അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, May 31, 2005

ശ്ലോകം 457 : ചെന്നൂലാല്‍പ്പുത്രനേകന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ചെന്നൂലാല്‍പ്പുത്രനേകന്‍ പണിവതുഭുവനം, കേടുപൊക്കുന്നിതന്യന്‍-
വെണ്‍നൂലാ, ലന്യനയ്യോ പുനരതു കരിനൂലാലെ കത്തിച്ചിടുന്നൂ;
മുന്നൂലും വേണ്ടതേകിത്തനയരുടെ ശിശുക്രീഡകാണാനിവണ്ണം
നിന്നീടും നീ തുണച്ചീടടിയനയി ജഗജ്ജാലമൂലായമാനേ.

കവി : കെ. കെ. രാജാ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 456 : തെക്കിന്‍ കൈലാസശൈലാലയമുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തെക്കിന്‍ കൈലാസശൈലാലയമുടയ ജഗന്നാഥ! ബാലേന്ദുമൌലേ!
തെക്കിന്‍ നാഥാ! മുരാരേ! നടുവില്‍ വടിവെഴും ബാണതാര്‍ബാണബന്ധോ!
ചൊല്‍ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയുന്നെന്നെ മുന്നില്‍ക്കുറിക്കൊ-
ണ്ടുല്‍കം പാലിച്ചുകൊള്ളുന്നതു വിപദി ഭവാനോ, ഭവാനോ, ഭവാനോ?

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 455 : ലളിതമാം കരതാരുകള്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ലളിതമാം കരതാരുകള്‍, രാഗസ-
മ്മിളിതവീക്ഷണ, മുന്നതമാറിടം
തളിരുമേ തളരും തനു, പൂശര-
ക്കുളിരിതാരിവളപ്സരനാരിയോ?

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ദ്രുതവിളംബിതം

Monday, May 30, 2005

ശ്ലോകം 454 : ലളിതലളിതമാര്‍ന്നു...

ചൊല്ലിയതു്‌ : മധുരാജ്‌

ലളിതലളിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം

കവി : കുമാരനാശാന്‍
കൃതി : ലീല
വൃത്തം : അപരവക്ത്രം

Saturday, May 28, 2005

ശ്ലോകം 453 : ബാലേന്ദുശേഖരഹരി...

ചൊല്ലിയതു്‌ : ബാലേന്ദു

ബാലേന്ദുശേഖരഹരിപ്രണയപ്രസൂനം
നീലാരവിന്ദനയനം ശ്രിതപാരിജാതം
ലീലാഭികാമ്യകരുണാമയചാരുരൂപം
കാലേ സ്മരാമി ശബരീശ്വരമിഷ്ടദേവം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 452 : ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ, യങ്ങുമൊട്ടു
ചോദിച്ചതില്ല വധുബന്ധുജനാനുവാദം
ബോധിച്ച പോലിരുവര്‍ നിങ്ങള്‍ രഹസ്യമായി-
സ്സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)
വൃത്തം : വസന്തതിലകം

ശ്ലോകം 451 : രുദ്രാക്ഷവും രജതകാന്തി കലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു

രുദ്രാക്ഷവും രജതകാന്തികലര്‍ന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
ചിദ്രൂപ നിന്‍ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു ശയിക്കുമീ ഞാന്‍?

വൃത്തം : വസന്തതിലകം

Friday, May 27, 2005

ശ്ലോകം 450 : പീതാംബരം കരവിരാജിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

പീതാംബരം കരവിരാജിതശംഖചക്ര-
കൌമോദകീസരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമി

വൃത്തം : വസന്തതിലകം

ശ്ലോകം 449 : രണ്ടാളുകേട്ടു രസമാര്‍ന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു

രണ്ടാളുകേട്ടു രസമാര്‍ന്നതു മുക്തകണ്ഠം
കൊണ്ടാടണം കൃതി രസോജ്ജ്വലമായിടേണം
പണ്ടങ്ങളാകൃതി ഗുണത്തിനു ചേര്‍ന്നിണങ്ങി
ക്കൊണ്ടാകിലീ കവനകൌതുകമാമതെല്ലാം.

വൃത്തം : വസന്തതിലകം

ശ്ലോകം 448 : ശ്രീ കാളുമിപ്പല നിറം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കില്‍
ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കില്‍
രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കില്‍
ആകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.

