അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, March 31, 2005

ശ്ലോകം 270 : എനനായതു ഭുവനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

എനനായതു ഭുവനേ നനു ദിനനായകനിവനേ
ജനനാവനഹനനാദികള്‍ തുനിയുന്നതു തനിയേ
തുണയായതു വിധിമാധവഗിരിശാദികള്‍ പലരും
വിനതാപതി സവിതാപദി സവിതാ മമ ശരണം

കവി : രാമപുരത്തു വാര്യര്‍
വൃത്തം : ശങ്കരചരിതം

ശ്ലോകം 269 : കന്യാകുബ്ജത്തിലല്ലായ്കയൊ...

ചൊല്ലിയതു്‌ : വിശ്വപ്രഭ

കന്യാകുബ്ജത്തിലല്ലായ്കയൊ ജനനമതോ ദാസിയെക്കാമിയാഞ്ഞോ,
ത്വന്നാമത്തിന്നുമിപ്പോള്‍ കലിയുഗമതുകൊണ്ടുള്ള വീര്യം കുറഞ്ഞോ,
എന്നോ നാലക്ഷരന്താന്‍ മുഴുവനരുതതില്‍ കുറ്റമെന്നില്‍ പിണഞ്ഞോ
ത്വന്നാമം ഞാനറിഞ്ഞിട്ടനുദിനമുരചെയ്തെന്നതോ വാസുദേവ!

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 268 : ഈരും പേനും പൊതിഞ്ഞീടിന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഈരും പേനും പൊതിഞ്ഞീടിന തലയുമഹൊ! പീള ചേര്‍ന്നോരു കണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടു മാറൊട്ടു ഞാന്നും
കൂറോടയ്യന്‍ കൊടുത്തീടിന തുണിമുറിയും കൊഞ്ഞലും കൊട്ടുകാലും
നേരമ്പോക്കല്ല ജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?

കവി : വെണ്മണി മഹന്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 267 : മെയ്യാകെച്ചാമ്പല്‍ തേച്ചും...

ചൊല്ലിയതു്‌ : ബാലേന്ദു

മെയ്യാകെച്ചാമ്പല്‍ തേച്ചും, നെറുകയിലണിരുദ്രാക്ഷഹാരം പിണച്ചും,
കയ്യില്‍ ശൂലം പിടിച്ചും, പലവടിവിലിരപ്പാളിവേഷങ്ങള്‍ കാണ്‍കെ
ഇയ്യുള്ളോനമ്പരപ്പാണവരിലൊരുവനെന്‍ കണ്ണുകാണാന്‍ കൊതിക്കും
നീയാകാമാരു കണ്ടൂ തവകളിവിളയാട്ടങ്ങള്‍ കൈലാസവാസിന്‍!

കവി : എന്‍. കെ. ദേശം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 266 : മാനം ചേര്‍ന്ന മനീഷികള്‍ക്കു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

മാനം ചേര്‍ന്ന മനീഷികള്‍ക്കു സുജനദ്രോഹേ മഹോത്സാഹമാം
ഹീനന്മാരുടെ ദുഷ്പ്രവാദമണുവും ചേര്‍ക്കില്ല ദുഷ്കീര്‍ത്തിയെ.
മാനം പുക്കലമമ്പിളിക്കല വിളങ്ങുമ്പോള്‍ കുശുമ്പാല്‍ കുറെ
ശ്വാനന്മാര്‍ കുര കൂട്ടിയാല്‍ നിറനിലാവെങ്ങാന്‍ നിറം മങ്ങുമോ?

കവി: ടി.എം.വി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം
സന്ദര്‍ഭം: അന്യായമായി അപവാദം പ്രചരിപ്പിച്ച ചില
സഹപ്രവര്‍ത്തകരോടുള്ള മറുപടി.

Wednesday, March 30, 2005

ശ്ലോകം 265 : മുറ്റത്തീണത്തിലോടി...

ചൊല്ലിയതു്‌ : ഹരിദാസ്‌

മുറ്റത്തീണത്തിലോടി, ക്കുസൃതികള്‍ പലതും കാട്ടി, ഞാന്‍ വാടിവീഴ്കെ-
ത്തെറ്റെന്നെത്തിക്കരത്താലുടനടി നെടുതായ്‌ താങ്ങി മെയ്യില്‍ത്തലോടി,
മുറ്റും മുത്തങ്ങളേകി, ത്തിറമൊടു മടിയില്‍ വെച്ചു, മമ്മിഞ്ഞ തന്നും
മറ്റും പാലിച്ചൊരമ്മേ, തവ പദമലര്‍വിട്ടില്ല മറ്റാശ്രയം മേ

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 264 : ടിക്കറ്റിന്നു തപസ്സുചെയ്യണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ടിക്കറ്റിന്നു തപസ്സുചെയ്യണ, മൊരോ കഷ്ടം സഹിക്കേണ, മ-
പ്പെട്ടിക്കെട്ടുകള്‍, മെത്ത, കൂജ, പലതും കെട്ടിപ്പെറുക്കീടണം;
മുട്ടിത്തട്ടി മുഷിഞ്ഞു, കാശു മുഴുവന്‍ ദീപാളി, കോമാളിയായ്‌
നാട്ടില്‍പ്പോക്കു നടത്തിടുന്ന മലയാളത്താനു കൈകൂപ്പണം!

കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 263 : കണ്ടാല്‍ സൂര്യകുലേ ജനിച്ച...

