ രചിയ്ക്കുവാന്‍ തപനനും ക്ലേശം സഹിപ്പീലയോ?
രാവാകും കവയിത്രിയെത്രസമയം കുത്തിക്കുറിച്ചാണുഷഃ-
കാവ്യം തീര്‍പ്പതു, ഭാവുകര്‍ക്കവ രസം നല്‍കീടിലെന്തത്ഭുതം!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Tuesday, April 05, 2005

ശ്ലോകം 288 : ചേലഞ്ചും നവപരിണീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചേലഞ്ചും നവപരിണീതമാര്‍ക്കുചേരും
വൈലക്ഷ്യപ്രണയഭയാദി മേളനത്താല്‍
ലീലപ്പൂമണിയറയില്‍പ്പരുങ്ങി നില്‍ക്കും
ബാലപ്പെണ്മണിയെ ഹഠേന പൂണ്മനോ ഞാന്‍!

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : പ്രഹര്‍ഷിണി

ശ്ലോകം 287 : പുറ്റൂടും പാവുമായിട്ടൊരു...

ചൊല്ലിയതു്‌ : ബാലേന്ദു

പുറ്റൂടും പാവുമായിട്ടൊരുകവിനിലയം രാമനെക്കേമനാക്കി
പെറ്റൂ മീന്‍കാരിയഞ്ചാമതുമൊരുമറപണ്ടായതോ കൃഷ്ണനേയും
ചെറ്റൂഴിക്കോര്‍മ്മ നില്‍ക്കുംപടി മുനിസുതതന്‍ വൃത്തമന്യന്‍ കഥിച്ചാന്‍
അറ്റൂ പിന്നെക്കവിത്വം; ച്യുതസുമകവിതാകാരനില്‍പ്പൂത്തുവീണ്ടും.

കവി : എസ്‌. രമേശന്‍ നായര്‍
വൃത്തം : സ്രഗ്ദ്ധര
(കുമാരനാശാനെക്കുറിച്ചു്‌)

ശ്ലോകം 286 : രണ്ടുകയ്യിലുമുരുണ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടു നീണ്ട കചഭാരവും
കണ്ഠദേശമതില്‍ വണ്ടണഞ്ഞ മലര്‍കൊണ്ടു തീര്‍ത്ത വനമാലയും
പൂണ്ടു, പായസവുമുണ്ടുകൊണ്ടഴകിലണ്ടര്‍കോന്‍നദിയിലാണ്ടെഴും
കൊണ്ടല്‍വര്‍ണ്ണ ജയ! മണ്ടിവന്നു കുടികൊണ്ടുകൊള്‍ക മനമേറി മേ.

വൃത്തം : കുസുമമഞ്ജരി

Monday, April 04, 2005

ശ്ലോകം 285 : ബാഷോച്ചരണസുദ്ദി...

ചൊല്ലിയതു്‌ : ബാലേന്ദു

"ബാഷോച്ചരണസുദ്ദിയില്ലപൊതുവേ" കേഴുന്നു ഭാഷാഗുരു
"ദോഷം കണ്ടു തിരുത്തുവേണ്ടതരുളാനുത്സാഹമില്ലാര്‍ക്കുമേ"
രോഷം പൂണ്ടു പറഞ്ഞിടുന്നു മഹിതന്‍ ഹെഡ്മാസ്റ്റര്‍ ഗംഭീരനായ്‌
"മാഷന്മാര്‍ക്കു കുറച്ചുകൂടിയതിലും നിര്‍ബ്ഭന്തമുണ്ടാവണം."

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 284 : വിജയസി യശസാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിജയസി യശസാ നരേന്ദ്ര, കാന്ത്യാ
മദനസി, കര്‍ണസി നിത്യദാനരീത്യാ,
ബലസി ഭുജബലേന, രാമവര്‍മ-
ക്ഷിതിവര! ധര്‍മബലേന ധര്‍മസി ത്വം.