കവി : മാപ്രാണം നാരയണപ്പിഷാരടി
കൃതി : ഉദയാദുദയാന്തം
വൃത്തം : വസന്തതിലകം

ശ്ലോകം 447 : ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം, നീലനീരന്ധ്രമേഘ-
ശ്രീ കക്കും വേണി നല്‍സ്രഗ്ദ്ധര, പരിചിയലും ശ്രോണിയോ പൃഥ്വി തന്നെ,
ശ്രീകണ്ഠങ്കല്‍ പ്രഹര്‍ഷിണ്യയി ഭഗവതി, നിന്‍ ദൃഷ്ടി ഹാ ഹന്ത, ചിത്രം!
നൈകച്ഛന്ദോവിശേഷാകൃതിയിലമരുവോളാര്യയാണെങ്കിലും നീ!

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 446 : ശ്യാമാകാശമണിഞ്ഞിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു

ശ്യാമാകാശമണിഞ്ഞിടുന്നു രുചിരസ്സായാഹ്ന പീതാംബരം
സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം
ആത്മാന്ധത്വമകന്ന ഭക്തനിവഹം ഹേ കൃഷ്ണ! നിന്‍ വിഗ്രഹം
കാണ്മാനെത്തുകയായ്‌, നിരുദ്ധനിവനോ നില്‍പ്പാണകന്നേകനായ്‌!

കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 445 : മിന്നും പൊന്നിന്‍ കിരീടം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
സങ്കീര്‍ണ്ണശ്യാമവര്‍ണം ഹരി വപുരമലം പൂരയേന്മംഗളം വഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 444 : മലര്‍ശരജയവൈജയന്തി...

ചൊല്ലിയതു്‌ : ബാലേന്ദു

മലര്‍ശരജയവൈജയന്തി, മഞ്ഞി-
ന്മലയുടെ മംഗളമഞ്ജുളക്കുരുന്നേ
മലയജമഹനീയ മന്ദഹാസാ-
മലവദനേ ജയ, മാമറക്കഴമ്പേ.

വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 443 : ഗണിക്കുമായുസ്സു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കവി : ഉമേഷ്‌ നായര്‍ / എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : വംശസ്ഥം

ശ്ലോകം 442 : മതിമേല്‍ മൃഗതൃഷ്ണപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയെ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പ്പതിയും മട്ടരുള്‍ ചെയ്തു മാമുനി

കവി : കുമാരനാശാന്‍
കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 441 : വരമൊഴിയുടെ മേന്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

കവി : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 440 : ധാരാളമാണു മരണം...

ചൊല്ലിയതു്‌ : ബാലേന്ദു

ധാരാളമാണു മരണം രണഭൂവിലെല്ലാ-
പ്പോരാളിമാര്‍ക്കുമിതു കാംക്ഷിതമെന്നിരിക്കേ
വീരാഗ്ര്യ, പുത്രമൃതിയെക്കരുവാക്കിവെച്ചി-
ട്ടാരാല്‍ച്ചതിക്കുവതു പൌരുഷമാകുമെന്നോ?

വൃത്തം : വസന്തതിലകം

Thursday, May 26, 2005

ശ്ലോകം 439 : വാരാശി, തന്നൊടുവിലെശ്ശിശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
നേരായ്‌ പുലര്‍ത്തിടണമെന്നു കരാറു വാങ്ങി
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേല്‍
ധാരാധരങ്ങളിതില്‍ മാരി പൊഴിച്ചിടുന്നു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 438 : നിന്‍പത്തുതന്നെ നിരുപിക്കില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്‍പത്തുതന്നെ നിരുപിക്കിലെനിക്കു സര്‍വ്വ-
സമ്പത്തുമെന്നുകരുതിസ്സതതം ഭജിച്ചു
വെമ്പിത്തളര്‍ന്നുവരുമീയഗതിക്കു നിന്റെ-
യന്‍പെത്തിടായ്കിലിനിയാരൊരു ബന്ധുവുള്ളൂ?

കവി : കുമാരനാശാന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 437 : ക്രുദ്ധാമുവാച ഗിരിശോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം
മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം
നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
"ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ"

കവി : വൈക്കത്തു പാച്ചുമൂത്തതു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 436 : ആഴക്കുവറ്റടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ആഴക്കുവറ്റടിയിലുള്ളതു കിട്ടുവാനാ-
യേഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു
കോഴപ്പഴാധരിയെയൊന്നുപുണര്‍ന്നു പോരാന്‍
തോഴീജനത്തെ വെറുതേ തഴുകേണ്ടി വന്നു.