ചൊല്ലിയതു്‌ : വിശ്വപ്രഭ

കണ്ടാല്‍ സൂര്യകുലേ ജനിച്ച ശിശുവോയെന്നുള്ള സന്ദേഹമി-
ന്നുണ്ടാക്കും മുനി ബാലനേഷ തനിയേ കുംഭീന്ദ്രകുംഭങ്ങളില്‍
ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍ത്തത്യുഗ്രബാണങ്ങളെ-
ക്കൊണ്ടെന്‍ സൈന്യശരീരസന്ധികള്‍ പിളര്‍ന്നേകുന്നു മേ കൌതുകം!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 262: ലോലനാര്യനുരുവിട്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക, മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍

കവി : കുമാരനാശാന്‍
കൃതി : നളിനി
വൃത്തം : രഥോദ്ധത

ശ്ലോകം 261: ലാലസിപ്പതു സമുദ്ര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ലാലസിപ്പതു സമുദ്രവീചികാ-
മാലയില്‍പ്പതിതമര്‍ക്കമണ്ഡലം
ലോലമായടിയില്‍ നിന്നു ബാഡബ-
ജ്വാല തെല്ലുടനുയര്‍ന്നതിന്‍ വിധം

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : രഥോദ്ധത

ശ്ലോകം 260: യക്ഷാധീശ്വരപട്ടമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

യക്ഷാധീശ്വരപട്ടമോ, മഹിതമാം സ്വാരാജ്യസാമ്രാജ്യമോ,
ത്ര്യക്ഷാദിത്രിദശാധികാരനിലയോ വേണ്ടാ നമുക്കെന്‍ വിഭോ!
ലക്ഷാദിത്യസമാനമായൊരനഘജ്യോതിസ്സു ചിന്നുന്ന നി-
ന്നക്ഷാമാദ്ഭുതചിത്സ്വരൂപമകമേ കാണായ്‌ വരേണം സദാ!

കവി : വള്ളത്തോള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 259: രമ്യാ സാ വനിതാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

രമ്യാ സാ വനിതാ പുരോഭ്യുപനതാ യാ ഭര്‍ത്തുരന്തര്‍ഹിതം
ഹൃദ്യാവിഷ്കുരുതേ ശ്രുതിപ്രണയവത്സാരസ്യവച്ചാരുദൃക്‌
യോഗാഭ്യാസബലേന യത്ര ഭവതി ത്രൈവര്‍ഗ്ഗികീ ധന്യതാ
നിസ്സാരസ്വധരാശയൈകവശഗാ സംയഗ്‌വിവിക്തേ രതി:

കവി : എലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 258: രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മമിവിടെച്ചെയ്താ, ലതിന്‍ശിക്ഷയാ
രണ്ടാള്‍ക്കും സമമല്ലിവേണ്ടു? സുരതം ദണ്ഡാര്‍ഹമെന്നെണ്ണുകില്‍.
രണ്ടായ്ഗ്ഗര്‍ഭഭരപ്രയാസവുമോരീപ്പേറ്റിന്റെ നോവും സമം
ഖണ്ഡം ചെയ്തു കൊടുക്കു പൂരുഷനു, മെന്തിപ്പക്ഷപാതം, പ്രഭോ?

കവി: ടി.എം.വി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 257: ബാലേന്ദുശേഖര മഹേശ്വര...

ചൊല്ലിയതു്‌ : ബാലേന്ദു

ബാലേന്ദുശേഖര മഹേശ്വര ദേവദേവ
ഫാലേന്ദു മധ്യനയനേന കടാക്ഷമേകി
രാകേന്ദു രാത്രി മുഴുവന്‍ പകരും പ്രകാശം
പോലേന്തുകാഭ മമ ജീവിതമാം തമസ്സില്‍


കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

Tuesday, March 29, 2005

ശ്ലോകം 256: ചിത്തം മേ വാസുദേവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചിത്തം മേ വാസുദേവ! പ്രചുരകരുണയാ ശോധയ പ്രീതിപൂര്‍വം
നിത്യം സങ്കര്‍ഷണാഹങ്കരണജപരിതാപാംശ്ച ദൂരീകുരുഷ്വ
ബുദ്‌ധേഃ പ്രദ്യുമ്ന! സക്തിം ഹര ഭവവിഷയാം മാനസം ചാനിരുദ്‌ധ!
ത്വത്തത്ത്വജ്ഞാനയുക്തം കുരു; നിഖിലസുഖം ദേഹി നാരായണ ത്വം

കവി : കൊച്ചി വലിയ ഇക്കു അമ്മത്തമ്പുരാന്‍
കൃതി : സൌഭദ്രസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 255: ഗന്ധം ചേര്‍ന്നിതളുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഗന്ധം ചേര്‍ന്നിതളുള്ള പൂനിര ചൊരിഞ്ഞീടട്ടെ കാറെപ്പൊഴും,
ചിന്തും സ്വര്‍നദിവീചിശീതളമലം വീശട്ടെ മന്ദാനിലന്‍;
ചന്തം ചേര്‍ത്തണയട്ടെയാറൃതുവുമൊത്തുദ്യാനശോഭയ്ക്കിനി
സ്വന്തം രശ്മി സുഖം വിരിച്ചു ശശിയും ചുറ്റട്ടെ ദിക്കൊക്കെയും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 254 : ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു രസമായ്‌ നില്‍ക്കുന്ന കന്നിന്നടു-
ത്താനന്ദത്തികവാര്‍ന്നു, ചോലകള്‍ നറും രാഗം ചൊരിഞ്ഞീടവേ,
ഗാനത്തിന്നു പികങ്ങള്‍, പയ്യകലുവാന്‍ മാകന്ദ, മേവം സുഖ-
സ്തോമത്തിന്റെ നടുക്കിണങ്ങിയ വസന്തം ഹാ മനോഹാരി താന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, March 28, 2005

ശ്ലോകം 253 : ഭര്‍ത്തൃത്വേ കേരളാനാം....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഭര്‍ത്തൃത്വേ കേരളാനാം മണിതവിലസിതേ പാണ്ഡ്യഭൂപണ്ഡിതാനാം
ചോളാനാം ചാരുഗീതേ യവനകുലഭുവാം ചുംബനേ കാമുകാനാം
ഗൌദാനാം സീല്‍കൃതേഷു പ്രതിനവവിവിധാലിങ്ങനേ മാളവാനാം
ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം ദൃശ്യതേ വല്ലഭാദ്യ.

കവി : കോഴിക്കോട്‌ മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍
കൃതി: ശൃംഗാരമഞ്ജരി

ശ്ലോകം 252 : പോരുമ്പോഴമ്മചുറ്റിച്ചൊരു....