കവി : മേടയില്‍ക്കൊട്ടാരത്തില്‍ പൂയം തിരുനാള്‍ രവിവര്‍മത്തമ്പുരാന്‍
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 283 : ഉത്സര്‍പദ്‌വലിഭംഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഉത്സര്‍പദ്‌വലിഭംഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര-
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്‍ബണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രദ്ധ്വാനനിര്‍ദ്ധാവിത-
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപു:

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം - 24:7
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 282 : കൊണ്ടാടിക്കാവ്യമോതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോവല്ലരീസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം രണ്ടു വണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്നന്മുഖപ്പെട്ടുരുനവരസമെന്നുള്ളിലീര്‍ഷ്യാസുബന്ധം-
കൊണ്ടാണല്ലീ! ചുവന്നൂ ജനനി! കൊതിയോടും ചെറ്റു നിന്‍ നെറ്റിനേത്രം

കവി : കുമാരനാശാന്‍
കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 281 : ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്‌, തന്‍ മന്ദിരത്താഴ്വര-
ത്തൂണാലൊട്ടു മറഞ്ഞുനിന്നു, നെടുതാം വീര്‍പ്പിട്ടുകൊണ്ടങ്ങനെ
"കാണാം താമസിയാതെ"യെന്നൊരുവിധം ബന്ധുക്കളോടോതിടും
പ്രാണാധീശനെ, യശ്രുപൂര്‍ണ്ണമിഴിയായ്‌ നോക്കുന്നു മൈക്കണ്ണിയാള്‍.

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക

Friday, April 01, 2005

ശ്ലോകം 280 : ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമ...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമവിധി നില നില്‍ക്കേണമാചന്ദ്രതാരം,
പ്രേമത്തോടും നൃപന്മാര്‍ പ്രജകളുടെ ഹിതം പോലെ രക്ഷിച്ചിടേണം,
ക്ഷാമം കൂടാതെ വേണ്ടും വിധമിഹ മഴയും പെയ്യണം, ലോകരെല്ലാ-
മാമോദം പൂണ്ടസൂയാകലഹരുചികള്‍ വിട്ടൊത്തു വാണീട വേണം

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 279 : ഘ്രാണിക്കാത്ത സുമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഘ്രാണിക്കാത്ത സുമം, നഖൈരദലിതം ബാലപ്രവാളം, തുളയ്‌-
ക്കാണിക്കോലണയാത്ത നന്മണി, നവം താര്‍ത്തേനനാസ്വാദിതം,
ക്ഷീണിക്കാത്ത തപഃഫലം തദനഘം രൂപം മഹാഭാഗ്യനാം
പ്രാണിക്കേവനു ദൈവമേകുമനുഭോഗ്യത്തി, ന്നറിഞ്ഞീല ഞാന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍
കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 278: കാണിയ്ക്കു കഷ്ടമെവനും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കാണിയ്ക്കു കഷ്ടമെവനും നിജസല്‍ഗുണൌഖം
കാണിക്കുവാന്‍ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാന്‍ മണമുയര്‍ത്തണമെങ്കിലോ സാ-
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി
കൃതി : ലക്ഷ്മീഭായി ശതകം
വൃത്തം : വസന്തതിലകം

ശ്ലോകം 277: അങ്കത്തട്ടിലിരുത്തിയമ്മയലിവാര്‍ന്ന്...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

അങ്കത്തട്ടിലിരുത്തിയമ്മയലിവാര്‍ന്നമ്മിഞ്ഞനല്‍കുമ്പൊഴാ-
ത്തങ്കക്കട്ടയിതാദ്യമായി മുള പൊട്ടൂം കൊച്ചരിപ്പല്ലിനാല്‍
കൊങ്കക്കണ്ണിലൊരല്‍പമാര്‍ന്ന കുസൃതിത്തത്താല്‍ക്കടിച്ചീടവേ
മങ്കത്തയ്യൊരുനോവിലൊന്നു പുളയുന്നേരം ചിരിച്ചാനവന്‍.

കവി: ടി.എം.വി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 276: ആരമ്യാംബരചുംബികള്‍ക്കിടയിലെ...