കവി : ഒറവങ്കര
വൃത്തം : വസന്തതിലകം

ശ്ലോകം 435 : കാമാരിയായ ഭഗവാനുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

കാമാരിയായ ഭഗവാനുടെ പാതി ദേഹം
രോമാളിയാകുമതിരിട്ടു പകുത്തെടുത്തു്‌
ആമോദമോടരുളുമദ്രികുമാരികേ! നിന്‍
പൂമേനി തന്‍ പുതുമയെന്തു പുകഴ്ത്തിടേണ്ടൂ?

കവി : വെണ്മണി അച്ഛന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 434 : തേടിത്തേടി നടന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 433 : അംഭോരാശികുടുംബിനീതിലകമേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അംഭോരാശികുടുംബിനീതിലകമേ! നല്‍ച്ചാലിയാറേ! തൊഴാം
അമ്പെന്നെപ്രതി കൈവരേണമതിനായ്‌ നിങ്കാലു സംപ്രാര്‍ത്ഥയേ
തേനോലും മൊഴി! തന്വി! സമ്പ്രതി മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീറ്റണം.

കൃതി : ചേലപ്പറമ്പു നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Wednesday, May 25, 2005

ശ്ലോകം 432 : കൊമ്പന്‍ പോയവഴിക്കു....

ചൊല്ലിയതു്‌ : ബാലേന്ദു

കൊമ്പന്‍ പോയവഴിക്കു മോഴതിരിയാ, മപ്പങ്ങള്‍ കട്ടുണ്ണുവോ-
രെമ്പ്രാനമ്പലവാസികള്‍ക്കുമുഴുവന്‍ കക്കാന്‍ തരം വച്ചിടും,
അമ്പത്തൊന്നു പിഴയ്പു ശിഷ്യനൊരുതെറ്റാശാന്‍ വരുത്തുമ്പൊഴേ,-
യ്ക്കമ്പോ! കൈപ്പിഴയാല്‍ ഗ്രഹപ്പിഴ, ഭരിക്കുന്നോര്‍ ധരിച്ചീടണം.

കവി : വി.എ.കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 431 : മേദസ്സറ്റു മെലിഞ്ഞു കുക്ഷി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവായ്‌ ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങള്‍ തന്‍ പ്രകൃതിയും കാണാം ഭയക്രോധയോഃ
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെയ്തേല്‍പ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ, മറ്റെന്തിലുള്ളീ രസം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Tuesday, May 24, 2005

ശ്ലോകം 430 : മുറ്റും സൌഖ്യമിയന്നൊരുരസം...

ചൊല്ലിയതു്‌ : ബാലേന്ദു

മുറ്റും സൌഖ്യമിയന്നിടുന്നൊരുരസം കണ്ടെത്തിനേനന്നു ഞാന്‍
അത്യാനന്ദമിയന്നതിന്‍പടി ഗൃഹേ ചെയ്യാനൊരുമ്പെട്ടതും
മുറ്റത്തെത്തി വഴക്കടിച്ചൊരു മഹാമാലാഖ സാത്താനുമായ്‌
"കഷ്ടം പാപമിതെ"ന്നൊരാ,ളിതരനോ ചൊന്നാന്‍ "പവിത്രം" പരം.

കവി : ബാലേന്ദു / ഖലില്‍ ജിബ്രാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 429 : ഫുല്ലാബ്ജത്തിനു രമ്യതക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഫുല്ലാബ്ജത്തിനു രമ്യതക്കു കുറവോ പായല്‍ പതിഞ്ഞീടിലും?
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാള്‍ക്കു വല്‌ക്കലമിതും ഭൂയിഷ്ടശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍/കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, May 23, 2005

ശ്ലോകം 428 : പീലി ചിന്നി വിരിയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പീലി ചിന്നി വിരിയുന്ന വേണിയില്‍ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസൂത്ര വനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.

കവി : പൂന്താനം
കൃതി : പാര്‍ത്ഥസാരഥീ സ്തവം
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 427 : കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍ തുണച്ചോര്‍ക്കേകി സമ്മാനമായ്‌
മുന്നം വസ്ത്രമരയ്ക്കു, മാല മുലകള്‍, ക്കക്കാതിനോ കുണ്ഡലം,
പിന്നെച്ചുണ്ടിനു വെറ്റിലച്ചുരുള്‍പരം, കൈരണ്ടിനും കങ്കണം,
പിന്നില്‍ത്തൂങ്ങിയുലഞ്ഞ വാര്‍കുഴലിനോ ചേരും വിധം ബന്ധനം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (തര്‍ജ്ജമ)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 426: കൂകീ കോഴി വനാന്തരേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

കവി : പൂന്താനം
കൃതി : ഭാഷാകര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 425 : ഏലസ്സും മണിയും ചിലമ്പു...