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

പോരുമ്പോഴമ്മചുറ്റിച്ചൊരു ചെറുവസനത്തിന്റെ തുമ്പില്‍ച്ചവിട്ടി-
ച്ചേറാക്കി, ത്തെല്ലഴിഞ്ഞെങ്കിലുമിടതുകരംകൊണ്ടുതാങ്ങിപ്പിടിച്ചു്‌
ഭാരം തോന്നും സ്ലെയിറ്റക്കുടയുടെ പകരം ചാരുമൂര്‍ദ്ധാവിലേറ്റി
സ്വൈരം പോകുന്നു വിദ്യാലയമണയുവതിന്നിക്കിടാവുത്ക്കടാഭം.

കവി : വി. കെ. ജി.
കൃതി : അവില്‍പ്പൊതി
വൃത്തം : സ്രഗ്ദ്ധര

Friday, March 25, 2005

ശ്ലോകം 251 : കരുതാം - കമനീയമീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കരുതാം - കമനീയമീ സദ-
സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
പെരുതായ കവിത്വമെട്ടിലൊ-
ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!

കവി : ഉമേഷ്‌ നായര്‍
വൃത്തം : വിയോഗിനി

ശ്ലോകം 250 : വെണ്ണയ്ക്കിരന്നു വഴിയേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

വെണ്ണയ്ക്കിരന്നു വഴിയേ മണിയും കിലുക്കി-
ക്കുഞ്ഞിക്കരങ്ങളുമുയര്‍ത്തി നടന്ന നേരം
കണ്ണില്‍ത്തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്‌പോ-
രുണ്ണിക്കിടാവു ചിരിപൂണ്ടതു കണ്ടിതാവൂ

കവി : പൂന്താനം
വൃത്തം : വസന്തതിലകം

ശ്ലോകം 249 : പരമ! കിമു ബഹൂക്ത്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം, തദ്‌ വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം
വൃത്തം : മാലിനി

Thursday, March 24, 2005

ശ്ലോകം 248 : വാടീരസാലാഗത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വാടീരസാലാഗതവായുസംഗാ-
ലാടീ രസാലാശു ലതാവധൂടീ
പാടീരസാലാശ്രിതകോകിലാളി
പാടീ രസാലംബിവിയോഗിപാളീ

കവി : കടത്തനാട്ട്‌ കൃഷ്ണ വാര്യര്‍
കൃതി : സീമന്തിനീചരിതം
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 247 : പ്രാണായാമക്രമത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

പ്രാണായാമക്രമത്തില്‍ പവനവിധൃതിചെയ്താനന ശ്രോത്രനേത്ര-
ഘ്രാണം രോധിച്ചു, ദക്ഷശ്രുതിയിലകമണച്ചുജ്ഝിത സ്ഥൂലഘോഷം
വാണീടുന്നോര്‍ക്കു നീയാമൊരു ചെറുരണിതം കേട്ടിടാമപ്രണാദ-
ത്രാണം നാദാനുസന്ധാന, മതമൃതമയം തല്ലയം ത്വല്ലയം പോല്‍


വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 246 : ഘനനീലവര്‍ണ കരുണാര്‍ണ്ണവം...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌

ഘനനീലവര്‍ണ കരുണാര്‍ണ്ണവം ജഗത്‌-
ഭ്രമണൈകചക്രധരവിക്രമാര്‍ണ്ണവം
പ്രണവാക്ഷരധ്വനിതസച്ചിദര്‍ണ്ണവം
പ്രണതാര്‍ത്തിഹാരി ഹരി തീര്‍ക്ക സങ്കടം

കവി : വി.കെ.ജി.
കൃതി : അവില്‍പ്പൊതി
വൃത്തം : മഞ്ജുഭാഷിണി

Friday, March 18, 2005

ശ്ലോകം 245 : ഭാഷാരീതിപ്പഴക്കത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഭാഷാരീതിപ്പഴക്കത്തിനു നടുവ, മതിപ്രാസമെണ്ണിപ്പെറുക്കി-
ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതിന്നച്യുതന്‍ മെച്ചമോടേ,
ഘോഷിക്കും കുഞ്ഞുഭൂപന്‍, ലഘുരസഫലിതം രാജവിപ്രന്‍ ചമയ്ക്കും,
തോഷം സര്‍വര്‍ക്കുമൊപ്പം തരുവതിനൊരുവന്‍ കൊച്ചുകൊച്ചുണ്ണിഭൂപന്‍.

കവി : വെണ്മണി മഹന്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 244 : പൂമാതല്ലേ കളത്രം?...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

പൂമാതല്ലേ കളത്രം? ചപലകളിലവള്‍ക്കഗ്രഗണ്യത്വമില്ലേ?
പൂമെയ്പാമ്പിന്മെലല്ലേ? വിഷമെഴുമവനൊന്നൂതിയാല്‍ ഭസ്മമല്ലേ?
ഭീമഗ്രാഹാദിയാദോഗണമുടയ കടല്‍ക്കുള്ളിലല്ലേ നിവാസം?
സാമാന്യം പോലെയെന്തുള്ളതു പറക നിനക്കത്ര പൂര്‍ണ്ണത്രയീശ!

