അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, July 07, 2006

അക്ഷരശ്ലോകഗ്രൂപ്പിനെപ്പറ്റി...

അക്ഷരശ്ലോകസദസ്സ് : 2647 ശ്ലോകങ്ങള്‍ എന്ന പോസ്റ്റിനു് പലര്‍ പ്രതികരിച്ചതിന്റെ പ്രതികരണം:

ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി 126 അംഗങ്ങള്‍ (ഇപ്പോള്‍) ഉള്ള ഒരു ഗ്രൂപ്പിന്റെ സംഘടിതശ്രമത്തിന്റെ ഫലമാണു് അക്ഷരശ്ലോകഗ്രൂപ്പ്. ബ്ലോഗിനെയും യൂണിക്കോഡീനെയും പറ്റി അറിയുന്നതിനു മുമ്പു് (2004 നവംബര്‍) ഞാനും രാജേഷ് വര്‍മ്മയും കൂടിയാണു് ഇതു തുടങ്ങിയതു്. വിശ്വമാണു് ഇതിനു പ്രചാരം കൊടുത്തതു്. പിന്നെയും ഒരുപാടാളുകള്‍...

ആദ്യകാലത്തു് ഓരോ ശ്ലോകവും ഓരോ ബ്ലോഗ്‌പോസ്റ്റായി ഇട്ടിരുന്നു. അതൊരു വലിയ പണിയായതുകൊണ്ടു നിര്‍ത്തി. അതിനുപകരം അതൊരു വെബ്‌പേജില്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നു.

"വരമൊഴി"യുടെ ഒരു നല്ല ടെസ്റ്റിംഗ്‌ സെന്ററായിരുന്നു ഈ ഗ്രൂപ്പ്‌. സാധാരണ ഉപയോഗത്തിലില്ലാത്ത ഒരുപാടു കൂട്ടക്ഷരങ്ങളും ഉപയോഗങ്ങളും (നാമ്‌നാ, നിരൃതി തുടങ്ങിയവ ഉദാഹരണം) ശ്ലോകങ്ങളില്‍ കാണുന്നതുകൊണ്ടു്‌ വരമൊഴിയെ ഞങ്ങള്‍ സ്റ്റ്രെസ്സ്‌ടെസ്റ്റു ചെയ്തു. കണ്ടുപിടിക്കുന്ന ബഗ്ഗുകള്‍ സിബു അപ്പപ്പോള്‍ തന്നെ തിരുത്തുമായിരുന്നു.

അക്ഷരശ്ലോകമത്സരമെന്നതിലുപരി, ശ്ലോകങ്ങള്‍ സംഭരിക്കാനുള്ള മാര്‍ഗ്ഗമായാണു് ഇതിനെ ഉപയോഗിക്കുന്നതു്.

ദിവാസ്വപ്നമേ,

ഇത്രയും ശ്ലോകമൊന്നും ആര്‍ക്കും ഓര്‍മ്മയില്ല. എനിക്കു് ഇവയില്‍ 25 ശതമാനത്തില്‍ കൂടുതല്‍ അറിയുമെന്നു തോന്നുന്നില്ല. പക്ഷേ കൂടുതല്‍ ശ്ലോകങ്ങള്‍ പഠിക്കാന്‍ ഇതു് ആളുകളെ ഒരുപാടു സഹായിച്ചിട്ടുണ്ടു്.

പല ശ്ലോകങ്ങളും ഓര്‍മ്മയില്‍ നിന്നല്ല, പുസ്തകങ്ങള്‍ നോക്കിയാണു് പല ആളുകളും പോസ്റ്റു ചെയ്യുന്നതു്. സദസ്സില്‍ എറ്റവും കൂടുതല്‍ ശ്ലോകങ്ങള്‍ (590) അയച്ച ശ്രീധരന്‍ കര്‍ത്താ ഒരു അക്ഷരശ്ലോകിയല്ല. പത്തെണ്ണത്തില്‍ കൂടുതല്‍ അറിയില്ല എന്നു് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടു്. ശ്ലോകങ്ങളറിയുന്നതിനേക്കാള്‍ ഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹമാണു്‌ ആളുകളെ നയിക്കുന്നതു്‌.

ഡാലീ,

എന്തിനാണു്‌ എല്ലാവരും വരും തലമുറയെപ്പറ്റി പറയുന്നതു്‌? ഈ തലമുറയ്ക്കു പറ്റില്ലേ? അതോ ഡാലിക്കു്‌ ഒരുപാടു വയസ്സായിപ്പോയോ? എല്ലാം നാളെയ്ക്കു നീട്ടിവെയ്ക്കുന്നതിന്റെ മറ്റൊരു വകഭേദമല്ലേ എല്ലാം വരും തലമുറയുടെ തലയില്‍ കെട്ടിവെയ്ക്കുന്നതു്‌?

PDF ഡോക്യുമെന്റും സൂചികയുമൊക്കെ ആദ്യമേ ഉണ്ടായിരുന്നു. XML, യൂണിക്കോഡ്‌ HTML എന്നിവ പിന്നീടു വന്നതാണു്‌.

ആദ്യം യാഹൂ ഗ്രൂപ്പിന്റെ Files ഭാഗത്തായിരുന്നു ഫയലുകള്‍. യാഹുവിന്റെ ലിമിറ്റ്‌ കഴിയാറായപ്പോള്‍ Filefarmer എന്ന ഫ്രീ സൈറ്റില്‍ കുറെക്കാലം അവ ഇട്ടു. പിന്നീടു ഞാന്‍ കുറച്ചു വെബ്‌സ്പേസ്‌ വാങ്ങിയപ്പോള്‍ (എന്റെ ബ്ലോഗിനും മറ്റുമായി) ഇവ അവിടെ ഇട്ടു.

യാഹൂ ഗ്രൂപ്പിന്റെ പേജുകളില്‍ മറ്റു ചില ഡൊക്യുമെന്റ്സ്‌ ഉണ്ടു്‌. അംഗങ്ങളുടെ വിവരങ്ങള്‍, മറ്റു ചില പുസ്തകങ്ങള്‍ തുടങ്ങിയവ.

ചൊല്ലിയ ശ്ലോകം വീണ്ടും ചൊല്ലിയാല്‍ സാധാരണ ആരെങ്കിലും കണ്ടുപിടിക്കാറുണ്ടു്‌. ഇല്ലെങ്കില്‍ അടുത്ത തവണ പുസ്തകങ്ങള്‍ അപ്‌ഡേറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ കണ്ടുപിടിക്കും. അപ്പോള്‍ അതേ അക്ഷരങ്ങള്‍ക്കു്‌ (ഉദാ: പ ദ ആക്കുന്ന ശ്ലോകം) വേറേ ഒരു ശ്ലോകം ആരെങ്കിലും ചൊല്ലും.

ചിലപ്പോള്‍ ഒരേ അക്ഷരത്തിനു തന്നെ രണ്ടു പേര്‍ ശ്ലോകങ്ങളയയ്ക്കും. ഉദാഹരണത്തിനു്‌, പ എന്ന അക്ഷരം വന്നപ്പോള്‍ രണ്ടുപേര്‍ ചൊല്ലി - പ-ക യും പ-വ യും. അപ്പോള്‍ മൂന്നാമതൊരാള്‍ ഒരു ക-പ ശ്ലോകം ചൊല്ലും - രണ്ടിന്റെയും ഇടയില്‍ തിരുകാന്‍. ശ്ലോകം കിട്ടാതെ വന്നപ്പോള്‍ ഇങ്ങനെയുള്ള ഫില്ലര്‍ ശ്ലോകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ടു്‌ ഇവിടത്തെ കവികള്‍. ഒരക്ഷരത്തിനെ മറ്റൊന്നായി കരുതി അയയ്ക്കുമ്പോഴും (സ, ശ എന്നിവയാണു്‌ പലപ്പോഴും തെറ്റുന്നതു്‌)

ചാക്കോച്ചിയേ, :-)

Thursday, July 06, 2006

അക്ഷരശ്ലോകസദസ്സ് : 2647 ശ്ലോകങ്ങള്‍

അക്ഷരശ്ലോകസദസ്സില്‍ ഇതുവരെ 2647 ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുണ്ടു്. ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം - PDF, XML (വരമൊഴി), HTML (യൂണിക്കോഡ്) എന്നു മൂന്നു രൂപത്തില്‍.

PDF രൂപത്തിനു് അടിക്കുറിപ്പുകള്‍, സ്റ്റാറ്റിസ്റ്റിക്സ്, സൂചിക എന്നിവയുണ്ടു്.

HTML രൂപത്തിനു സൂചികയുണ്ടു്.

പൂര്‍ണ്ണരൂപം കൂടാതെ 500 ശ്ലോകങ്ങള്‍ വീതമുള്ള ചെറിയ രൂപങ്ങളും ലഭ്യമാണു്.

എല്ലാവര്‍ക്കും നന്ദി!

Wednesday, March 01, 2006

ഇ-സദസ്സിലെ ശ്ലോകങ്ങള്‍

അക്ഷരശ്ലോകസ്നേഹികളേ,

ഈ ബ്ലോഗ് സമയത്തു് update ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു വിധത്തില്‍ അതൊരു നല്ല വാര്‍ത്തയാണു്. അത്രയധികം ശ്ലോകങ്ങള്‍ ഈ അക്ഷരശ്ലോകസദസ്സില്‍ ചൊല്ലുന്നതുകൊണ്ടാണിതു്. അവ സമാഹരിച്ചു തെറ്റുതിരുത്തി ബ്ലോഗ്പോസ്റ്റുകളാക്കുന്നതു പിടിപ്പതു പണിയായതുകൊണ്ടാണു് ഇങ്ങനെ പറ്റിയതു്.