ചൊല്ലിയതു്‌ : ഗോപകുമാര്‍

ഏലസ്സും മണിയും ചിലമ്പു തളയും കോലാഹലത്തോടെയ-
മ്മേളത്തില്‍ കളിയും ചിരിച്ച മുഖവും തൃക്കൈകളില്‍ താളവും
കാലിക്കാല്‍പൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
ബാലന്‍ കൃഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Saturday, May 21, 2005

ശ്ലോകം 424: വമ്പന്മാരുടെ ഭാഷണം...

ചൊല്ലിയതു്‌ : ബാലേന്ദു

വമ്പന്മാരുടെ ഭാഷണം, സിനിസമൂഹത്തിന്നഹോ പോഷണം,
ഷാമ്പൂ സോപ്പു വിശേഷണം, പലതരം തട്ടിപ്പു സംഘോഷണം,
എമ്പാടും കഥ മോഷണം, കഥയെഴാതുള്ളോരു സംഭാഷണം,
അമ്പേ കണ്ണിനു ദൂഷണം - ടെലവിഷന്‍ തന്‍ മൂഢ സംപ്രേഷണം!

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 423: ആരായുകില്‍ തിരകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും
പാരായിടു, ന്നതിനു നേരായിടുന്നുലകമേൊരായ്കിലുണ്ടഖിലവും
വേരായ നിന്‍ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി ഹേരാജയോഗജനനി!

കവി : ശ്രീ നാരായണ ഗുരു
വൃത്തം : മത്തേഭം

Friday, May 20, 2005

ശ്ലോകം 422: നിന്‍വര്‍ഷത്താലുയരുമുലകിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്‍വര്‍ഷത്താലുയരുമുലകിന്‍ രമ്യമാം ഗന്ധമേറ്റും
മന്ദം നാസാധ്വനിതമുണരും ദന്തിതന്‍ ഘ്രാണമേറ്റും
അത്തിക്കേകിപ്ഫലവുമലരും കാട്ടിലാശ്ശീതവാതം
വീശും നീയങ്ങണയുമളവില്‍ ദേവശൈലത്തില്‍ മെല്ലെ.

കൃതി : മേഘസന്ദേശം തര്‍ജ്ജമ
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 421: നാഭീപത്മേ നിഖിലഭുവനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാഭീപത്മേ നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ബ്ബത! മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിദ്ധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.

കൃതി : ഉണ്ണുനീലിസന്ദേശം
വൃത്തം : മന്ദാക്രാന്ത

Thursday, May 19, 2005

ശ്ലോകം 420: മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും...

ചൊല്ലിയതു്‌ : ബാലേന്ദു

മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും, നക്കും പദാബ്ജങ്ങള്‍ ഞാന്‍,
പയ്യറ്റും മമ യാമുനോദകവുമാ വൃന്ദാവനപ്പുല്‍കളും,
നീയൂതും മുരളീരവം നുകരുമെന്നായര്‍ക്കിടാവേ, വെറും
പയ്യായാല്‍ മതിയായിരുന്നു തിരുവമ്പാടിക്കകത്തന്നു ഞാന്‍.

കവി : വി.കെ.ജി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 419: തിങ്ങിപ്പൊങ്ങും തമസ്സില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

ശ്ലോകം 418 : വന്‍ നര്‍മ്മദാനദിയെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വന്‍ നര്‍മ്മദാനദിയെയും വഴിമേല്‍ത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു
വന്നപ്പൊഴബ്ഭൃഗുസുതന്നിതു കാഴ്ചവച്ചു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 417 : ഇള്ളക്കിടാവിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഇള്ളക്കിടാവിളകി; കണ്ണിനുപറ്റി; നോവോ
പിള്ളയ്ക്കു തട്ടി; യൊരുമുക്കിനിയത്രയായി;
വെള്ളം തളിപ്പതിനൊരുക്കുക, യെന്നകായി-
ലുള്ളപ്പരിഭ്രമ വചസ്സുകള്‍ കേട്ടു വിപ്രന്‍.

കവി : നടുവത്ത്‌ മഹന്‍ നമ്പൂതിരി
കൃതി : സന്താനഗോപാലം
വൃത്തം : വസന്തതിലകം

Wednesday, May 18, 2005

ശ്ലോകം 416 : അയല കനലടുപ്പില്‍ച്ചുട്ടതും...