കവി : ഒറവങ്കര
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 243 : ഭുവനത്രയഭാരഭൃതോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഭുവനത്രയഭാരഭൃതോ ഭവതോ
ഗുരുഭാരവികമ്പിവിജൃംഭി ജലാ
പരിമജ്ജയതി സ്മ ധനുശ്ശതകം
തടിനീ ഝടിതി സ്ഫുടഘോഷവതീ

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം (കാളിയമര്‍ദ്ദനം)
വൃത്തം : തോടകം

ശ്ലോകം 242 : സ്രവന്തീ പാഷാണേ പഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സ്രവന്തീ പാഷാണേ പഥി പഥി ഘുമിങ്കാരസുരവൈഃ
സ്ഖലന്തീ കാന്താരേ സ്വപതിമരമബ്ധിം നിപതിതും
ഭ്രമന്തീ പശ്യത്വം വിരഹവിവശാ സാതികലുഷാ
തദന്തീ ധാനന്തീ വ്യഥിതദമയന്തീതി സുമുഖീ

കവി : ശ്രീ നാരായണഗുരു & കുമാരനാശാന്‍
വൃത്തം : ശിഖരിണി

(നെയ്യാറിനെപ്പറ്റി എഴുതിയ കൂട്ടുകവിത)

ശ്ലോകം 241 : ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധനഗിരിയിലുറപ്പിച്ചു, വേഗം പിണങ്ങും
വൃന്ദാരാമത്തുടിപ്പാം പശുപയുവതി തന്‍ താപമാറ്റിക്കൊടുത്തും
സന്ദേഹം തീര്‍ത്തുമിന്ദ്രാത്മജ,നൊരു ദിനവും ദുഷ്ടനീതിജ്ഞരോടായ്‌-
സ്സന്ധിയ്ക്കാതേ ജയിയ്ക്കും മൊഴിയുടയവനെന്‍ വാക്കു മുത്താക്കിടട്ടെ!

കവി : പി.സി. രഘുരാജ്‌
വൃത്തം : സ്രഗ്ദ്ധര

(വാഗ്വൈഭവം എന്ന മുക്തകം)

Tuesday, March 15, 2005

ശ്ലോകം 240 : ധന്യാഭാനോഃ പുലരിവഴിവെള്ളാട്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ധന്യാഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിന്‍ ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റത്തളിപ്പാ-
നംഭോരാശൌ ശശധരകുടം കാണ്‍ക മുക്കിന്റവാറ്‌ു

കൃതി : ചക്രവാകസന്ദേശം
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 239 : കരാളഫാലപട്ടികാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

കരാളഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃതപ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീകുചാഗ്രചിത്രപത്രക-
പ്രകല്‍പനൈകശില്‍പിനി ത്രിലോചനേ മതിര്‍മ്മമ

കവി : രാവണന്‍ (ഐതിഹ്യം)
കൃതി : ശിവതാണ്ഡവസ്തോത്രം
വൃത്തം : പഞ്ചചാമരം

Monday, March 14, 2005

ശ്ലോകം 238 : കൃതാന്തബന്ധബന്ധനൈക...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

കൃതാന്തബന്ധബന്ധനൈകകൃന്തനം മുരാന്തകം
നിതാന്തഭാസുരം വരം വരേണ്യമീശ്വരം ഹരിം
കൃപാകദംബമാധുരീരസപ്രവാഹനിര്‍ഗ്ഗള-
ന്മുഖാരവിന്ദമച്യുതം നമാമി ലോകനായകം.

കവി : ഇലന്തൂര്‍ നാരായണന്‍ വൈദ്യര്‍
വൃത്തം : പഞ്ചചാമരം

ശ്ലോകം 237 : ധരാധരേന്ദ്രനന്ദിനീ...

ചൊല്ലിയതു്‌: ജ്യോതിര്‍മയി

ധരാധരേന്ദ്രനന്ദിനീവിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിഃ പ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ധരാപതിഃ
ക്വചിദ്ദിഗംബരേ മനോവിനോദമേതുവസ്തുനി

കവി: രാവണന്‍ (ഐതിഹ്യം)
വൃത്തം : പഞ്ചചാമരം

Friday, March 11, 2005

ശ്ലോകം 236 : ഗേയം നിന്‍ തിരുനാമകീര്‍ത്തനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഗേയം നിന്‍ തിരുനാമകീര്‍ത്തനമൊഴിച്ചെന്തുള്ളു ഹേ ശ്രീപതേ!
പേയം നിന്‍ മുരളീരവാമൃതമൊഴിച്ചെന്തുള്ളു ഗീതാംബുധേ!
ധ്യേയം നിന്‍ പദപദ്മമൊന്നൊഴികെ മറ്റെന്തുള്ളു ദാമോദരാ!
ജ്ഞേയം നിന്‍ മഹിമാവൊഴിച്ചു പരമെന്താനന്ദരത്നാകര!

കവി : യൂസഫ്‌ അലി കേച്ചേരി
കൃതി : അഹൈന്ദവം

ശ്ലോകം 235 : കൃതമിദം ഹരിണശ്ചരിതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കൃതമിദം ഹരിണശ്ചരിതം ശുഭം
സകലപാപഹരം പഠതാം നൃണാം
ഗുരുഗൃഹാലയഹൈമവതീകൃപാ-
ലവയുതേന തു ഭാസ്കരശര്‍മണാ

കവി : വട്ടപ്പള്ളി ഭാസ്കരന്‍ മൂസ്സത്‌
കൃതി : ശ്രീകൃഷ്ണോദന്തം

ശ്ലോകം 234 : വൃത്തം വൃത്തികുറഞ്ഞതായി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

വൃത്തം വൃത്തികുറഞ്ഞതായി, പദവിന്യാസം ക്രമംവിട്ടതായ്‌,
അത്യന്താധുനികത്വനാട്യബഹുലം രൂപം ചിതംകെട്ടതായ്‌,
കഷ്ടം കൈരളിമങ്കയാള്‍ക്കെഴുമലങ്കാരങ്ങളും നഷ്ടമായ്‌,
അര്‍ത്ഥം തന്നെയനര്‍ത്ഥമായ്‌, വിരസമായ്‌ ഭാവത്തിനാവര്‍ത്തനം!

കവി : ഡോക്ടര്‍ എം.ജി.എസ്സ്‌. നാരായണന്‍
കൃതി : മലയാളകവിത

ശ്ലോകം 233 : ബാണന്‍ തന്‍ കോട്ട കാത്തൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ബാണന്‍ തന്‍ കോട്ട കാത്തൂ ഭഗവതി, ഭുവനാധീശനാം നിന്‍ മണാളന്‍;
ബാണം വര്‍ഷിച്ചു മെയ്‌ മൂടിയ രണപടുവാം ഫല്‍ഗുനന്നിഷ്ടമേകീ;
വേണം തന്‍ ഭക്തരോടിത്രയുമകമലിവെങ്ങെങ്കില്‍ നിന്‍ ഭക്തനാമെന്‍
ത്രാണത്തിന്നെന്തമാന്തം തവ? സതി പതിസാധര്‍മ്മ്യമേല്‍ക്കേണ്ടതല്ലോ.