ഇങ്ങനെയാണെങ്കിലും, ഇ-സദസ്സില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ PDF, XML, Malayalam Unicode എന്നീ രൂപങ്ങളില്‍ aksharaslokam എന്ന യാഹൂ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു ലഭ്യമായിരുന്നു. അവയെ ഇപ്പോള്‍ ഒരു public server-ലേക്കു മാറ്റിയിട്ടുണ്ടു്. ഇനി എല്ലാവര്‍ക്കും ആ ശ്ലോകങ്ങള്‍ വായിക്കാം.


 1. പ്രധാന പേജ്: http://aksharaslokam.usvishakh.net
  എല്ലാ പുസ്തകങ്ങളും പേജുകളും. മൊത്തം ശ്ലോകങ്ങളോ, 500 വീതമുള്ള ഖണ്ഡങ്ങളോ ഇവിടെ വായിക്കാം.

 2. എല്ലാ ശ്ലോകങ്ങളും (PDF): http://aksharaslokam.usvishakh.net/esfull.pdf
  എല്ലാ ശ്ലോകങ്ങളും, കൂടാതെ പല ശ്ലോകങ്ങളുടെയും മൂലശ്ലോകങ്ങളും പരിഭാഷകളും അര്‍ത്ഥവിവരണങ്ങളുമടങ്ങിയ അടിക്കുറിപ്പുകളും, സൂചിക(index)കളും, സ്റ്റാസ്റ്റിസ്റ്റിക്സും അടങ്ങിയതു്.

 3. എല്ലാ ശ്ലോകങ്ങളും (മലയാളം യൂണിക്കോഡ്): http://aksharaslokam.usvishakh.net/es-all.html
  എല്ലാ ശ്ലോകങ്ങളും ഭംഗിയായി യൂണിക്കോഡില്‍. ഈ ശ്ലോകങ്ങളുടെ ഒരു സൂചിക ഇവിടെ കാണാം.

 4. എല്ലാ ശ്ലോകങ്ങളും (വരമൊഴി XML): http://aksharaslokam.usvishakh.net/es-all.xml
  എല്ലാ ശ്ലോകങ്ങളും വരമൊഴിയുടെ മൊഴി transliteration scheme-ല്‍. ഈ data മറ്റെവിടെയെങ്കിലും ഉപയോഗിക്കാന്‍ പര്യാപ്തമായ വിധത്തില്‍ XML രൂപത്തില്‍.

ഈ പേജുകളും പുസ്തകങ്ങളും വളരെ വലുതാണു്. (2 MB-യില്‍ കൂടുതന്‍ ഓരോന്നും) അതിനാല്‍, 500 ശ്ലോകങ്ങള്‍ വീതമുള്ള ചെറിയ ഭാഗങ്ങളും download ചെയ്യാന്‍ പറ്റും. പ്രധാന പേജ് കാണുക.

ഈ പേജുകള്‍ ആഴ്ചയില്‍ ഒരു തവണ update ചെയ്യാനാണു പരിപാടി. താമസിയാതെ ഈ ബ്ലോഗും update ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള സഹൃദയരുടെ സഹായത്താല്‍ ഒന്നേകാല്‍ വര്‍ഷം കൊണ്ടു് നൂറിലധികം അംഗങ്ങളും 2300-ലധികം ശ്ലോകങ്ങളുമായി വളര്‍ന്നിരിക്കുന്നു. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ശ്ലോകസമാഹാരവുമാണു് ഇതു്.

ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും ഒരു തവണ കൂടി നന്ദി പറയുന്നു.

Sunday, June 26, 2005

ശ്ലോകങ്ങള്‍ 511 മുതല്‍ 626 വരെ

(
പതിമൂന്നു ദിവസത്തിനുള്ളില്‍ സദസ്സില്‍ 115 ശ്ലോകങ്ങള്‍ ചൊല്ലിയതുകൊണ്ടു സമയത്തിനു ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിനി വളരെ സമയമെടുക്കും. അതിനാല്‍ ആ ശ്ലോകങ്ങള്‍ ഒന്നിച്ചു്‌ ഇവിടെച്ചേര്‍ക്കുന്നു. സമയം കിട്ടുന്നതനുസരിച്ചു്‌ അവയെ വേര്‍തിരിക്കാം.

ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. എല്ലാവരും ക്ഷമിക്കുക.

- ഉമേഷ്‌
)

ശ്ലോകം 511 : മുക്കാല്‍ക്കാശിനു ബീഡി പോലെ...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/12 1:13 പി)

മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ-
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണീകളും - നന്നല്ലയിന്നമ്പലം!

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 512 : മാനം മേ ഭൂതലം മേ...
ചൊല്ലിയതു്‌ : ബാലേന്ദു (6/12 5:18 പി)

മാനം മേ ഭൂതലം മേ വരതനുരുചി മേ കീര്‍ത്തി മേ നത്സുഖം മേ
ജ്ഞാനം മേ വിക്രമം മേ തരുണപദവി മേ സാഹിതീകൌശലം മേ
ഗാനം മേ സദ്ഗുണം മേ ഭുജബലമതു മേ സല്‍ക്കുലം മേ ധനം മേ
നൂനം മേ സര്‍വ്വമിത്ഥം നൃപരജനിരപോലങ്ങു "മേ മേ" കരഞ്ഞാര്‍.

കവി : ഉള്ളൂര്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 513 : ഗൃഹിണിമാര്‍ നരനായിരമായിടാം...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/12 5:54 പി)

ഗൃഹിണിമാര്‍ നരനായിരമായിടാം
മഹിള ചാവൊളമേക പതിവ്രത
മഹിയിതില്‍പ്പുരുഷന്റെ മനുഷ്യതാ-
രഹിതമാം ഹിതമാമിതു നീതിയോ ?

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 514 : മടിയില്‍ മോടിയില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/12 8:54 പി)

മടിയില്‍ മോടിയില്‍ മോഹിനി ഗൌരിയും
മുടിയില്‍ മാടിയില്‍ മാനിനി ഗംഗയും

ചിടയുമാടയുമാര്‍ന്നൈടുമീശ നി-
ന്നടിതലോടി തലോപരി വീണിടാം.

കവി : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 515 : ചിതമൊടാ മധുഗന്ധം...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/12 10:20 പി)

ചിതമൊടാ മധുഗന്ധമെഴും സുമ-
സ്മിതമണിഞ്ഞ തളിര്‍ച്ചൊടി മോടിയാല്‍
സുതരു ചേര്‍ന്നെവനും നവമല്ലികാ-
ലത രസാല്‍ തരസാ മദമേറ്റി പോല്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍
കൃതി : രഘുവംശം തര്‍ജ്ജമ (9:40)
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 516 : സാ കവിതാ, സാ വനിതാ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/12 10:31 പി)

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി

വൃത്തം : ഗീതി

ശ്ലോകം 517 : കരകള്‍ കവിയുമാറായ്‌...
ചൊല്ലിയതു്‌ : ജീവി (6/12 10:47 പി)

കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി-
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ-
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ
വൃത്തം : മാലിനി

ശ്ലോകം 518 : തൃക്കയ്യില്‍ കബളാന്നവും...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/12 10:53 പി)

തൃക്കയ്യില്‍ കബളാന്നവും, വിരല്‍കളില്‍
സാരോപദംശങ്ങളും,
പോത്തും,കൊമ്പുമുദാരപത്രവുമിടംകക്ഷേ,വഹന്‍ കൌതുകാല്‍
വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 519 : വെണ്ണസ്മേരമുഖീം വറത്തു...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/12 11:26 പി)

വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ചദാം
ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ-
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

കവി : തോലന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 520 : കണ്ണേ മടങ്ങുക...
ചൊല്ലിയതു്‌ : ജീവി (6/13 1:20 എ)

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കവി: കുമാരനാശാന്‍
കൃതി: വീണ പൂവു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 521 : എന്‍ കര്‍മച്ചെടി പൂത്തു...
ചൊല്ലിയതു്‌ : മധുരാജ്‌ (6/13 4:05 എ)

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ,മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം

സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ-
ച്ഛംഖസ്വാന,മഹങ്കൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി: വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 521 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 8:12 എ)

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 521 : എന്‍ കര്‍മ്മച്ചെടി പൂത്തു...
ചൊല്ലിയതു്‌ : മധുരാജ്‌ (6/13 4:05 എ)

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ, മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം
സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ-
ച്ഛംഖസ്വാന, മഹംകൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി: വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 522 : സൌന്ദര്യം, സുകുമാരതാ...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 6:17 എ)

സൌന്ദര്യം, സുകുമാരതാ, മധുരതാ, കാന്തിര്‍, മനോഹാരിതാ
ശ്രീമത്താ, മഹിമേതി സര്‍ഗ്ഗവിഭവാന്‍
നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ-
സ്സ്രഷ്ടും വാഞ്ഛതി ചേത്‌ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം.

കൃതി : സുഭദ്രാധനഞ്ജയം നാടകം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം


ശ്ലോകം 523 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 8:12 എ)

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും
ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 524 : താരില്‍ത്തന്വീകടാക്ഷാഞ്ച...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 10:23 എ)

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

കവി : പുനം നമ്പൂതിരി
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 525 : ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 2:59 പി)

"ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍, മമ
തനുവിനു നീ നല്ല പീയൂഷമാ,
ണെന്‍
ജീവന്‍ നീ താന്‍, ദ്വിതീയം മമ ഹൃദയമതാകുന്നു നീ
സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു
ശേഷം?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 526 : എമ്പാടും സംഭ്രമത്തോടൊരു...
ചൊല്ലിയതു്‌ : ബാലേന്ദു (6/13 3:24 പി)

എമ്പാടും സംഭ്രമത്തോടൊരുകയര്‍മുറിയോടോടുമമ്മയ്ക്കുമമ്മ-
ട്ടന്‍പോലും നാരദാദിത്രിദശമുനിമനസ്സിന്നുമജ്ഞാതമായി
അമ്പോ! മായം കളിക്കും കപടനര ഭവാനെപ്പടിക്കുള്‍പ്പെടും പാ-
ഴമ്പാടിപ്പെണ്‍കിടങ്ങള്‍ക്കുടയ ചടുലമാം നേത്രജാലാന്തരത്തില്‍!