ചൊല്ലിയതു്‌ : ബാലേന്ദു

അയല കനലടുപ്പില്‍ച്ചുട്ടതും തേങ്ങയുള്ളീ-
മളവിനു മുളകുപ്പും ചേര്‍ത്ത കപ്പപ്പുഴുക്കും
ഇലയില്‍ നടുവില്‍വച്ചിട്ടൊത്തു നാം തിന്നതോര്‍ത്താല്‍
കൊതി ഹൃദി പെരുകുന്നപ്പോയകാലത്തിലെത്താന്‍.

കവി : ബാലേന്ദു
വൃത്തം : മാലിനി

ശ്ലോകം 415 : എവിടെ മരുവിടുന്നൂ...

ചൊല്ലിയതു്‌ : മധുരാജ്‌

എവിടെ മരുവിടുന്നൂ യോഗവിത്താം മുകുന്ദന്‍
സുവിദിത നിജ കര്‍മവ്യഗ്രനായ്‌ സവ്യസാചി
അവിടെ സതതമുണ്ടാം ശ്രീ, ജയം, നീതി, ധര്‍മം
ധ്രുവമവികലമാകും ഭൂതിയും - ഗീത ചൊല്‍വൂ

കവി :മധുരാജ്‌
വൃത്തം : മാലിനി

(ഭഗവദ്ഗീതയിലെ അവസാനശ്ലോകമായ "യത്ര യോഗേശ്വരഃ കൃഷ്ണോ" എന്നതിനെ അവലംബിച്ചെഴുതിയതു്‌. )

ശ്ലോകം 414 : എങ്ങോട്ടാണീ പ്രയാണം...

ചൊല്ലിയതു്‌ : ബാലേന്ദു

"എങ്ങോട്ടാണീ പ്രയാണം?" "രഘുകുലതിലകം രാമനുണ്ടായ ദേശം"
"എങ്ങാ ടിക്കറ്റു കാട്ടൂ" "നിജമതു പറയാം; വാങ്ങിയില്ലേതുമേ ഞാന്‍"
"എന്നാല്‍ ഫൈനിങ്ങെടുക്കൂ" "തുകയൊരു ചെറുതും കയ്യിലില്ലാത്തവന്‍ ഞാന്‍"
"എങ്കില്‍പ്പോന്നോളു വാഴാം, യദുകുലതിലകം കൃഷ്ണനെപ്പെറ്റ ദിക്കില്‍".

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

Monday, May 16, 2005

ശ്ലോകം 413 : ജാതീ, ജാതാനുകമ്പാ ഭവ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ, മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍ നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

കവി : കേരളവര്‍മ്മ പഴശ്ശിരാജാ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 412 : രവിശശിഗഗനാനിലാനലാംഭഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

രവിശശിഗഗനാനിലാനലാംഭഃ-
ക്ഷിതിപുരുഷാഷ്ടകമിത്യസി ത്വമേകഃ
ജഗതി വിമൃശതാം ന വിദ്യതേന്യല്‍
കിമപി വിഭോ! പരമാത്മനേ നമസ്തേ.

കവി : താഴമണ്‍ പരമേശ്വര ഭട്ടതിരി
കൃതി : സാഹസ്രിക
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 411 : തതോ മദപരിപ്ലവ...

ചൊല്ലിയതു്‌ : മധുരാജ്‌

തതോ മദപരിപ്ലവപ്ലവഗവീരസാമ്രാവിണ-
ക്ഷണക്ഷുഭിതകോണപപ്രഹരപാണികോണാഹതഃ
രവൈരധികഭൈരവൈരുപരുരോധ രോദോന്തരം
തരംഗിതഘനാഘനസ്തനിതബന്ധുഭിര്‍ദുന്ദുഭിഃ

കവി : ലക്ഷ്മണപണ്ഡിതര്‍
കൃതി : ചമ്പൂരാമായണം
വൃത്തം : പൃഥ്വി

ശ്ലോകം 410 : ഗൌരിക്കാശ്രയമേകി...

ചൊല്ലിയതു്‌ : ബാലേന്ദു

ഗൌരിക്കാശ്രയമേകി, യൊത്ത ചുടലക്കാടാക്കി വാണോരിടം,
പാരം ഭീതിദകാളികൂളിനികരം കൂട്ടാക്കി കൂത്താടുവാന്‍,
താരൊത്തുള്ളുടല്‍ ചാമ്പലാക്കിയൊളിയമ്പൊന്നിന്‍ പ്രയോഗത്തിനാല്‍,
മാരാരേ തവ കേളികേട്ടകഥകേട്ടാലാര്‍ത്തമാകും മനം!