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം

ശ്ലോകം 232 : മേലേ മേലേ പയോധൌ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മേലേ മേലേ പയോധൌ തിരനിരയതുപോല്‍ ഗദ്യപദ്യങ്ങളോര്‍ക്കും
കാലേ കാലേ ഭവിപ്പാന്‍ ജഗമതിലൊളിവായ്‌ ചിന്നിടും തേന്‍ കുഴമ്പേ!
ബാലേ ബാലേ മനോജ്ഞേ പരിമൃദുലതനോ! യോഗിമാര്‍ നിത്യമുണ്ണും
പാലേ! ലീലേ വസിക്കെന്‍ മനസി സുകൃതസന്താനവല്ലീ സുചില്ലീ!

കവി : ചട്ടമ്പി സ്വാമികള്‍

ശ്ലോകം 231 : ഹാസം പോലെ വെളുപ്പു ചേര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഹാസം പോലെ വെളുപ്പു ചേര്‍ന്നു, മനുരാഗാവിഷ്ട തന്‍ ദീര്‍ഘനി-
ശ്വാസം പോലെ കനപ്പു ചേര്‍ന്നു, മവള്‍ തന്‍ കണ്ണിന്‍ കറുപ്പാര്‍ന്നുമേ
മാസം വാസരമെന്നതല്ല നിമിഷം തോറും വിഭിന്നാത്മകോ-
ല്ലാസം പൂണ്ടുപരന്ന കാര്‍മുകില്‍ രസം തൂകുന്നിതെല്ലാടാവും.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

Monday, March 07, 2005

ശ്ലോകം 230 : ക്ഷണപ്രഭാഗണ....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ക്ഷണപ്രഭാഗണപ്രഭാസമപ്രഭാലസല്‍പ്രഭാ-
കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ
ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ
ഹരപ്രിയാ ജഗല്‍പ്രിയാ വരപ്രദാസ്തു മേ സദാ

കവി : കുട്ടിക്കുഞ്ഞു തങ്കച്ചി
വൃത്തം : പഞ്ചചാമരം

ശ്ലോകം 229 : തിണ്ണം ചെന്നിട്ടു തീയില്‍....

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണംകൊണ്ടമ്മ കാണാതളവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കാരുണ്യപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

ശ്ലോകം 228 : ലളിതം ഫണി തന്നുടെ....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ / ഉമേഷ്‌ നായര്‍

ലളിതം ഫണി തന്നുടെ പത്തികളില്‍
തളിര്‍ തന്നൊളി വെന്നൊരു ചേവടിയാല്‍
തളയും വളയും കളസുസ്വനമോ-
ടിളകും വിധമാടി വിളങ്ങി ഭവാന്‍.

കവി : സി. വി. വാസുദേവ ഭട്ടതിരി
കൃതി : നാരായണീയം പരിഭാഷ (55:9)
വൃത്തം : തോടകം

Sunday, March 06, 2005

ശ്ലോകം 227 : പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു നിടിലേ ചാരുഗോരോചനം ചേര്‍-
ത്തേലസ്സും പൊന്‍ചിലമ്പും വളകളുമണിയിച്ചമ്മതന്നങ്കഭാഗേ
ലീലാഗോപാലവേഷത്തൊടു മുരളിയുമായ്‌ കാലി മേയ്ക്കുന്ന കോലും
ചാലേ കൈക്കൊണ്ടു മന്ദസ്മിതമൊടു മരുവും പൈതലേ, കൈതൊഴുന്നേന്‍

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 226 : ഘോരാകാരാട്ടഹാസപ്രകടിതകലഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഘോരാകാരാട്ടഹാസപ്രകടിതകലഹം മൃത്യു വന്നെത്തി നോക്കും
നേരം നാരീജനത്തിന്‍ കളികളുമിളിയും നോക്കുമൂക്കുള്ള വാക്കും
പോരാ പോരില്‍ത്തടുപ്പാന്‍; പരമശിവപദാംഭോജരേണുപ്രസാദം
പോരും പോരും കൃതാന്തപ്രതി ഭയമകലത്താക്കുവാനാര്‍ക്കുമെന്നും!

കവി : കുമാരനാശാന്‍

ശ്ലോകം 225 : വാരാളുന്നീ വേടരോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വാരാളുന്നീ വേടരോ, വിന്ധ്യകേതു-
പ്പേരാര്‍ന്നാത്മസ്വാമിതന്‍ ശാസനത്താല്‍,
ഘോരാരണ്യേ പൂരുഷന്മാരെയങ്ങി-
ങ്ങാരായുന്നോരാണു, ദേവീബലിക്കായ്‌.

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : ശാലിനി

ശ്ലോകം 224 : എന്റേതെന്നു നിനച്ചതൊക്കെ

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

എന്റേതെന്നു നിനച്ചതൊക്കെ വെടിവേന്‍; ഒന്നാഗ്രഹം;വാങ്മനഃ-
കര്‍മ്മാകാരമെടുത്തു വിശ്വമഖിലം വ്യാപിച്ച ഹേ വാമന!
വാഗര്‍ഥങ്ങള്‍ മരന്ദമേകുവതിനായ്‌ വര്‍ണാഭ പൂ, ണ്ടക്ഷര-
ശ്ലോകപ്പൂവിരിയിപ്പതാവണമെനിയ്ക്കേതാണ്ടുമീ ശ്രാവണം!