കവി : വി. കെ. ജി
കൃതി : സ്രഗ്ദ്ധര

ശ്ലോകം 527 : അമ്മാമന്‍ തന്റെ നെഞ്ഞത്ത്‌...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 3:41 പി)

അമ്മാമന്‍ തന്റെ നെഞ്ഞത്തമരിലമരവേ പോര്‍മിടുക്കിന്‍ തിളപ്പാല്‍,
നിര്‍മ്മായം കാളിയന്‍ തന്‍ തലയില്‍ വിലസവേ ലാസ്യമേളക്കൊഴുപ്പാല്‍,
സമ്മോദം ഗോപകന്യാരതികളില്‍ വിഹരിച്ചീടവേ കാമവായ്പാല്‍,
ചെമ്മേ തത്തിപ്പുളച്ചോരിടയനുടെയരക്കെട്ടറുക്കട്ടെ ദുഃഖം!

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 528 : സേവിക്കൂ ഗുരുഭൂതരെ...
ചൊല്ലിയതു്‌ : ബാലേന്ദു (6/13 4:34
പി)

സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ-
മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
ആവും മട്ടു തുണയ്ക്ക ഭൃത്യതതിയേ, ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

കവി : പയ്യമ്പള്ളി ഗോപാലപിള്ള / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 529 : അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണം...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/13 10:00 പി)

"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള-
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ച്‌
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ-
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ

കവി : ശീവൊള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 530 : തിരുവുള്ളമിങ്ങു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/14 9:49 എ)

തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ-
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
നരപാലകന്നു ചെവി കണ്ണു നിര്‍ണയം

കവി : ഇരയിമ്മന്‍ തമ്പി
കൃതി : രാജസേവാക്രമം
വൃത്തം : മഞ്ജുഭാഷിണി

ശ്ലോകം 531 : പെണ്മണിവദനം കണ്ടാല്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/14 12:10 പി)

പെണ്മണിവദനം കണ്ടാല്‍
വെണ്മതി
രണ്ടെന്നു മേവിടുന്ന മനം
ഉണ്മ നിനച്ചിതിലെല്ലാം
വെണ്മ തിരണ്ടെന്നു മേ വിടും നമനം?

കവി : എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : ഗീതി

ശ്ലോകം 532 : ഉപത്യകാസ്വദ്യ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/14 3:46 പി)

ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചൈലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈര്‍ഭൃശമര്‍ഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്‍മസമ്പദഃ

കവി : കുമാരനാശാന്‍
കൃതി : സ്വാഗതപഞ്ചകം
വൃത്തം : വംശസ്ഥം

ശ്ലോകം 533 : ഫലഭരേണ തരുക്കള്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/14 4:21 പി)

ഫലഭരേണ തരുക്കള്‍ നമിച്ചിടും,
ജലഭരേണ ഘനങ്ങളുമങ്ങനെ,
അലഘുസംപദി സജ്ജനവും തഥാ
വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 534 : അടവിയതില,നല്‍പം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 9:03 എ)

അടവിയതില,നല്‍പം വേരുറച്ചും, പഴക്കം
തടവിയു, മളവില്ലാതുള്ള മാഹാത്മ്യമാര്‍ന്നും
സ്ഫുടതരബഹുശാഖാലംബിതുഷ്ട്യദ്ദ്വിജേന്ദ്ര-
ച്ഛടയൊടു വിലസുന്നൂ വേദമട്ടായ്‌ മരങ്ങള്‍

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം

ശ്ലോകം 535 : സ്ഖലിതഭാഗ്യമണഞ്ഞൊരു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 9:43 എ)


സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

കവി : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം


ശ്ലോകം 536 : ഫാലേ നീലാളകങ്ങള്‍ക്കിടയില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/15 9:50 എ)

ഫാലേ നീലാളകങ്ങള്‍ക്കിടയിലഴകെഴും ചില്ലിതന്‍ മേല്‍വശം ത-
ന്മാലേയസ്നിഗ്ദ്ധരേഖയ്ക്കിടയില്‍ നടുവില്‍ നീ തൊട്ടതാം കുങ്കുമാങ്കം
കാലേ സഹ്യാചലത്തിന്‍ കുടിലവലലതാശ്യാമസീമാഞ്ചലത്തിന്‍
മേലേ പൊന്തും വിഭാതദ്യുതിമണിയൊടെതിരായ്‌, സുഭ്രു, ശോഭിച്ചിരുന്നു.

കവി : കെ. എന്‍. ഡി.
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 537 : കുറളയുളര്‍ പറഞ്ഞോര്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 10:31 എ)

കുറളയുളര്‍ പറഞ്ഞോര്‍ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ്ത്തേ-
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം

കൃതി : ചെറിയച്ചീവര്‍ണനം
വൃത്തം : മാലിനി

ശ്ലോകം 538 : ഝഷകേതന, നിന്‍ സുതന്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 11:22 എ)

ഝഷകേതന, നിന്‍ സുതന്‍ വരിച്ചോ-
രുഷയാണീ സതി, യെന്നെയീ വിധത്തില്‍
വിഷമത്തിലകപ്പെടുത്തൊലാ നീ,
വിഷയം ത്വത്സ്നുഷ തന്റെയെന്നുമോര്‍ക്ക.

കവി : ഉമേഷ്‌ നായര്‍
വൃത്തം
: വിയോഗിനി

ശ്ലോകം 539 : വരാദ്ഭുതവപുസ്സതില്‍പ്പകുതി...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 02:09 പി)

വരാദ്ഭുതവപുസ്സതില്‍പ്പകുതി വാങ്ങിവാഴുന്നൊരാ
വരാവരവലാന്തകാദ്യമരവര്‍ഗ്ഗവന്ദ്യേ! ശിവേ!
വരാംഗി! വലയാലയേ വിലസീടുന്ന വാമാക്ഷി! മാല്‍
വരാതെ വരുവാന്‍ വരം വിരവില്‍ നല്‍ക വിശ്വേശ്വരീ!

കവി : കുണ്ടൂര്‍ നാരായണ മേനോന്‍
വൃത്തം : പൃഥ്വി

ശ്ലോകം 540 : വേണുവിന്‍ ശ്രുതിയൊടൊത്തു പാടി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 04:05 പി)

വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (69:4)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 541 : പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിത...
ചൊല്ലിയതു്‌ : ബാലേന്ദു (6/15 5:06)

പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തരും
ചഞ്ചാക്ഷികളണഞ്ഞു കൊഞ്ചുവതുകണ്ടു കിഞ്ചനമയങ്ങൊലാ
കഞ്ജവൈരികലചേര്‍ന്ന ചെഞ്ചിടയിലൊത്ത മുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതശോഷണം കരുതു ചേതനേ.

വൃത്തം : കുസുമഞ്ജരി

ശ്ലോകം 542 :
കാമകേളികളനേകമാര്‍ന്നു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 6:16 പി)

കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ-
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

കവി : സി. വി. വാസുദേവഭട്ടതിരി
കൃതി : നാരായണീയം തര്‍ജ്ജമ (69:10)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 543 : പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി...
ചൊല്ലിയതു്‌ : ജീവി (6/16 5:32 എ)

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴിജഡയെ കാറൊളി ചാരുകൂന്തല്‍-
ക്കെട്ടാക്കി കേതകിപ്പൂവതിന്നുടെ വടിവൊത്തു പാരം ചന്ദ്രഖണ്ഡം
മട്ടൊക്കെത്തന്നെ മാറി പൃഥയുടെ സുതനായ്‌ കാട്ടില്‍ വൈര-
പ്പെട്ടൂക്കാല്‍ ജന്യമിട്ട മഹിതകപടകാട്ടാളനെ കൈതൊഴുന്നേന്‍

കവി : വള്ളത്തോള്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 544 : മറവാമറവായ്‌ മറവാ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/16 1:57 പി)

മറവാമറവായ്‌ മറവായ്‌
മറവാവല്ലത മണിവിളക്ക്ക്കായി
നിറവാനിറവായ്‌ നിറവായ്‌
നിറവായമൃതായ നിലയെ വന്ദിക്കാം

കവി : കുമാരനാശാന്‍
കൃതി : പരമപഞ്ചകം
വൃത്തം : ഗീതി

ശ്ലോകം 545 : നരയില്ലിവയെന്‍ മുഖേന്ദു...
ചൊല്ലിയതു്‌ : ബാലേന്ദു (6/16 5:18 പി)

"നരയില്ലിവയെന്‍ മുഖേന്ദു വീശും

കിരണാനര്‍ഘസ്ഫുരദങ്കുരങ്ങളത്രേ".
"ശരിയാണവ കണ്ടു കൂമ്പി നില്‍പ്പൂ
തരുണീലോചനനീലനീരജങ്ങള്‍".