കവി : ബാലേന്ദു
കൃതി : : നേതാവുവിക്രീഡിതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 409 : നേത്രം രണ്ടുമടച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നേത്രം രണ്ടുമടച്ചു, മഞ്ജലിപുടം മൂര്‍ദ്ധാവില്‍ വച്ചും ബലാല്‍,
ഗാത്രം തെല്ലു ചലിച്ചിടാതെയൊരു കാല്‍മാത്രം നിലത്തൂന്നിയും,
ഗോത്രാധീശസുധാവരാംഘ്രികമലം ഹൃത്താരിലോര്‍ത്തും, മഹാന്‍
ഗോത്രാധീശനമര്‍ന്നിടുന്നു വലുതാം കുറ്റിക്കുതുല്യം സദാ.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി
കൃതി : ഗംഗാവതരണം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 408 : വെള്ളം മുമ്പു കുടിപ്പതിന്നു....

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിയാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.

കവി : വള്ളത്തോള്‍/കാളിദാസന്‍
കൃതി : അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 407 : നേദിച്ചൂ നിന്റെ...

ചൊല്ലിയതു്‌ : മധുരാജ്‌

നേദിച്ചൂ നിന്റെ മുന്നില്‍ഗ്ഗുരുപവനപുരാധീശ! പട്ടേരി കട്ടി-
ക്കാവ്യത്തൂവെണ്ണ, വെള്ളോട്ടുരുളിയില്‍ നിറയെപ്പാന പൂന്താനവും തേ;
വാടീടാബ്ബ്ഭക്തിയാല്‍ മഞ്ജുള മധുരതരം മാലയും ചാര്‍ത്തി, ഞാനെ-
ന്തേകാനായ്‌? വാസനാപൂരിതമൊരു കളഭക്കിണ്ണ,മിന്നെന്മനസ്സോ?

കവി : പി. പി. കെ. പൊതുവാള്‍
കൃതി: കിളിയുടെ നാവു്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 406 : കീര്‍ത്ത്യാ പാരേഴുരണ്ടും....

ചൊല്ലിയതു്‌ : ബാലേന്ദു

കീര്‍ത്ത്യാ പാരേഴുരണ്ടും, കരിയുടെ പൊടിയാല്‍ പല്ലു മുപ്പത്തിരണ്ടും,
വൃത്ത്യാ വീടിന്റെ തൂണും ചുവരു, മഥ വെളുത്തേടനെക്കൊണ്ടുമുണ്ടും,
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം നാപിതന്‍ കത്തികൊണ്ടും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജിസ്ട്രേട്ടു പാലിച്ചിടട്ടേ.

കവി : മുന്‍ഷി രാമക്കുറുപ്പു്‌
കൃതി : ചക്കീചങ്കരം
വൃത്തം : സ്രഗ്ദ്ധര

Tuesday, May 10, 2005

ശ്ലോകം 405 : പള്ളിക്കൈവില്ലു പൊന്‍കുന്ന്...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പള്ളിക്കൈവില്ലു പൊന്‍കു, ന്നലര്‍മകള്‍പതിയാമമ്പു, തോഴന്‍ ധനേശന്‍,
വെള്ളിക്കുന്നായ വീ, ടിപ്പെരുമകള്‍ കലരും പോറ്റി തന്‍ കെട്ടിലമ്മേ!
കൊള്ളിച്ചാലെന്തു തൃക്കണ്ണടിയനി, ലവിടേയ്ക്കിഷ്ടയാം ദാസിയായ്‌ പാര്‍-
പ്പുള്ളിശ്രീദേവി പോന്നെന്‍ പുരിയിലധിവസിക്കേണ്ടി വന്നേക്കുമെന്നോ?

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 404 : വെള്ളം വെണ്ണീര്‍ വൃഷം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വെള്ളം, വെണ്ണീര്‍, വൃഷം, വെണ്മഴു, വരകരിതോ, ലാര്യവിത്താധിപന്‍ തൊ-
ട്ടുള്ളോരീ നല്‍കൃഷിക്കോപ്പുകളഖിലമധീനത്തിലുണ്ടായിരിക്കെ
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ! കാടുവെട്ടിത്തെളിച്ചാ-
വെള്ളില്‍ക്കുന്നില്‍കൃഷിച്ചെയ്യുക പണിവതിനും ഭൂതസാര്‍ത്‌ഥം സമൃദ്ധം!

കവി : ശീവൊള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 403 : ഹാ! പാപമോമല്‍മലരേ...

ചൊല്ലിയതു്‌ : ബാലേന്ദു

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും!