കവി : മധുരാജ്‌
ഒരു ഓണശ്ലോകം

ശ്ലോകം 223 : ഏന്തില്ലായുധമെന്ന തന്റെ ശപഥം...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഏന്തില്ലായുധമെന്ന തന്റെ ശപഥം തെറ്റിച്ചു, ഞാന്‍ ചെയ്തതാ-
മേന്തിച്ചീടുമതെന്ന സത്യമൃതമാക്കുംമാറു ചക്രായുധം
ഏന്തി, ബ്ഭൂമികുലുക്കി, മേല്‍പുടവയൂര്‍ന്നെന്‍നേര്‍ക്കു തേര്‍ത്തട്ടില്‍ നി-
ന്നേന്തിച്ചാടിയണഞ്ഞ പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 222 : തന്നിഷ്ടക്കാരനാകും യമനൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തന്നിഷ്ടക്കാരനാകും യമനൊരു നിയമം നോക്കലില്ലാനയേയും
തന്നുള്ളില്‍ ചേര്‍പ്പു സൌദാമിനിയുടെ കനകക്കയ്യു പെട്ടെന്നു നീട്ടി
എന്നാലീ വൃദ്ധനാമെന്നുടലുയിരുകളെ പ്രത്യഹം നുള്ളി നുള്ളി
ത്തിന്നുന്നൂ ചൂടു കൂടും കറിയൊരു കൊതിയന്‍ കുട്ടിപോലക്കൃതാന്തന്‍

കവി : വി.കെ.ജി.
കൃതി : അവില്‍പ്പൊതി

ശ്ലോകം 221 : അഗ്രേപശ്യാമി തേജോ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീമണ്ഡലൈശ്ച

കവി : മേല്‍പത്തൂര്‍
കൃതി : നാരായണീയം

ശ്ലോകം 220 : വക്കത്തുല്‍ക്കണ്ഠയാല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

വക്കത്തുല്‍ക്കണ്ഠയാലുല്‍ക്കടരുജ തടവും വല്ലവസ്നേഹിതന്മാ-
രാക്രന്ദിയ്ക്കെ, ക്കടക്കണ്‍നനവൊടു പശുവൃന്ദങ്ങളങ്ങമ്പരക്കേ
അര്‍ക്കാപത്യാന്തരാളാദുപരിയുയരുമക്കാളിയപ്പത്തി തന്മേ-
ലക്കാര്‍വര്‍ണ്ണന്‍ നടത്തീടിന നടനകലാവിപ്ലവം വെല്‍വുതാക!

കവി : വി.കെ.ജി
കൃതി : അവില്‍പ്പൊതി

ശ്ലോകം 219 : വെള്ളം വെട്ടിത്തിളച്ചാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌

വെള്ളം വെട്ടിത്തിളച്ചാല്‍ പൊടിയിടണ, മടച്ചാവി പോവാതെ വാങ്ങി-
പ്പൊള്ളാതായാല്‍ തുറന്നൂറ്റണ, മതിനുസമം വെന്തപാല്‍ ചേര്‍ത്തിടേണം,
വെള്ളപ്പന്‍സാരയും ചേര്‍ത്തലിവതിനു നാലഞ്ചുവട്ടം പകര്‍ത്തി-
ക്കൊള്ളുന്നേരം പതഞ്ഞാലവനിയിലമൃതില്ലെന്ന വല്ലായ്മ തീരും

ശ്ലോകം 218 : ഓണക്കോടി ഞൊറിഞ്ഞുടുത്തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിന്‍പൊന്‍പൂക്കുലച്ചാര്‍ത്തുമായ്‌
പ്രാണപ്രേയസി കാവ്യകന്യ കവിളത്തൊന്നുമ്മവെച്ചീടവേ
വീണക്കമ്പികള്‍മീട്ടി മാനവ മനോരാജ്യങ്ങളില്‍ ച്ചെന്നു ഞാന്‍
നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയെ പാദസ്വരം നല്‍കുവാന്‍

കവി: വയലാര്‍ രാമവര്‍മ്മ
കൃതി: സര്‍ഗ്ഗസംഗീതം
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 217 : കുന്നിയ്ക്കും കുറയാതെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

കുന്നിയ്ക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചം പേറിടും
കുന്നിന്‍നന്ദിനി കുന്ദബാണനു കൊലക്കേസൊന്നു തീര്‍ത്തായതില്‍
ഒന്നാം സാക്ഷിണിയായ നീ കനിവെഴുംവണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ പെരുവനത്തപ്പന്റെ തൃപ്പെണ്‍കൊടീ.

കവി: ശീവൊള്ളി

ശ്ലോകം 216 : മുട്ടുകുത്തി, മണിമണ്ഡനസ്വനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

മുട്ടുകുത്തി, മണിമണ്ഡനസ്വനമുയര്‍ന്നിടാതെ, യതിസാഹസ-
പ്പെട്ടിഴഞ്ഞു, കതകൊച്ചയറ്റവിധമായ്‌ തുറന്നു, ചരിതാര്‍ത്ഥനായ്‌
കട്ടിലിന്മുകളിലെത്തിനിന്നുറിയില്‍ വെച്ച വെണ്ണ മലര്‍വായ്ക്കക-
ത്തിട്ടു കട്ടുപുലരുന്ന തസ്കരകലാവിശാരദനു കൈതൊഴാം!

കവി : വി.കെ.ജി.
കൃതി: അവില്‍പ്പൊതി
വൃത്തം: കുസുമമഞ്ജരി

ശ്ലോകം 215 : ഔദാര്യവാനരചനന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഔദാര്യവാനരചനന്നു ധനാന്നവസ്ത്ര-
ഗോദാനപൂര്‍വകമശേഷജനങ്ങളേയും
മോദാര്‍ണവത്തില്‍ മുഴുകിച്ചു മുറയ്ക്കുവന്നു
ഗോദാനകര്‍മ്മവുമനാകുലമായ്ക്കഴിച്ചു

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം

ശ്ലോകം 214 : മുന്നേ ഞാന്‍ നിരുപിച്ചപോല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

മുന്നേ ഞാന്‍ നിരുപിച്ചപോല്‍ സദൃശനായുള്ളോരു ഭര്‍ത്താവിനെ-
ത്തന്നേ ഭാഗ്യവശേന മല്‍പ്രിയസുതേ പ്രാപിച്ചു നീ സാമ്പ്രതം
ഔന്നത്യം കലരും രസാലവരനമ്മുല്ലയ്ക്കുമായ്‌ വല്ലഭന്‍
നിന്നെച്ചൊല്ലിയുമില്ലകില്ലിനിയെനിയ്ക്കിമ്മുല്ലയെച്ചൊല്ലിയും

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ഭാഷാശാകുന്തളം
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 213 : സന്താപത്തിനു തോണിയായ....