കവി : എന്‍.കെ. ദേശം
വൃത്തം : വസന്തമാലിക

ശ്ലോകം 546 : ശ്ലോകമാണഖിലസാരമൂഴിയില്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌(6/17 1:52 എ)

ശ്ലോകമാണഖിലസാരമൂഴിയില്‍
ശ്ലോകമാണു കദനത്തിനൌഷധം
ശ്ലോകമോതി മരണം വരിയ്ക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം

കവി : ശങ്കരനാരായണന്‍ നമ്പൂതിരി
വൃത്തം : രഥോദ്ധത

ശ്ലോകം 547 : നരയില്ലിവയെന്‍ മുഖേന്ദു...
ചൊല്ലിയതു്‌ : ബാലേന്ദു (6/17 8:40 എ)

ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധരാ

ശ്ലോകം 548 : സന്തസ്സന്തന്യമാനാമിഹ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/17 12:43 പി)

സന്തസ്സന്തന്യമാനാമിഹ സപദി മയാഗദ്യപദ്യസ്വരൂപാ-
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം സന്തു
സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവനസ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം പുഷ്പതഷ്‌ഷട്പദൌഘാഃ

കവി : മേല്‍പ്പത്തൂര്‍
വൃത്തം :
സ്രഗ്ദ്ധര

ശ്ലോകം 549 : ഫാലത്തീയിനു വെള്ളമുണ്ടു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/17 1:15 പി)

ഫാലത്തീയിനു വെള്ളമുണ്ടു തലയില്‍, ക്കണ്ഠസ്ഥഹാലാഹല-
ജ്ജ്വാലയ്ക്കുണ്ടു ശിവാധരാമൃതരസം, മെയ്യില്‍പ്പെടും പാമ്പിനും
ചേലൊത്തോഷധിനായകന്‍ തലയിലു, ണ്ടിന്നൊന്നു കൊണ്ടും ഭവാ-
നാലസ്യം പിണയാതെ ശങ്കര! ജയിച്ചാലും ജഗന്മണ്ഡലം!

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 550: ചൂടില്ലാത്തോരു ഫാലം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/17 3:01 പി)

ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കൈലയില്‍പ്പോയ്‌
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 551: ഓമല്‍ക്കരങ്ങളില്‍ മനോഹര...
ചൊല്ലിയതു്‌ : ഉമാ രാജാ (6/17 3:57 പി)

ഓമല്‍ക്കരങ്ങളില്‍ മനോഹര വേണുനാളം
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം
പൂമേനിയില്‍ പളപളപ്പിവചേര്‍ന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌
വൃത്തം : വസന്തതിലകം

ശ്ലോകം 552: പട്ടിക്കു വാലും...
ചൊല്ലിയതു്‌ : ബാലേന്ദു (6/17 4:35 പി)

പട്ടിക്കു വാലും പശുവിന്നു കൊമ്പും
കാക്കയ്ക്കു കൊക്കും പരമപ്രധാനം
ആനയ്ക്കു തുമ്പിക്കരമാണു മുഖ്യം
മനുഷ്യജാതിക്കു കുശുമ്പു മുഖ്യം.

കവി: ശ്ലോകാചാര്യന്‍ എം.എന്‍. ദാമോദരന്‍, നെടിയശാല
വൃത്തം: ഉപജാതി

ശ്ലോകം 553: അങ്കത്തുങ്കലലംകളങ്കരഹിതം...
ചൊല്ലിയതു്‌ : ജീവി (6/19 6:59 എ)

അങ്കത്തുങ്കലലംകളങ്കരഹിതം സംക്രാന്തമായീടുമ-
ത്തങ്കപ്പങ്കജമങ്കതന്‍ കുളിര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും
കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ-
മങ്കം പങ്കഹരങ്കലാര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം

കവി: കെ. സി. കേശവപിള്ള
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 554: തുപ്പന്‍ നമ്പൂരിയെത്തീ...
ചൊല്ലിയതു്‌ : ബാലേന്ദു (6/18 8:59 എ)

തുപ്പന്‍ നമ്പൂരിയെത്തീ കുതുകമൊടു ചലച്ചിത്രമൊന്നാദ്യമായ്‌ തൃ-
ക്കണ്‍പാര്‍ക്കാന്‍ - കണ്ടതാദ്യം തരുണിമണി ജലക്രീഡയാടുന്ന രംഗം;
"ഇപ്പോള്‍ നീരാട്ടമെന്നാലിനി ബഹുസമയം ചുട്ടികുത്താനെടുക്കും,
എപ്പോള്‍പ്പിന്നാട്ടമാകും? ശിവശിവ! യെഴുനേറ്റീടെടാ രാമ, പോകാം".

കവി: ബാലേന്ദു
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 555: ഈയാശങ്ക നിനക്കു യം പ്രതി...
ചൊല്ലിയതു്‌ : ജീവി / ഉമേഷ്‌ നായര്‍ (6/19 12:41 എ)

ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിവാഹാന്തികേ
ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരപസ്തയാ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 556: ആസ്താം താവദീയം പ്രസൂതിസമയെ....
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/19 2:23 എ)

ആസ്താം താവദീയം പ്രസൂതിസമയെ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം
തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യയസ്യാക്ഷമോ
ദാതും നിസ്തൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

കവി : ശങ്കരാചാര്യര്‍
കൃതി : മാതൃപഞ്ചകം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 557: എന്നുരച്ചു പുനരുത്തരോല്‍കനായ്‌...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി / ഉമേഷ്‌ നായര്‍ (6/19 2:54 പി)

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

കവി : കുമാരനാശാന്‍
കൃതി : നളിനി
വൃത്തം : രഥോദ്ധത

ശ്ലോകം 558: സ്ത്രീകള്‍ക്കേറ്റം പടുതസഹജം...
ചൊല്ലിയതു്‌ : ജീവി (6/19 3:33 എ)

സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍-
ലോകേകാണാം; പ്രതിഭകലരുന്നോരിലോതേണ്ടതുണ്ടോ?
ആകെത്തന്‍മക്കളെയിഹ കുയില്‍പ്പെണ്ണു താനേപറക്കാ-
റാകുന്നോളം മറുപറവയെക്കൊണ്ടുപോറ്റുന്നുവല്ലോ.

കവി: കാളിദാസന്‍
കൃതി: അഭിജ്ഞാന ശാകുന്തളം
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 559: അക്കാലം വാനവര്‍ക്കും...
ചൊല്ലിയതു്‌ : ബാലേന്ദു (6/19 4:59 എ)

അക്കാലം വാനവര്‍ക്കും ക്ഷിതിയിലൊരുപദം വയ്ക്കുവാനേറെ മോഹം
വായ്ക്കും മട്ടില്‍ബ്ഭരിച്ചോരസുരപതിബലിക്കിന്ദ്രപട്ടം കൊടുക്കാന്‍
എക്കാലാലായി, സാക്ഷാല്‍ ഹരിയൊരു വടുവായ്‌ വന്നനാ, ളന്‍പെഴുന്ന-

ത്തൃക്കാല്‍ ചൂടുന്ന തൃക്കാക്കരയിലെ ഭഗവന്‍, ത്വല്‍പദം കൂപ്പിടുന്നേന്‍.
കവി: ബാലേന്ദു
വൃത്തം: സ്രഗ്ദ്ധരാ

ശ്ലോകം 560: എങ്ങോജസ്സുനിറഞ്ഞ...
ചൊല്ലിയതു്‌ : ജീവി (6/19 10:26 പി)

എങ്ങോജസ്സുനിറഞ്ഞ തൂമുഖമിതിപ്പാവപ്പെടും മാടമൊ-
ന്നെങ്ങോ ഹാ! വിധി വല്ല ചേര്‍ക്കുഴിയിലും ചേര്‍ക്കുന്നു രത്നങ്ങളെ;
ഇങ്ങോട്ടാസ്ഥയൊടെത്തി നോക്കിടുവതുണ്ടന്തിസ്സമീരസ്ഫുരല്‍-
ത്തെങ്ങോലപ്പഴുതിങ്കലൂടെ മറയാന്‍ പോകുന്ന മാര്‍ത്താണ്ഡനും.

കൃതി: സന്ധ്യാപ്രണാമം
കവി: വള്ളത്തോള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 561: ഇന്ദ്രനീലനിറമൊത്ത മേനിയും...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/20 12:20 എ)

ഇന്ദ്രനീലനിറമൊത്ത മേനിയും
സുന്ദരോത്തരമുഖാരവിന്ദവും
കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
കാണ്മതിന്നു വരമേകണേ ഹരേ

ശ്ലോകം 562: കാട്ടില്‍ കൂട്ടുവിളിപ്പതാം...
ചൊല്ലിയതു്‌ : ജീവി (6/20 12:58 എ)

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാംബിസം തറയതില്‍, പാഴൂഴികര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടികാണിപ്പതാം,
പട്ടിക്കുള്ളൊരുവാല്‍ നിവര്‍ത്തിടുവതാം സേവിപ്പതജ്ഞരെ.

ശ്ലോകം 563: പാര്‍ക്കുന്നതായ ഭവനം...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/20 8:25 എ)

പാര്‍ക്കുന്നതായ ഭവനം, പ്രിയകാന്ത,
പുത്രന്‍
പ്രാണന്‍ കളഞ്ഞു കരുതും ധന, മെന്തിനേറേ
താന്‍തന്നെയെന്നു പലനാളുരുവിട്ട ദേഹം-
പോലും വിഭിന്ന,മൊരു നശ്വര വസ്തു മാത്രം!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി(മുരളി)
കൃതി : ശ്രീകൃഷ്ണ കഥാമൃതം

ശ്ലോകം 564: തീഹാറിലെജ്ജയിലില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/20 9:45 എ)

തീഹാറിലെജ്ജയിലില്‍ ശിക്ഷ വഹിച്ചുകൊള്ളാം
ബീഹാറിലാണു കഴിയാന്‍ വിധിയെങ്കിലാകാം
ആഹന്ത ചീര്‍ത്ത രസശൂന്യത തന്നെയോതും
ദ്രോഹം നിറുത്തുവതിനായി നമസ്കരിക്കാം.