കവി : കുമാരനാശാന്‍
കൃതി : വീണ പൂവു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 402 : ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതിപരനാം പരഹംസനെന്നും
ഹൃദ്‌ ദ്രാവകം ഹിമസുധായിതസാരസച്ചി-
ന്മുദ്രാര്‍ത്ഥമൌനമധുരം പറയാവതല്ലേ.

കവി : കുമാരനാശാന്‍
കൃതി : ശിവസുരഭി
വൃത്തം : വസന്തതിലകം

ശ്ലോകം 401 : സ്വത്തിന്നാര്‍ത്തി പെരുത്തതാം...

ചൊല്ലിയതു്‌ : ബാലേന്ദു

സ്വത്തിന്നാര്‍ത്തി പെരുത്തതാം, കൊടിയതാം ശസ്ത്രങ്ങളാര്‍ജ്ജിപ്പതാം,
ചിത്താവേശമടക്കുവാന്‍ ഹനനവും സംഭോഗവും ചെയ്വതാം,
ക്ഷുത്തില്ലാതെ ഭുജിപ്പതാം, തനയര്‍തന്‍ സമ്പാദ്യമിച്ഛിപ്പതാം,
മര്‍ത്യന്നന്യമൃഗങ്ങളെക്കവിയുമാ നിസ്തുല്യമാം വൈഭവം!

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 400 : നീതാഃ കിം പൃഥുമോദകാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നീതാഃ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീല്‍ക്കാരഃ കടുകും വറത്തു കറിയില്‍ക്കൂടുന്ന നേരം ശ്രുതോ;
നിര്‍വ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?

കവി : തോലന്‍
കൃതി : മന്ത്രാങ്കം (വിദൂഷകവാക്യം)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 399 : നാരായണായനമ ജാതിവിഷദ്രുമത്തിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 398 : നാരായണാച്യുതഹരേതി...

ചൊല്ലിയതു്‌ : മധുരാജ്‌

നാരായണാച്യുതഹരേതി സദാ ജപിച്ചാല്‍
പാപം കെടും പശികെടും വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണാം

കവി : പൂന്താനം / മധുരാജ്‌
വൃത്തം : വസന്തതിലകം

ശ്ലോകം 397 : ഞാനെന്നാല്‍ ഞായരക്ഷക്കൊരു...

ചൊല്ലിയതു്‌ : ബാലേന്ദു

ഞാനെന്നാല്‍ ഞായരക്ഷക്കൊരുഗുണവഴിയേ പോകയാം തിങ്കളൊക്കും
മാനം ചൊവ്വായ്‌ വഹിക്കും ബുധനതിമതിമാന്‍ വ്യാഴതുല്യപ്രഭാവന്‍
നൂനം പൊന്‍വെള്ളിയെന്നീവക ശനിനിയതം വിദ്യതാന്‍ വിത്തമെന്നാ
ജ്ഞാനം മേ തന്നൊരച്ഛന്‍ കനിയണമിഹമേ വെണ്മണിക്ഷ്മാസുരേന്ദ്രന്‍.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 396 : ഓംകാരത്തിന്നുമൊറ്റത്തരിയുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഓംകാരത്തിന്നുമൊറ്റത്തരിയുടയ മുഴക്കത്തിനും ലക്ഷ്യമെങ്കില്‍
ഭാംകാരത്തിന്നുമേവം പലതിനുമതുപോലാകുമെന്നാകുമെന്യേ
ഞാന്‍ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും നാദബിന്ദുക്കലറ്റ-
ത്തേന്‍കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്‌ നിന്നൊരൊന്നാണു ദൈവം

കവി : കുമാരനാശാന്‍
കൃതി : നിജാനന്ദവിലാസം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 395 : വൃത്തമുണ്ടമലപദ്യമോ...

ചൊല്ലിയതു്‌ : ബാലേന്ദു

വൃത്തമു, ണ്ടമല പദ്യമോ? ഫലം
മൊത്തമുണ്ടു, ശരിയായ കര്‍മ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതന്‍
പത്രമുണ്ടു, സുരനാഥഹസ്തമോ?

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : രഥോദ്ധത

ശ്ലോകം 394 : കല്ലിനെപ്പെരിയ കായലാക്കലാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലുവാനരിയതൊന്റു വൈശികം.

കൃതി : വൈശികതന്ത്രം
വൃത്തം : രഥോദ്ധത

ശ്ലോകം 393 : തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴ...