ചൊല്ലിയതു്‌ : ബാലേന്ദു

ആരമ്യാംബരചുംബികള്‍ക്കിടയിലെച്ചേരിക്കുപിന്നാമ്പുറ-
ത്തോരോ നാറി ദുഷിച്ചിടുന്ന നഗരോപാന്തപ്രദേശങ്ങളില്‍
ആരണ്ടര്‍വെയര്‍ മാത്രമിട്ടു റയില്‍വേപ്പാളത്തിലങ്ങിങ്ങു ന-
ല്ലോരം തേടിയലഞ്ഞിടുന്നു; പുലരിക്കാദ്യം തരും ദര്‍ശനം.

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 275: കേയസ്സാറു കടക്കുവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

കേയസ്സാറു കടക്കുവാന്‍ കഠിനമായ്‌ നീന്തിക്കുഴങ്ങുന്ന ഞാ-
നേയീയോ നില കൈവരും വിധമിതിന്നങ്ങേക്കരയ്ക്കെത്തുകില്‍.
ആയര്‍പ്പെണ്‍ തുണിമോഷണോത്സുക!, തുലാഭാരം നടത്താമിളം-
പ്രായക്കാരികള്‍ ടീച്ചര്‍മാരുടെയടിപ്പാവാടയാലന്നു ഞാന്‍!

കവി: ടി.എം.വി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 274: കൂഴച്ചക്ക കലത്തിലിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു

കൂഴച്ചക്ക കലത്തിലിട്ടു കറിയായ്‌ മാറ്റുന്ന സൂത്രങ്ങളു-
ണ്ടോമല്‍പൈങ്കിളിമാര്‍ക്കു നോവലെഴുതിത്തീര്‍ത്തുള്ള പൃഷ്ടങ്ങളും
കൂടെക്കൂളികള്‍ കോറിവെച്ച കരളില്‍ത്തട്ടാത്ത കാര്‍ട്ടൂണുമായ്‌
മാടപ്പീടികതന്റെ തട്ടുവഴിയായെത്തുന്നു "മ"പ്പുസ്തകം

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 273: കാണം വിറ്റോണമുണ്ണും പതിവു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

കാണം വിറ്റോണമുണ്ണും പതിവു പടി തുറന്നൂ വിദേശിയ്ക്കു,പിന്നീ-
ടാണത്തം രാജ്യവും വെച്ചടിയറവു പറഞ്ഞോണമുണ്ടൂ മഹാന്മാര്‍
കാണം തീര്‍ന്നൂ തിരിച്ചൂ ധ്വര, ദുര തറവാടോരിവെച്ചുണ്ടു നാമി-
ന്നോണം വിറ്റുണ്ടിടാം, പാടുക പശികെടുവാന്‍ 'ടൂറിസം വെല്‍വുതാക'!

കവി : പി.സി.മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 272: കേട്ടോളം നൈഷധത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കേട്ടോളം നൈഷധത്തില്‍ക്കലിയുടെ വരവൊന്നുണ്ടു രണ്ടാം ദിനത്തില്‍
വിട്ടീടും മൂന്നിലെന്നാണിതുവരെയെതിരായ്ക്കണ്ടതില്ലെന്നുമെങ്ങും
കേട്ടേന്‍ നൂറ്റാണ്ടൊടുക്കം കവിയുടെ കരയില്‍ത്തന്നെ നാലാം ദിനത്തില്‍
ചട്ടം തെറ്റിച്ചുകേറീ കലി നള(ട)നകമേ പെപ്സിതന്‍ കുപ്പിമാര്‍ഗ്ഗം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 271: തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസമിഴുകും ചാരുദോരന്തരാളേ
വണ്ടത്താന്മാര്‍ മുരണ്ടെത്തിന മണമിളകും വന്യമാലാഭിരാമം
കൊണ്ടാടിത്താപസന്മാരഹരനുതിരയും സച്ചിദാനന്ദരൂപം
കണ്ടാവൂ ഞാന്‍ കളായദ്യുതി കഴല്‍ പണിയുന്നോരു കാന്തിപ്രവാഹം

വൃത്തം : സ്രഗ്ദ്ധര