കവി : ബാലേന്ദു
വൃത്തം: വസന്തതിലകം

ശ്ലോകം 565: അകണ്ഠേ കളങ്കാത്‌...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/20 11:06 എ)

അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ-
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്‌
അമൌലൌ ശശാങ്കാദവാമേ കളത്രാ-
ദഹം ദേവമന്യം ന മന്യേ ന മന്യേ

കവി : ശങ്കരാചാര്യര്‍
കൃതി : ശിവഭുജംഗം
വൃത്തം : ഭുജംഗപ്രയാതം

ശ്ലോകം 566: അടുത്ത ദിവസം രവി...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/21 5:29 എ)

"അടുത്ത ദിവസം രവിയുദിച്ചുയരു, മപ്പൊഴുതടഞ്ഞ നളിനം മിഴി തുറ-
ന്നിടും, തടവു വിട്ടിടുവ" നെന്ന നിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍ നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ-
പ്പറിച്ചു രസമായ്‌ ഭുവിയെറിഞ്ഞു - വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

കവി : പി. സി. മധുരാജ്‌
വൃത്തം : ശംഭുനടനം

ശ്ലോകം 567: അഹിസാരമസാരം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/21 9:55 എ)

അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ

കവി : കോഴിക്കോട്‌ മാനവേദന്‍ രാജാ
കൃതി : കൃഷ്ണഗീതി
വൃത്തം : തോടകം

ശ്ലോകം 568: ഉലകങ്ങളെയുള്ളിലൊതുക്കിയ...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 11:27 എ)

ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
ഒലി പൂണ്ടൊരു
നൂറു ധനുസ്സകലം
ജലമഗ്നമതായ്‌ കര രണ്ടുമഹോ!

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (55:3)
വൃത്തം : തോടകം

ശ്ലോകം 569: ഒരിടത്തൊരിടത്തൊരു...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/21 6:22 പി)

ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കിസ്സകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്മയമെന്തു രസം!

കവി : രാജേഷ്‌ വര്‍മ്മ
വൃത്തം : തോടകം

ശ്ലോകം 570: പുതുനല്‍ത്തളിര്‍ തോറ്റൊരു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 6:30 പി)

പുതുനല്‍ത്തളിര്‍ തോറ്റൊരു ചേവടി ചേര്‍-
ത്തതിലന്നഴകോടു കരേറിയ നീ
അതിഭീകരമോളമുയര്‍ത്തിയുടന്‍
കുതികൊണ്ടു കലക്കിമറിച്ചു കയം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (55:2)
വൃത്തം : തോടകം

ശ്ലോകം 571: ആഴിവര്‍ണ്ണചരിതം ഗ്രഹിച്ച്‌...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/21 6:32 പി)

ആഴിവര്‍ണ്ണചരിതം ഗ്രഹിച്ചവനിവാഴ്‌വിലുന്നതി വരുത്തുവാ-
നേകി ഭാഗവതമന്‍പിലാ മരുമകന്നു മാതുലനൊരാള്‍ പുരാ
കാലമൊട്ടു കഴിയേ, യനന്തരവനോടു, 'മോഹമിനി യെന്തെടോ?'
ഹന്ത! 'മാമനുടെ നിഗ്രഹം', വിരുതനോതി, ഞെട്ടിയിതു കാര്‍ണവര്‍

കവി : ഹരിദാസ്‌
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 572: കരുതുവതിഹ
ചെയ്യവയ്യ...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/21 7:01 പി)

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു-
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം

കവി : ശ്രീ നാരായണ ഗുരു
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 573: പഴകിയ തരുവല്ലി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 10:00 പി)

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍

കവി : കുമാരനാശാന്‍
കൃതി : ലീല
വൃത്തം : അപരവക്ത്രം

ശ്ലോകം 574: പഴകിയ തരുവല്ലി...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/21 10:04 പി)

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ

കവി : എ. ആര്‍ രാജരാജവര്‍മ്മ
കൃതി : മലയാള ശാകുന്തളം
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 575: കണ്ട ദിക്കുകളിലൊക്കെനിന്നു...
ചൊല്ലിയതു്‌ : ബാലേന്ദു (6/21 10:41 പി)

കണ്ട ദിക്കുകളിലൊക്കെ നിന്നു സമയം ക്രമാല്‍പ്പിറകിലാക്കിയും
കുണ്ഠരായ നിജയാത്രികള്‍ക്കധികമിണ്ടലേറ്റിയഴലേകിയും
കണ്ടമാനമവരിട്ടിടുന്ന
ചവറൊക്കെ നാട്ടില്‍ വിതറീട്ടുമേ
കണ്ടിടാം റെയിലു വേഗമായ്ക്കുറവു, മെല്ലെയേറെയിവിടോടിടും.

കവി: ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 576: കേളിഭേദപരിലാളിതാഭി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 11:37 പി)

കേളിഭേദപരിലോളിതാഭിരതിലാളിതാഭിരബലാളിഭിഃ
സ്വൈരമീശ നനു സൂരജാപയസി ചാരു നാമ വിഹൃതിം വ്യധാഃ
കാനനേപി ച വിസാരിശീതളകിശോരമാരുതമനോഹരേ
സൂനസൌരഭമയേ വിലേസിഥ വിലാസിനീശതവിമോഹനം

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം (69:10)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 577: കാലകാലനുടെ കായമെന്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/22 1:46 എ)

കാലകാലനുടെ കായമെന്മനസി കണ്ടുകൊണ്ടു മരുവീടുവാന്‍
കാലമില്ല കമലാക്ഷിമാരുടെ കടാക്ഷശൃംഖലകളേല്‍ക്കയാല്‍
കാലമങ്ങറുതി വന്നിടുമ്പൊഴുതു കാലനും വരവതുണ്ടു പോല്‍
കാളവാഹന, കടാക്ഷമേകിടുക കാളകണ്ഠ കരുണാനിധേ.

വൃത്തം : കുസുമമഞ്ജരി

ശ്ലോകം 578: കാണാമങ്ങോട്ടു ചെന്നാല്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/22 2:15 എ)

കാണാമങ്ങോട്ടു ചെന്നാല്‍ നദിയുടെയരികെ തൃപ്രയാറെന്ന ക്ഷേത്രം
കാണാം പൊക്കത്തില്‍ ചുറ്റും മതിലുകളരികെ ഗോപുരം നാടശാല
കാണാം ചുറ്റമ്പലങ്ങള്‍ അതിനുടെ നടുവില്‍ മണ്ഡപം നല്ല ശ്രീകോല്‍
കാണാമുള്ളില്‍ പ്രതിഷ്ഠ മണിമയഭഗവാന്‍ തേവരാം രാമചന്ദ്രന്‍

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 579: കണ്ടന്നേ കട്ടു നീയെന്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 7:58 എ)

കണ്ടന്നേ കട്ടു നീയെന്‍ കരളതു തിരിയെത്തന്നതില്ലെന്നതല്ലീ-
ക്കണ്ടുള്ളോനെക്കടക്കണ്‍കടുതരവികടച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാര്‍കേശി! പിന്നീടിത മദനമഹാരാജനേല്‍പ്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴുത്തോര്‍ക്കിലിന്നാര്‍ക്കു മായ്ക്കാം?

കവി : പെട്ടരഴിയത്ത്‌ വലിയ രാമനിളയത്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 580 : കേറാനെന്തേ മടിക്കുന്നതു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 8:04 എ)

കേറാനെന്തേ മടിക്കുന്നതു മമ കരളില്‍? കാമലോഭാദിയാകും
ചേറാണിങ്ങൂന്നി വെച്ചീടുകിലടിവഴുതിത്തെറ്റി വീണേക്കുമെന്നോ?
കൂറാളും നീ വിചാരിക്കുകിലിഹ ചളി കൊണ്ടുള്ള കേടാകമാനം
മാറാനുണ്ടോ പ്രയാസം? മകുടജിതലസത്‌കോടിസൂര്യപ്രകാശേ!

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 581: കാളിന്ദീനദിയിങ്കലന്നു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 8:29 എ)

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതല്‍ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയില്‍ത്തൃക്കലണയ്ക്കാകിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപില്‍ പ്രകാശോദയം
മേളിയ്ക്കും ഭുവനൈകവന്ദ്യതനയന്‍ സഞ്ജാതനായീടുമോ?

കവി : കെ. പി. കറുപ്പന്‍
കൃതി : ഉദ്യാനവിരുന്ന്‌

ശ്ലോകം 582: കുട്ടിക്കാലമതെത്ര...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 8:29 എ)

കുട്ടിക്കാലമതെത്ര തുഷ്ടികര? മന്നദ്ദേഹമെന്നോടു വേര്‍-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു, മൊരുമിച്ചല്ലാതെയില്ലൊന്നുമേ
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെക്കാണാനുമെന്നായി - പാര്‍-
ത്തട്ടില്‍ ദുഃസ്ഥിതിഹേതുവിങ്ങു ഹതമാമീ യൌവനം താനഹോ!

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 583: കാലാരാതി കനിഞ്ഞിടുന്നതുവരെ...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/22 9:01 എ)

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തല്‍-
ക്കോലം പാതി പകുത്തെടുത്തൊരു കുളുര്‍ക്കുന്നിന്റെ കുഞ്ഞോമനേ!
കാലന്‍ വന്നു കയര്‍ത്തുനിന്നു കയറെന്‍ കാലില്‍ കടന്നിട്ടിടും-
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍

കവി : ശീവൊള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 584: കൊണ്ടല്‍ക്കാറണി കൊണ്ടു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 9:18 എ)

"കൊണ്ടല്‍ക്കാറണി കൊണ്ടു വിണ്ടലമിരുണ്ടീടുന്നു, മേഘങ്ങളെ-
ക്കൊണ്ടിക്കാടു കറുത്തിടു, ന്നിരവിലിക്കണ്ണന്നുമുണ്ടിണ്ടല്‍ കേള്‍;
കൊണ്ടാക്കീടു ഗൃഹത്തിലിന്നിവനെ നീ" യെന്നുള്ള നന്ദോദിതം
കൊണ്ടാടീട്ടഥ രാധയെപ്പഥി രസിപ്പിച്ചോരു കൃഷ്ണന്‍ തുണ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / ജയദേവന്‍

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 585 : കാക്കലും ചിലര്‍ തലൈക്കലും...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 9:35 എ)

കാക്കലും ചിലര്‍ തലൈക്കലും പുനരിരുന്നുകൊണ്ടു കരയുന്ന നാള്‍
കാക്കുമോ മരണകാലമെന്നുടലിതാര്‍ക്കുവേണ്ടുവതു കശ്മലം?
കാക്ക നാ നരി വലിയ്ക്കയോ പുഴുവരിയ്ക്കയോ ചുടുകയോ ദൃഢം?
കാക്ക കാക്കലുടനാക്കി മൂക്കുതലെ മേവുമെന്‍ ജനനിയാശ്രയം

വൃത്തം : കുസുമഞ്ജരി

ശ്ലോകം 586 : കാന്തന്മാരൊത്തു, കാല്‍ത്താര്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 10:11 എ)

കാന്തന്മാരൊത്തു, കാല്‍ത്താര്‍, കടി കടുകളവില്‍, ക്ലാന്തമധ്യം, കനത്തില്‍-
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകു കലര്‍ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കള്‍പ്രഭാസ്യം, കളിയുടയ കയല്‍ക്കണ്ണു, കാര്‍കൂന്തലേവം
കാന്ത്യാ കല്യാണിമാര്‍ കൈവിശറിയൊടവിടെദ്ദേവസേവയ്ക്കു കൂടും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ലീലാദാസന്‍
കൃതി : ശുകസന്ദേശം തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 587: കണ്ടാല്‍ കാളിന്ദിനീരിന്‍...
ചൊല്ലിയതു്‌: ശ്രീധരന്‍ കര്‍ത്താ

കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ചെറിയ കല്ലോലകം പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കുണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിടയ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാണെന്നു തോന്നീടുമാര്യേ.

കവി: കുമാരനാശാന്‍
കൃതി: സൌന്ദര്യലഹരി തര്‍ജ്ജമ
വൃത്തം: സ്രഗ്ദ്ധര

ശ്ലോകം 588: ക്രീഡിച്ചും കീരവാണീ...
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

ക്രീഡിച്ചും കീരവാണീമണികളൊ, ടിടയില്‍ കയ്യില്‍ നെയ്‌ പാലിതെല്ലാം
മേടിച്ചും, കട്ടശിച്ചും, പ്രണതരിലലിവിന്‍ നീര്‍ തുളിച്ചും,
തുണച്ചും,
കൂടിച്ചും പാണ്ഡവര്‍ക്കുന്നതി, കുരുനിരയെത്തക്കമോര്‍ത്തങ്ങു കുണ്ടില്‍-
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖക്കാതലേ, കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 589: കാലം മാറിക്കഴിഞ്ഞൂ...
ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

"കാലം മാറിക്കഴിഞ്ഞൂ, കവിതയെഴുതിയലാര്‍ക്കുവേണം? ഭവാനി-
ക്കാലത്തെക്കാവ്യമാകും കഥകളെഴുതണം, നോവലായാല്‍ വിശേഷം!"
കാലംപോല്‍ ചൊല്ലിടുന്നൂ പലരുമിതുവിധം, പത്നിയും, കാലമാണി-
ക്കോലം കെട്ടിച്ചിടുന്നൂ കുശവനതു തിരുത്തീടുവാനാകുമെന്നോ?

കവി : എം. എന്‍. പാലൂര്‌
കൃതി : കല്യാണക്കാഴ്ച

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 590: കാലന്‍ കാളായസാത്യുത്ക്കട...
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

കാലന്‍ കാളായസാത്യുത്ക്കടമുസലവുമായ്‌ കാണികള്‍ക്കുള്‍നടുങ്ങും
കോലം കോലുന്ന കൂട്ടാളികളൊടുമൊരുമിച്ചാര്‍ത്തടുത്തെത്തിടുമ്പോള്‍
കാലച്ചെന്തീക്കനല്‍ച്ചാര്‍ത്തെതിര്‍മുനയൊടു നിന്‍
കൈത്തലത്തില്‍ത്തിളങ്ങും
ശൂലം താനാണു മാഹേശ്വരി, ശരണമെനിക്കാ ഭയപ്പാടൊഴിക്കാന്‍.

കവി : വള്ളത്തോള്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 591: കുത്തും തല്ലുമസഹ്യം....
ചൊല്ലിയതു്‌: ഹരിദാസ്‌

കുത്തും തല്ലുമസഹ്യമേല്‍ക്കെയിവനോത്തോതിത്തളര്‍ന്നുണ്ണുവാ-
നെത്തും മുമ്പെയൊരിക്കലും സഖി കടന്നുണ്ടീടുമാറില്ലനീ
കത്തും വന്‍ പശി വാച്ചു വാച്ചു വയര്‍ കാഞ്ഞാലും നിനക്കെന്നൊട-
ന്നൊത്തുണ്ടേ മതിയാവു തുല്യസുഖദു:ഖം താന്‍ സുഹൃജ്ജീവിതം

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 592: കാളാംഭോധരപാളി....
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിമ്പൂങ്കുഴല്‍-
ക്കാലംബായ മുഖാവലോകസമയേ നെയ്‌ വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുലയ്‌-
ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുമതിനാന്റാമല്ല കൌണോത്തരേ!

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 593: കിടക്കുന്ന നായയ്‌...
ചൊല്ലിയതു്‌:
ബാലേന്ദു

കിടക്കുന്ന നായയ്ക്കടുത്തൂടെയൊടി-
ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

കവി: ബാലേന്ദു
വൃത്തം : ഭുജംഗപ്രയാതം

ശ്ലോകം 594: പവനതനയചേതഃ...
ചൊല്ലിയതു്‌: സുനില്‍ കുമാര്‍

പവനതനയചേതഃ പങ്കജാര്‍ക്കം മുനീന്ദ്രൈ-
രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശീം
കരധൃതശരചാപം നൌമി വില്വാദ്രിനാഥം.

കവി : കൊട്ടരക്കരത്തമ്പുരാന്‍
കൃതി : സീതസ്വയംവരം
വൃത്തം : മാലിനി

ശ്ലോകം 595: ദൃഷ്ട്വാ തമാലോകം...
ചൊല്ലിയതു്‌: ബാലേന്ദു

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജുഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടൊമനാ വാര്‍ത്തമജാതശത്രുര്‍-
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം.

കവി : കോട്ടയത്തു തമ്പുരാന്‍
കൃതി : കല്യാണസൌഗന്ധികം
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 597: പൊയ്യല്ലേ തീയില്‍ നില്‍ക്കാം...
ചൊല്ലിയതു്‌: ഹരിദാസ്‌

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 598: ചാണത്തിന്‍ നിറമായ്‌...

ചൊല്ലിയതു്‌: ഋഷി കപ്ലിങ്ങാട്‌

ചാണത്തിന്‍ നിറമായുടുപ്പുമരയില്‍ തോല്‍പ്പട്ടയും മസ്തകേ
ചേണാര്‍ന്നീടിന തൊപ്പിയും കരമതില്‍ ദണ്ഡും ധരിച്ചങ്ങനേ
ആണത്തം പലതും പറഞ്ഞു വെറുതേ ചുറ്റുന്ന പോലീസുകാ-
രാണിദ്ദിക്കതിലേറ്റമുള്ളതവരെക്കൊണ്ടേതുമുണ്ടോ ഗുണം?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 599: അജാമിളോ നാമ...
ചൊല്ലിയതു്‌: സുനില്‍ കുമാര്‍

അജാമിളോ നാമ മഹീസുരഃ പുരാ
ചരന്‍ വിഭോ ധര്‍മപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുദൃഷ്ടശീലാം കുലടാം മദാകുലാം

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം
വൃത്തം : വംശസ്ഥം

ശ്ലോകം 600: ഗജാനനം ഭൂത...
ചൊല്ലിയതു്‌: ജീവി

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

വൃത്തം : ഉപേന്ദ്രവജ്ര

ശ്ലോകം 601: ഉല്ലാസമുള്‍ക്കൊണ്ട്‌...
ചൊല്ലിയതു്‌: ജ്യോതിര്‍മയി

ഉല്ലാസമുള്‍ക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നില്‍ തെളിതേന്‍ തളിയ്ക്കും
സ്വാതന്ത്ര്യ സംഗീതമുയര്‍ത്തിടുന്നു

കവി : ഉള്ളൂര്‍
കൃതി : "സുഖം-സുഖം"
വൃത്തം : ഉപജാതി

ശ്ലോകം 602: ചൊല്ലാനുറച്ച തറവാടുകള്‍...
ചൊല്ലിയതു്‌: ജീവി

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

കവി: കുമാരനാശാന്‍
കൃതി: തീയ്യക്കുട്ടിയുടെ വിചാരം
വൃത്തം : വസന്തതിലകം

ശ്ലോകം 603 : ഇന്നോ വാ നാളെയോ മട്ടിനി...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/23 1:54 പി)

ഇന്നോ വാ നാളെയോ മട്ടിനിയൊരുദിവസം തന്നെയോ കാലദൂതന്‍
വന്നീടും നാളിലോര്‍ത്താലിതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിന്‍;
മുന്നേ താന്‍ പദ്മനാഭന്‍ ചരണനളിനമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേശേതി കീര്‍ത്തിച്ചുകൊള്‍വിന്‍.

കവി : വിദ്വാന്‍ കോമ്പിയച്ചന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 604 : മണ്ണും പെണ്ണും കൊതിക്കും...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/23 2:42 പി)

മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

കവി : വി. കെ. ജി.
കൃതി : അവില്‍പ്പൊതി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 605 : ഉലകിനുപകരിക്കും...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/23 3:08 പി)

ഉലകിനുപകരിക്കുമുത്തമന്മാര്‍
പലരുളവാകിന ഭാസ്കരാന്വയത്തില്‍
ഖലനൊരു നൃപനുത്ഭവിച്ചു പണ്ടാ-
ക്കലശപയോധിയില്‍ വന്‍വിഷം കണക്കേ.

കവി : വള്ളത്തോള്‍
കൃതി : ദണ്ഡകാരണ്യം
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 606 : ഖാദിക്കുപ്പായമിട്ടും...
ചൊല്ലിയതു്‌ : ബാലേന്ദു
(6/23 4:06 പി)

ഖാദിക്കുപ്പായമിട്ടും സ്ഫുടമിരുകരവും കൂപ്പിയും പല്ലിളിച്ചും
ചോദിക്കേ വോട്ടിനേറ്റം വിനയവുമെതിരായുള്ളിലുള്ളോരു ഭാവം
മോദം വേണ്ടത്ര ദാസപ്രഭൃതിയിലരുളാന്‍ വ്യഗ്രമായുള്ള ചിത്തം
സ്വേദം തീണ്ടാത്ത ഫാലം സതതമിതുവിധം ഭാവയേ നേതൃരൂപം.

കവി: ബാലേന്ദു
വൃത്തം : സ്രഗ്ദ്ധരാ
കൃതി: നേതാസഹസ്രനാമം.

ശ്ലോകം 607 : മണ്‍പാത്രമെന്നല്ല...
ചൊല്ലിയതു്‌ : ഉമാ രാജാ (6/23 4:44 പി)

മണ്‍പാത്രമെന്നല്ല നമുക്കു ഭാവം
പൊന്‍പാത്രമിപ്പോളുടയുന്നതെല്ലാം
സമ്പല്‍ക്ഷയേ സങ്കടമെന്നതോര്‍ത്താല്‍
സമ്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 608 : സുഖത്തിലുണ്ടാം സഖി...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/23 5:18 പി)

സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം
വൃത്തം : ഉപജാതി

ശ്ലോകം 609 : ഖരകരനകലത്തായ്‌...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/23 7:26 പി)

ഖരകരനകലത്തായിന്ദുവൊന്നിച്ചുതാരാ-
നിര കരിമുകില്‍ മദ്ധ്യം തന്നിലെല്ലാം മറഞ്ഞൂ
ഇരുളില്‍ മുഴുകി പാരം പാരു മിന്നാമിനുങ്ങേ
ത്വരിതമിനി മിനുങ്ങൂ തെറ്റിയാല്‍ ചെറ്റു
പറ്റാ

കവി : ഗ്രാമത്തില്‍ കൊട്ടാരത്തില്‍ രവിവര്‍മ കോയിത്തമ്പുര്‍Aന്‍
കൃതി : അന്യാപദേശ മാല
വൃത്തം : മാലിനി

ശ്ലോകം 610 : ഇക്കാലമിന്ദുമുഖിമാര്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/24 7:25 എ)

ഇക്കാലമിന്ദുമുഖിമാര്‍ പലരും കവിത്വ-
വക്കാണമാര്‍ന്നു മരുവുന്നു, തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ-
ധിക്കാരിവാങ്ങ്‌മധുരിമാധുരി മാനനീയാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 611 : ഇല്ല നിങ്ങളെ നനച്ചിടാതെ...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/24 9:43 എ)

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 612 : നിത്യം തെണ്ടുവതെത്ര...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 10:46 എ)

"നിത്യം തെണ്ടുവതെത്ര നീചമരുതേ" - യര്‍ത്ഥിച്ചുപോല്‍ ഷണ്മുഖന്‍,
"മറ്റെന്തുണ്ടൊരു മാര്‍ഗ്ഗ"മെന്നു കളിയായ്‌ ചോദിച്ചുപോലീശ്വരന്‍,
പെട്ടെന്നോതിയൊരാറു ജോലികള്‍ മുറയ്ക്കോരോന്നുമോരോ മുഖം:
"നൃത്തം, യുദ്ധ, മുടുക്കുകൊട്ടു, കഥനം, നീര്‍സേചനം, ശിക്ഷണം!"


കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 613 : പര്‍ജ്ജന്യജന്യകടു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/24 11:13 എ)

പര്‍ജ്ജന്യജന്യകടുഗര്‍ജ്ജനതര്‍ജ്ജനോര്‍ജ്ജ-
സ്ഫൂര്‍ജ്ജത്തരഃ സ്ഫുടനിരുദ്ധകുലാദ്രിരന്ധ്ര
ഭിക്കുംഭികര്‍ണകുഹരത്രുടനപ്രവീണഃ
സ്ഫൂണോദരാദജനി കോപി തദാ നിനാദഃ.

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : വിഷ്ണുവിലാസം

ശ്ലോകം 614: ഭീ വിട്ടു കൂന്തല്‍ വല...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 11:45 എ)

ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 615: ഇല്ലം കത്തി നശിച്ചു...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/24 4:17 പി)

ഇല്ലം കത്തി നശിച്ചു, വേളിയതിലങ്ങാപ്പെട്ടു തീപ്പെട്ടു ഹാ,
കൊല്ലപ്പെട്ടിതു തീകെടുത്തുമളവില്‍ കൂപത്തില്‍ വീണുണ്ണിയും,
ഇല്ലല്ലോ വരുവാനിതില്‍ പരമെനിക്കിന്നൊന്നു,മെന്താകിലും
ചെല്ലപ്പെട്ടി തുറന്നിരുന്നു മുറുക്കട്ടേ മുറയ്ക്കൊന്നു ഞാന്‍

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 616 : ഇല്ലാ ജീവിതമേറെയെങ്കില്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 5:29 പി)

ഇല്ലാ
ജീവിതമേറെയെങ്കിലതിനെന്തുള്‍ത്താപമോരാന്‍, കരി-
ങ്കല്ലാണെന്ന വിധം യുഗാവധി കിടന്നാലെന്തു നിശ്ചേഷ്ടമായ്‌
എല്ലാ ദിക്കിലുമാത്മസൌരഭമിണക്കിക്കൊണ്ടുറങ്ങാതുയര്‍-
ന്നുല്ലാസം പകരുന്ന മുല്ലയൊരുനാള്‍ വാണാലുമേ ധന്യയാം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 617 : എന്മുറ്റത്തു തഴച്ചിടുന്നു...
ചൊല്ലിയതു്‌ : ബാലേന്ദു (6/24 6:37 പി)

എന്മുറ്റത്തു തഴച്ചിടുന്നു തുളസിത്തയ്യും നറും മുല്ലയും,
കര്‍മ്മൂസും പുഴുതിന്നിടുന്ന പനിനീര്‍ച്ചെണ്ടും കുറെച്ചീരയും;
അമ്മട്ടെന്‍ കവിതാങ്കണത്തിലവതന്‍ സാമാന്യബിംബങ്ങളെ-
ച്ചെമ്മേ നട്ടുനനച്ചു നോക്കി വളരാന്‍ കൂട്ടാക്കിയില്ലേതുമെ!

കവി : വി.കെ.ജി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 618 : ആറില്ലേ മുഖമാത്മജന്നു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 7:36 പി)

"ആറില്ലേ മുഖമാത്മജന്നു? മുല നിന്‍ മാറത്തു രണ്ടും, വിശ-
പ്പാറില്ലെന്മക"നെന്നുരച്ചു ഭഗവാനൂറിച്ചിരിച്ചീടവേ
"ആറില്‍ക്കൂറു പെരുത്തൊരാളുടെ മകന്നാറായി മോ"റെന്നു തീ
പാറും നേത്രമൊടംബ ശംഭു വിളറും മാറോതിനാളുത്തരം.

കവി : എന്‍. കെ. ദേശം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 619 : ആനാലും വരവല്ലവാ...
ചൊല്ലിയതു്‌ : ബാലേന്ദു (6/24 9:08 പി)

"ആനാലും വരവല്ലവാ?, ശരിവരട്ടും", പട്ടരേപ്പൊലെയ-

ത്യാനന്ദത്തൊടനര്‍ത്ഥവും പുണരുവോന്‍ വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍;
ആരങ്ങെന്നറിയാത്തവര്‍ക്കുമറിയാം നേരൊന്നു സാമാന്യന-
ല്ലാള്‍ സാധാരണ വാര്യരാകില്‍ വരുമോ ശത്രുക്കളിത്രക്കു മേല്‍?!.

കവി : എന്‍. കെ. ദേശം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 620 : ആരക്ഷീണതപസ്യയാല്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 10:52 പി)

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

കവി: ഉമേഷ്‌ നായര്‍
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 621 : അഥ പ്രജാനാമധിപഃ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/25 1:09 എ)

അഥ പ്രജാനാമധിപഃ പ്രഭാതേ
ജായപ്രതിഗ്രാഹിതഗന്ധമാല്യാം
വനായ പീതപ്രതിബദ്ധവത്സാം
യശോധനോ ധേനുമൃഷേര്‍മുമോച

കവി : കാളിദാസന്‍
കൃതി : രഘുവംശം (2:1)
വൃത്തം : ഉപജാതി

ശ്ലോകം 622 : വള്ളിപോലെ മൃദുവാം...
ചൊല്ലിയതു്‌ : ജീവി (6/25 1:31 എ)

വള്ളിപോലെ മൃദുവാമിരുകാലും
തുള്ളി, മേനി തളരും മിശിഹായെ
ഉള്ളിലാര്‍ദ്രത നശിച്ചരിവൃന്ദം
തള്ളി, മാലുയരുമാറു നയിച്ചു.

കവി: കട്ടക്കയം ചെറിയാന്‍ മാപ്പിള
കൃതി: ശ്രീ യേശുവിജയം
വൃത്തം: സ്വാഗത

ശ്ലോകം
623 : ഉണ്ടാവാമൊരുപാടുമാറ്റം...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/25 5:48 എ)

ഉണ്ടാവാമൊരുപാടുമാറ്റമുലകി,ന്നൊന്നായിരുന്നോരു നാം
രണ്ടാവാമിരുപേരുമങ്ങിനെ മറന്നേയ്ക്കാം കുറേ ചെല്ലുകില്‍
മിണ്ടാതെന്‍ പ്രിയതോഴി നീ പിറകില്‍ വന്നന്നാദ്യമായോമന
ച്ചുണ്ടാലേകിയ ചുംബനോത്പുളകമോ മായാ മരിപ്പോളവും

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 624 : മാതംഗാനനമംബ്ജവാസ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/25 6:11 എ)

മാതംഗാനന, മംബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരൂം
വ്യാസം പാണിനി ഗര്‍ഗനാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗാം ചൈവ മൃദംഗശൈലനിലയേ ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

കവി : കോട്ടയത്തു തമ്പുരാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/25 9:54 എ)

ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

കവി : ഒറവങ്കര
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/25 9:54 എ)


ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശൈര്‍ഹൃദയനിഹിതൈരാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാം പ്രോഷിതാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി: കാളിദാസന്‍
കൃതി: മേഘദൂതം
വൃത്തം: മന്ദാക്രാന്ത

ശ്ലോകം 626 : ഭര്‍ത്തുര്‍മിത്രം പ്രിയം...
ചൊല്ലിയതു്‌ : ജീവി (6/26 6:22 എ)

ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശാന്മനസി നിഹിതാദാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാമധ്വഗാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി : കാളിദാസന്‍
കൃതി : മേഘദൂതം
വൃത്തം : മന്ദാക്രാന്ത

Saturday, June 11, 2005

ശ്ലോകം 510 : ധന്യന്‍ ചേന്നാസു നമ്പൂതിരി...

ചൊല്ലിയതു്‌ : സുനില്‍ കുമാര്‍

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍ കണ്ടകക്കൈതതന്‍ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകിത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്ത്തര്‍ക്കമില്ലൊക്കുമല്ലോ

കവി : വെണ്മണി മഹന്‍
കൃതി : കവിപുഷ്പമാല (മറുപടി)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 509 : കാന്തന്‍ കനിഞ്ഞു പറയുന്നൊരു...

ചൊല്ലിയതു്‌ : ബാലേന്ദു

കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

കവി : ഉണ്ണായി വാര്യര്‍
കൃതി : നളചരിതം ആട്ടക്കഥ (രണ്ടാം ദിവസം)
വൃത്തം : വസന്തതിലകം.

ശ്ലോകം 508 : ഊണിന്നാസ്ഥ കുറഞ്ഞു...

ചൊല്ലിയതു്‌ : ജീവി

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

കവി : ഉണ്ണായി വാര്യര്‍
കൃതി : നളചരിതം ആട്ടക്കഥ (രണ്ടാം ദിവസം)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 507 : മഞ്ജീരം മഞ്ജുനാദൈരിവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്‍ നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

കവി : മേല്‍പത്തൂര്‍
കൃതി : നാരായണീയം (100:9)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 506 : കിരാതവേഷം പരിചോടണിഞ്ഞ...

ചൊല്ലിയതു്‌ : ബാലേന്ദു

കിരാതവേഷം പരിചോടണിഞ്ഞ-
ക്കിരീടിതന്‍ ദര്‍പ്പമൊഴിച്ചൊരീശന്‍
മരിക്കുവോളം മമ ഹൃത്തില്‍ ദര്‍പ്പം
സ്ഫുരിച്ചിടായ്‌വാന്‍ തുണയേകിടേണം.

കവി : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര.

Friday, June 10, 2005

ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ-
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! വണങ്ങുന്നു ഞാന്‍!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 504 : കാക്കപ്പുള്ളിയൊരെണ്ണമുണ്ടു...

ചൊലീയതു്‌ : ബാലേന്ദു

കാക്കപ്പുള്ളിയൊരെണ്ണമുണ്ടുകവിളിന്‍ കാന്തിത്തഴപ്പില്‍ക്കണ,-
ക്കാക്കാനില്ലതൊരൂനമായി, മധുരസ്മേരപ്രഭം നിന്മുഖം;
നോക്കും പെണ്‍കൊടിമാരസൂയയിലെരി, ഞ്ഞെയ്യും കരിങ്കണ്ണുവ-
ന്നേല്‍ക്കായ്‌വാന്‍ പണിതീര്‍ന്നവാറൊരു മഷിക്കുത്തിട്ടു പൊല്‍ത്താര്‍മകന്‍!

കവി : എന്‍.കെ. ദേശം.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകം 503: നിന്നാദ്യസ്മിത, മാദ്യചുംബനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നിന്നാദ്യസ്മിത, മാദ്യചുംബന, മനുസ്യൂതസ്ഫുരന്മാധുരീ-
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതംബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 502: കാടേറുന്ന മനുഷ്യര്‍ തന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കാടേറുന്ന മനുഷ്യര്‍ തന്‍ ഹൃദയമേതാരണ്യജന്തുക്കള്‍തന്‍
കൂടാണെന്നു കഥിക്കുവാന്‍ പണി, യെനിക്കാശ്ചര്യമില്ലായതില്‍,
നാടേ, നിന്‍ രഥമോട്ടുവോര്‍ക്കുടയ നെഞ്ചിന്നുള്ളില്‍ നാറുന്ന വന്‍-
തോടേ കണ്ട കവിക്കുമിങ്ങടവിയുണ്ടെന്നാല്‍ത്തപസ്സേ വരം!

കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 501: മഞ്ഞിന്‍ മാമല മോളിലേറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വ-
ച്ചഞ്ഞൂറാക്കിയൊരിസ്സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!

കവി : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 500: ആരാമേ കാണ്‍ വസന്തോത്സവമയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ, ചാരുപീയൂഷധാരീ
താരേശന്‍ തന്ത്രി തൂകുന്നിതുവിമലനിലാവായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്മാ,നലര്‍ചരനിഹ കോയിമ്മ തേന്മാനവല്ലീ!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 499 : മേഘശ്യാമളമംഗവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ്‌ കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍! ജനാര്‍ദ്ദന, ഭവല്‍ കാരുണ്യപാഥേയവാന്‍

കവി : പൂന്താനം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 498 : ഉടനടര്‍ക്കെതിരിട്ടൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉടനടര്‍ക്കെതിരിട്ടൊരു രുക്മിയെ-
ത്തടവിലാക്കി വിരൂപത ചേര്‍ത്തു നീ
മദമടക്കിയയച്ചു ബലോക്തിയാല്‍
സദയിതന്‍, ദയി തന്‍ പുരി പൂകിനാന്‍

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (79:9)
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 497 : വളരെയുണ്ടു പരിഗ്രഹം...

ചൊല്ലിയതു്‌ : ബാലേന്ദു

വളരെയുണ്ടു പരിഗ്രഹമെങ്കിലും
മമകുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
ഉദധിയാമരഞ്ഞാണെഴുമൂഴിയും
ഭവതിമാരുടെയിപ്രിയ തോഴിയും

കവി : വള്ളത്തോള്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 496 : മദശിഖണ്ഡി...

ചൊല്ലിയതു്‌ : മധുരാജ്‌

മദശിഖണ്ഡിശിഖണ്ഡലമണ്ഡിതം
മദനമന്ഥരമുഗ്ദ്ധമുഖാംബുജം
വ്രജവധൂനയനാഞ്ചലവാഞ്ഛിതം
വിജയതാം മമ വാങ്മയജീവിതം!

കവി: ലീലാശുകന്‍
വൃത്തം: ദ്രുതവിളംബിതം

ശ്ലോകം 495 : കുംഭാരന്‍ നാന്മുഖന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കുംഭാരന്‍ നാന്മുഖന്‍ വെണ്‍കളിയൊളിചിതറും മൂശയില്‍ച്ചോര്‍ത്തി നാരീ-
ബിംബത്തിന്നുണ്മയേകിക്കരമതു കഴുകിത്തോര്‍ത്തുവാന്‍ പോയ നേരം
മുന്‍ഭാരം കണ്ടു വാണീമണി, യഴലണയാന്‍, വീണയെപ്പാതിയാക്കി-
പ്പിന്‍ഭാഗത്താത്തമോദം തിരുകിയവിരുതിന്നേകണം പൊന്‍പണം നാം.

കവി : വാസന്‍ കഴകപ്പുര
വൃത്തം : സ്രഗ്ദ്ധര

Thursday, June 09, 2005

ശ്ലോകം 494 : മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയുമകതാരിട്ടുലയ്ക്കും മുലക്കു-
ന്നന്നപ്പോക്കും മഴക്കാറെതിര്‍തലമുടിയും മുല്ലമൊട്ടൊത്ത പല്ലും
കന്നല്‍ക്കണ്ണും കടുംചോപ്പുടയ ചൊടികളും കാണുകില്‍ കൊച്ചുതെക്കന്‍-
തെന്നല്‍ത്തേരില്‍ക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും!

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 493 : മുക്കാലും വഴി മുഗ്ദ്ധഭാഷിണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുക്കാലും വഴി മുഗ്ദ്ധഭാഷിണി ! മുലക്കുന്റും ചുമന്നംഗജ-
പ്രക്ഷോഭേണ നടന്ന നിന്‍ നട നിനയ്ക്കുമ്പോള്‍ നടുക്കം വരും
മല്‍ക്കൈകൊണ്ടിടയില്‍ത്തൊടുമ്പൊഴുതിലും മാഴ്കിത്തളര്‍ന്നീടുമി-
ത്തൃക്കല്‍ചെങ്കമലങ്ങള്‍ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 492 : കാലേതാനും മടക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കാലേതാനും മടക്കി, ത്തുട തുടയുടെ മേല്‍ ചേര്‍, ത്തതിന്നബ്ജമാല്യം
പോലേ വാരിക്കു മേല്‍ നീട്ടിയ രുചിരവലംകയ്യലങ്കാരമാക്കി,
മേലേ വാന്‍ പോര്‍മുലപ്പൊന്നണിചിതറുമിടംകൈ കവിള്‍ത്തട്ടിനേകി-
ച്ചേലേറും കണ്ണടച്ചെന്‍ ശശികലികയിതാ വെണ്‍നഭസ്സില്‍ ശയിപ്പൂ!

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 491 : അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.

കൃതി : ഉണ്ണുനീലി സന്ദേശം
വൃത്തം : മന്ദാക്രാന്ത