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

സന്താപത്തിനു തോണിയായ കവിതേ, നീ പുത്രദുഃഖത്തിനോ
പൂന്തേനായ്‌? തളര്‍വാതരോഗമുടനേ മാറ്റുന്ന ഭൈഷജ്യമായ്‌!
മീന്‍തൊട്ടിട്ടു സുഗന്ധമായ്‌, കനകധാരാദ്വൈതിതന്‍ ചെപ്പിലെ-
പ്പന്തായ്‌, കാലടികൂപ്പുമെന്‍ കരളിലെപ്പൊന്നോമനപ്പീലിയായ്‌?

കവി : രമേശന്‍ നായര്‍
കൃതി : സോപാനഗീതം

ശ്ലോകം 212 : ചന്തം ചിന്തുന്ന ചന്ദ്രോത്സവം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ചന്തം ചിന്തുന്ന ചന്ദ്രോത്സവ, മനുഭവരാസിക്യ സമ്പന്നമുക്താ-
വൃന്ദം നാരായണീയം, പുനമഹിഷകൃതോല്‍കൃഷ്ട ചമ്പൂകദംബം,
സന്ദേശച്ചാര്‍ത്തു മേഘഭ്രമരശുകമയൂരാദി, സാഹിത്യമൂല്യം
സ്പന്ദിച്ചീടും തരംഗോജ്ജ്വലതരളിതമാണക്ഷരശ്ലോകസിന്ധു!

കവി: വി.കെ. ഗോവിന്ദന്‍ നായര്‍
വൃത്തം: സ്രഗ്ധര

Friday, March 04, 2005

ശ്ലോകം 211: ഖേദിയ്ക്കകൊണ്ടു...

ചൊല്ലിയത്‌: രാജേഷ്‌ വര്‍മ്മ

ഖേദിയ്ക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

കവി: കുമാരനാശാന്‍
കൃതി: വീണ പൂവ്‌
വൃത്തം: വസന്തതിലകം

ശ്ലോകം 210 : വിലയാര്‍ന്ന വിശിഷ്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിലയാര്‍ന്ന വിശിഷ്ട വസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപംക്തിമേല്‍
കലരും പുഷ്പലതാവിതാനമാം

കവി: കുമാരനാശാന്‍
കൃതി: ചിന്താവിഷ്ടയായ സീത
വൃത്തം: വിയോഗിനി

ശ്ലോകം 209 : വല്ലവീകര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

വല്ലവീകരസരോരുഹങ്ങളില്‍
പ്രോല്ലസിച്ചു മരുവുന്ന വണ്ടിനെ
വല്ലവണ്ണവുമിവന്റെ മാനസ-
ക്കല്ലറയ്ക്കക മണച്ചിടാവതോ!

വൃത്തം: രഥോദ്ധത

ശ്ലോകം 208 : വളഞ്ഞോരച്ചില്ലിക്കൊടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചൈതാള്‍ വിധുമുഖി
വളം ഞാന്‍ നല്‍കുന്നൂ വിഷമവിശിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.

കവി: കുണ്ടൂര്‍ നാരയണ മേനോന്‍
കൃതി: അജാമിള മോക്ഷം
വൃത്തം: ശിഖരിണി

ശ്ലോകം 207 : ജഗന്നിവാസാ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ജഗന്നിവാസാ കരുണാംബുരാശേ
മുകുന്ദ, ഭക്തപ്രിയ, വാസുദേവ,
വരുന്ന രോഗങ്ങളകന്നു പോകാന്‍
വരം തരേണേ ഗുരുവായുരപ്പാ

വൃത്തം: ഉപേന്ദ്രവജ്ര

ശ്ലോകം 206 : ജാതിത്തത്തിന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ജാതിത്തത്തിന്നു രാജന്‍, ദ്രുതകവിതയതില്‍ ക്കുഞ്ഞഭൂജാനി, ഭാഷാ-
രീതിക്കൊക്കും പഴക്കത്തിനു നടുവ, മിടയ്ക്കച്യുതന്‍ മെച്ചമോടേ
ജാതപ്രാസം തകര്‍ക്കും, ശുചിമണി രചനാഭംഗിയില്‍ പൊങ്ങിനില്‍ക്കും,
ചേതോമോദം പരക്കെത്തരുവതിനൊരുവന്‍ കൊച്ചു കൊച്ചുണ്ണി ഭൂപന്‍

കവി: വെണ്മണി അച്ഛന്‍ നമ്പൂരിപ്പാട്‌
വൃത്തം: സ്രഗ്ദ്ധര

ശ്ലോകം 205 : ഓര്‍ക്കിലാക്കിഴവനാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഓര്‍ക്കിലാക്കിഴവനാം ജടായു പോയ്‌
സ്വര്‍ഗ്ഗമെത്തിയതിലെന്തഴല്‍പ്പെടാന്‍
ജര്‍ജ്ജരാംഗമുടല്‍ നല്‍കി നേടിനാന്‍
ചന്ദ്രികാധവളമാം യശസ്സവന്‍

കവി: പി. ചന്ദ്രശേഖരവാരിയര്‍, അഷ്ടമിച്ചിറ
കൃതി: കൈരളീഭൂഷണം
വൃത്തം: രഥോദ്ധത

ശ്ലോകം 204 : എന്നാലുമിംഗ്ലീഷറിയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

എന്നാലുമിംഗ്ലീഷറിയും ജനങ്ങള്‍
നന്നായിയെന്നായ്‌ പറയും ചിലേടം
ഒന്നാണെനിക്കീയിതില്‍ മെച്ച,മിംഗ്ലീ-
ഷിന്‍ നാറ്റമേല്‍ക്കാതിതു ചെയ്തുവല്ലോ.

കവി: കുഞ്ഞിക്കുട്ടന്‍ തമ്പുരന്‍
വൃത്തം: ഇന്ദ്രവജ്ര

ശ്ലോകം 203 : ദേവന്മാര്‍ക്കമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ദേവന്മാര്‍ക്കമൃതം, മുകുന്ദനു രമാം, ധാത്രിയ്ക്കു മര്യാദയും
ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല
ഏവം പ്രീതിദമായ്ക്കൊടുത്തു ശരണം ഭൂഭൃത്തുകള്‍ക്കും തദാ-
പ്യുണ്ടായീലൊരുവന്‍ തുണപ്പതിനഗസ്ത്യന്‍ നമ്മെ മോന്തും വിധൌ.

കവി: ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 202 : പുഷ്ടപ്രേമമൊടെന്നൊട്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പുഷ്ടപ്രേമമൊടെന്നൊടൊത്തു വിളയാടീട്ടുള്ള ശിഷ്ടാഗ്രരാ-
മിഷ്ടന്മാര്‍ മമ ദിഷ്ടദോഷമിതിനെക്കേട്ടീടില്‍ ഞെട്ടിപ്പരം
ദൃഷ്ടിത്തെല്ലതില്‍ നിന്നു മന്ദമൊഴുകുന്നശ്രുക്കള്‍ പൂണ്ടെത്രയും
'കഷ്ടം കഷ്ട'മിതെന്നു ചൊല്ലിയധികം ഖേദിച്ചു രോദിച്ചിടും

കവി: കെ. സി. കെശവ പിള്ള
കൃതി: ആസന്നമരണചിന്താശതകം
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 201 : ധനിയ്ക്കും ധനം തെല്ലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ധനിയ്ക്കും ധനം തെല്ലുമില്ലാത്തവര്‍ക്കും
മുനിയ്ക്കും മനസ്സെത്ര പുണ്ണായവര്‍ക്കും
പഴിയ്ക്കുന്നവര്‍ക്കും നിനയ്ക്കില്‍ജനിക്കെ-
ട്ടഴിയ്ക്കാന്‍ തുണയ്ക്കും ഹരിയ്ക്കായ്‌ നമിയ്ക്കാം

കവി: പി സി മധുരാജ്‌
വൃത്തം: ഭുജംഗപ്രയാതം

ശ്ലോകം 200 : ബ്രഹ്മാവിന്റെയും...

ചൊല്ലിയതു്‌ : ഹരിദാസ്‌

ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ ഡിപ്പാര്‍ട്ടുമെന്റില്‍ക്കിട-
ന്നമ്മേ ഞാന്‍ തിരിയുന്നിതെത്ര യുഗമായ്‌, എന്നാണിതിന്‍ മോചനം?
ധര്‍മ്മാധര്‍മ്മ പരീക്ഷണത്തിനിനിമേല്‍ കാലന്റെ കച്ചേരിയില്‍
ചെമ്മേ ഹാജരെനിക്കിളച്ചു തരണേ തദ്ദര്‍ശനം കര്‍ശനം

കവി: ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 199 : ശൃംഗാരത്തിന്റെ നാമ്പോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ശൃംഗാരത്തിന്റെ നാമ്പോ, രസികതയൊഴുകിപ്പോകുവാനുള്ള തൂമ്പോ,
സൊവ്ന്ദര്യത്തിന്റെ കാമ്പോ, മദനരസചിദാനന്ദ പൂന്തേന്‍കുഴമ്പോ,
ബ്രഹ്മാവിന്‍ സൃഷ്ടിവന്‍പോ, നയനസുഖലതയ്ക്കൂന്നു നല്‍കുന്ന കമ്പോ,
കന്ദര്‍പ്പന്‍ വിട്ടൊരമ്പോ, ത്രിഭുവനവിജയത്തിന്നിവന്‍? തോഴി! യമ്പോ!

കവി: ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍
കൃതി: രസസ്വരൂപ നിരൂപണം
വൃത്തം: സ്രഗ്ദ്ധര

ശ്ലോകം 198 : ഘോരായുധവ്രണിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

ഘോരായുധവ്രണിതകാന്തകളേബരം കൈ-
ത്താരാല്‍ക്കനിഞ്ഞഹഹ, തൊട്ടുതലോടിടുമ്പോള്‍
ശ്രീരാജകന്യകള്‍കൊതിച്ചുവരുന്നവീര-
ദാരാസ്പദത്തിലുമുഷയ്ക്കു വിരക്തി തോന്നി!

കവി: വള്ളത്തോള്‍
കൃതി: ബന്ധനസ്ഥനായ അനിരുദ്ധന്‍
വൃത്തം: വസന്തതിലകം

ശ്ലോകം 197 : സാരാനര്‍ഘപ്രകാശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സാരാനര്‍ഘപ്രകാശ പ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-
പ്പാരാവാരത്തിനുള്ളില്‍പ്പരമിരുള്‍ നിറയും കന്ദരത്തില്‍ കിടപ്പൂ
ഘോരാരണ്യച്ചുഴല്‍ക്കാറ്റടികളിലിളകും തൂമണം വ്യര്‍ത്‌ഥമാക്കു-

ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നൂ.

കവി: വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി: ഒരു വിലാപം
വൃത്തം: സ്രഗ്ദ്ധര

ശ്ലോകം 196 : ശമമാം സുമഗന്ധം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

കവി: രാജേഷ്‌ വര്‍മ്മ
വൃത്തം: തോടകം

ശ്ലോകം 195 : ഒരു വേള പഴക്കമേറിയാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം
ശരിയായ്‌ മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ

കവി: കുമാരനാശാന്‍
കൃതി: ചിന്താവിഷ്ടയായ സീത
വൃത്തം: വിയോഗിനി

ശ്ലോകം 194 : സരിഗമപധ കൊച്ചുവീണ...

ചൊല്ലിയതു്‌ : ജ്യോതി

സരിഗമപധ കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങുമേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

കവി: സിസ്റ്റര്‍ മെറി ബെനീഞ്ജ