ചൊല്ലിയതു്‌ : ബാലേന്ദു

തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴമഹാക്ഷേത്രത്തിലുണ്ടായിപോല്‍
കൊള്ളാം! മറ്റെവിടത്തിലിത്രമധുരിച്ചീടുന്ന പാല്‍പ്പായസം?
കില്ലില്ലിങ്ങൊരു തുള്ളിയെങ്കിലുമിതിന്‍ സ്വാദുള്ളിലെത്തീടുകില്‍-
ത്തള്ളിക്കേറിവരും തിമിര്‍പ്പൊടെവനും തുള്ളിക്കളിച്ചീടുമേ!

കവി : വി.എ. കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 392 : തന്‍ കാര്യത്തെ വെടിഞ്ഞും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

തന്‍ കാര്യത്തെ വെടിഞ്ഞുമന്യനുതകുന്നോനെത്രയും സത്തമന്‍,
തന്‍ കാര്യത്തെ വിടാതെയന്യനുതകുന്നോനിങ്ങു സാമാന്യനാം,
തന്‍ കാര്യത്തിനിഹാന്യകാര്യഹനനം ചെയ്യുന്നവന്‍ രാക്ഷസന്‍,
വ്യര്‍ത്ഥം ഹന്ത പരാര്‍ത്ഥനാശകനു പേരെന്തെന്നറിഞ്ഞീല ഞാന്‍

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, May 02, 2005

ശ്ലോകം 391 : വിണ്ണില്‍ച്ചെല്ലുകിലും തനിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു

വിണ്ണില്‍ച്ചെല്ലുകിലും തനിക്കു പുതുതായ്‌ ഹര്‍മ്മ്യം രചിച്ചീടുവോന്‍,
കണ്ണില്‍പ്പെട്ട ജഡത്തിലും തഴുകുകില്‍ജ്ജീവന്‍ കൊടുത്തീടുവോന്‍,
തന്‍ നാടെന്നൊരു നാഭിനാളദൃഢമാം ബന്ധം പുലര്‍ത്തീടുവോന്‍,
വെന്നീടുന്നു സരസ്വതീരസികനാം കുഞ്ചന്‍ വിരിഞ്ചോപമന്‍.

കവി : വി.എ. കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 390 : വിലയേറിടും വിമലമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിലയേറിടും വിമലമാമുടുപ്പൊടാ,-
ത്തുലയറ്റ കാഞ്ചനസഭാതലത്തവര്‍
വിലസീ വിശിഷ്ടരുചി, നെല്‍വിളഞ്ഞകോള്‍-
നിലമാര്‍ന്ന സാരസഖഗങ്ങള്‍ പോലവേ

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : മഞ്ജുഭാഷിണി

ശ്ലോകം 389 : സൌന്ദര്യം സൌമ്യശീലം...

ചൊല്ലിയതു്‌ : ബാലേന്ദു

സൌന്ദര്യം സൌമ്യശീലം സകലകലയിലും വൈഭവം തന്മയത്വം
നന്ദിക്കും സല്‍ഗ്ഗുണങ്ങള്‍ക്കഖിലവുമിവളാം ധാമമിന്നത്രയല്ലാ
വന്ദിപ്പനായ്‌ മടിക്കില്ലൊരുവനുമിവളേ നാട്ടുകൂട്ടത്തില്‍ വച്ചും
ചിന്തിച്ചാലൊക്കെ മെച്ചം കുറവിഹയിവളെന്‍ ഭാര്യയാണത്ര മാത്രം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 388 : വക്ത്രം നത്തിന്നു മിത്രം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീഭത്സവൈരൂപ്യസമ്പല്‍-
സിദ്‌ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ കപോലൌ; മടിയിലതിതരാം ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൌ ഭങ്ഗഭാജൌ; ശിവ ശിവ ജരയാ ശുഷ്കബിംബോ നിതംബഃ.

കവി : രാമപാണിവാദന്‍
കൃതി : ദൌര്‍ഭാഗ്യമഞ്ജരി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 387 : വാകച്ചാര്‍ത്തിനു വല്ലവണ്ണവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വാകച്ചാര്‍ത്തിനു വല്ലവണ്ണവുമുണര്‍ന്നെത്തുമ്പൊഴേക്കമ്പലം
മാകന്ദാശുഗമാനദണ്ഡമഹിളാമാണിക്യമാലാഞ്ചിതം
വാകപ്പൂമൃദുമെയ്യു മെയ്യിലുരസുമ്പോ, ഴെന്റെ ഗോപീജന-
ശ്രീകമ്രസ്തനകുങ്കുമാങ്കിത, മനസ്സോടുന്നു വല്ലേടവും!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം