അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, February 17, 2005

ശ്ലോകം 193 : കൂലാതിഗാമിഭയതൂലാവലീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കൂലാതിഗാമിഭയതൂലാവലീജ്വലനകീലാ, നിജസ്തുതിവിധൌ
കോലാഹലക്ഷപണകാലാമരീകുശലകീലാലപോഷണനഭാ,
സ്ഥൂലാ കുചേ, ജലദനീലാ കചേ, കലിതലീലാ കദംബവിപിനേ,
ശൂലായുധപ്രണതിശീലാ, വിഭാതു ഹൃദി, ശൈലാധിരാജതനയാ.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 192 : ഉണ്ടായിമാറുമറിവുണ്ടായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഉണ്ടായിമാറുമറിവുണ്ടായി മുന്നമിതു കണ്ടാറ്റുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചുരുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി!

കവി : ശ്രീനാരായണ ഗുരു
കൃതി : നവരത്നമഞ്ഞ്ജരി

ശ്ലോകം 191 : യവനീ രമണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

യവനീ രമണീ വിപദഃ ശമനീ
കമനീയതമാ നവനീതസമാ
'ഉഹി ഊഹി' വചോമൃത പൂര്‍ണമുഖീ
സ സുഖീ ജഗതീഹ യദങ്കഗതാ

കവി : ജഗന്നാഥപണ്ഡിതര്‍

ശ്ലോകം 190 : ഉഡുരാജമുഖീ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

ശ്ലോകം 189 : നിരയാംബുധി നീന്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നിരയാംബുധി നീന്തി നിറഞ്ഞഴലെ-
ന്നിരുപാധിക നിന്നെ നിനച്ചടിയന്‍
ഉരുമോദമിനിക്കരുണാംബുരസം
കരവിട്ടു കവിഞ്ഞൊഴുകും കടലേ!

കവി : കുമാരനാശാന്‍
കൃതി : ശാങ്കര ശതകം

ശ്ലോകം 188 : നാമാമൃതം നാവില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

നാമാമൃതം നാവിലിരിക്കുമപ്പോള്‍
സോമാമൃതം വിസ്മൃതമായ്‌ വരുന്നു
നാമാമൃതം പാര്‍ത്തു നിറച്ചു കണ്ടാല്‍
നാമാമൃതം കാണമൃതം മൃതാനാം

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 187 : നരനു നരനശുദ്ധ വസ്തു...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

നരനു നരനശുദ്ധവസ്തു പോലും!
ധരയില്‍ നടപ്പതു തീണ്ടലാണു പോലും!
നരകമിവിടമാണു ഹന്ത കശ്ടം!
ഹര ഹര ഇങ്ങനെ വല്ല നാടുമുണ്ടോ?

കവി : കുമാരനാശാന്‍
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 186 : നാരായണന്‍ നമ്പിയെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാരായണന്‍ നമ്പിയെ നമ്പരിന്നായ്‌
നേരായയച്ചിട്ടെഴുതാന്‍ തുടങ്ങി;
നാരായണന്‍ ചക്രമെടുത്തു ചാടു-
ന്നോരോ സ്ഥലം വൃത്ത വിചിത്രമത്രേ

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 185 : വെണ്‍മതികലാഭരണന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

വെണ്‍മതികലാഭരണ, നംബിക, ഗണേശന്‍,
നിര്‍മ്മലഗുണാ കമല, വിഷ്ണുഭഗവാനും,
നാന്‍മുഖനുമാദി കവിമാതു ഗുരുഭൂതര്‍
നന്‍മകള്‍ വരുത്തുക നമുക്കു ഹരിരാമ!

കവി : എഴുത്തച്ഛന്‍
കൃതി : രാമായണം ഇരുപത്തിനാലുവൃത്തം
വൃത്തം: ഇന്ദുവദന

Tuesday, February 15, 2005

ശ്ലോകം 184: ഇവിടെ മഴ ചുരുങ്ങീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഇവിടെ മഴ ചുരുങ്ങീ; വാപിയൊട്ടൊട്ടുണങ്ങീ;
ദിവി ബഹുപൊടി പൊങ്ങീ; ഭാനുമാന്‍ കൂടി മങ്ങീ;
വിവശതയൊടു തെങ്ങിന്‍ കൂമ്പുപോലും വഴങ്ങീ;
ശിവ! ശിവ! കൃഷി മങ്ങീ; കര്‍ഷകന്മാര്‍ കുഴങ്ങീ.

കവി : കുമ്മനം ഗോവിന്ദപ്പിള്ള
കൃതി : ശ്രീചിത്രോദയം മഹാകാവ്യം (സര്‍ഗ്ഗം 33)

ശ്ലോകം 183: തന്നതില്ല പരനുള്ളു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍.

കവി : കുമാരനാശാന്‍
കൃതി : നളിനി

ശ്ലോകം 182: അസ്ഫുടേ വപുഷി തേ...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌

അസ്ഫുടേ വപുഷി തേ പ്രയത്നതോ
ധാരയേമ ധിഷണാം മുഹുര്‍മുഹുഃ
തേന ഭക്തിരസമന്തരാര്‍ദ്രതാ-
മുദ്വഹേമ ഭവദംഘ്രിചിന്തകാഃ

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം

ശ്ലോകം 181: തന്റെ കാര്യമഖിലം നടക്കണം...

ചൊല്ലിയതു്‌ : ഹരിദാസ്‌

തന്റെ കാര്യമഖിലം നടക്കണം
തന്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതിഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണ ചരിതം മണിപ്രവാളം

ശ്ലോകം 180: ചക്കിപ്പെണ്ണേ! ചടുലനയനേ!...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചക്കിപ്പെണ്ണേ! ചടുലനയനേ! ചത്തു ഞാനെന്നിവണ്ണം
ദു:ഖിക്കൊല്ലേ! ചതിയരുടെയച്ചപ്പടാച്ചിക്കു ചെറ്റും
തര്‍ക്കം വച്ചും തകൃതി പറകില്‍ത്താമസിക്കതെകണ്ടാ-
ത്തക്കം നോക്കി പ്രിയതമയെ ഞാന്‍ വേള്‍ക്കുവന്‍ കേള്‍ക്ക ബാലേ!

കവി : കെ. സി. നാരായണന്‍ നമ്പിയാര്‍
കൃതി : ചക്കീചങ്കരം നാടകം

Monday, February 14, 2005

ശ്ലോകം 179 : ഘ്രാണിച്ചും മുത്തിയും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഘ്രാണിച്ചും മുത്തിയും പിന്നെയുമുടനവലേഹിച്ചുമേറ്റം ചുവച്ചും
നാണിക്കാതുറ്റ വൈരസ്യമൊടു ഭുവി കളഞ്ഞെന്നതില്‍ കേണിടൊല്ല
ചേണേറും രത്നമേ! നിന്നുടെയകമതു കണ്ടീടുവാന്‍ കീശനശ്മ-
ക്കോണാല്‍ നിന്നെപ്പൊടിക്കാഞ്ഞതു പരമുപകാരം നിനക്കെന്നുറയ്ക്ക.

കവി : കേ സി കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 178 : സമയമതിലുയര്‍ന്ന....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലികവൃദ്ധി രേവയാര്‍ന്നു,
ഘുമഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ

കവി : കുമാരനാശാന്‍
കൃതി : ലീല

Saturday, February 12, 2005

ശ്ലോകം 177 : അകരുണത്വമകാരണ...

ചൊല്ലിയതു്‌ : ഹരിദാസ്‌

അകരുണത്വമകാരണവിഗ്രഹം
പരധനേ പരയോഷിതി ച സ്പൃഹാ
സുജന ബന്ധുജനേഷ്വസഹിഷ്ണുതാ
പ്രകൃതിസിദ്ധമിദം ഹി ദുരാത്മനാം

കവി : ഭര്‍ത്തൃഹരി
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 176 : ഉമ്മവെച്ചിടണമെങ്കില്‍ നീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഉമ്മവെച്ചിടണമെങ്കില്‍ നീ തരിക വെണ്ണ, മാലയിതുചൂടുവാന്‍
സമ്മതിപ്പതിനു വെണ്ണ, ഞാന്‍ മുരളിയൂതുവാനുരുള വേറെയും
അമ്മയോടു മണിവര്‍ണനോതിയതറിഞ്ഞു ദേവമുനിസംകുലം
ബ്രഹ്മസാധന വെടിഞ്ഞു വല്ലവഴി തേടി വല്ലവികളാകുവാന്‍!

കവി : പി.സി. മധുരാജ്‌
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 175 : രണ്ടായിരം രസന...

ചൊല്ലിയതു്‌ : ഹരിദാസ്‌

രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‍പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ-
ക്കൊണ്ടാടുമാറൊരു നിരര്‍ഗ്ഗള വാഗ്‌ വിലാസം

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
(പുന്നശ്ശേരി നമ്പിയെക്കുറിച്ച്‌ എഴുതിയതു്‌)

Friday, February 11, 2005

ശ്ലോകം 174 : ഗ്രഹിക്കണം വന്നണയുന്ന....

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഗ്രഹിക്കണം വന്നണയുന്നതെല്ലാം
ത്യജിക്കണം പോവതുമപ്രകാരം
രസിക്ക, ദുഃഖിക്കയുമെന്തിനോര്‍ത്താല്‍?
വിധിക്കു നീക്കം വരികില്ല തെല്ലും.

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 173 : ഗ്രഹിക്കേണം നീ....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഗ്രഹിക്കേണം നീയിദ്ദുരിതനിരയാം ഗ്രാഹമതിനാല്‍
ഗ്രഹിക്കപ്പെട്ടീടുന്നടിയനെ യമധ്വംസന! വിഭോ!
ഗ്രഹിക്കും മൂവര്‍ക്കും ഗതികളരുളും കല്‍പ്പകതരോ!
ഗ്രഹിക്കേണം വേഗാലഗതി പറയും സങ്കടമഹോ.

കവി : കുമാരനാശാന്‍
കൃതി : അനുഗ്രഹപരമദശകം
വൃത്തം : ശിഖരിണി

ശ്ലോകം 172 : ദുഷ്ക്കര്‍മത്തിന്റെയൂക്കാല്‍....

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌

ദുഷ്ക്കര്‍മത്തിന്റെയൂക്കാല്‍ ചതിയുടെ കുഴിയില്‍ പെട്ടുഴന്നേ,നസംഖ്യം
മുഷ്കന്‍മാരോടു ചേര്‍ന്നെന്‍ സഹജഗജഗണം ചെയ്ത ഭേദ്യം സഹിച്ചേന്‍;
ഗര്‍വ്വം തീര്‍ന്നിട്ടു താഴും മമ ശിരസി ഹരേ! പൊല്‍ത്തിടമ്പേറ്റുവാനാ--
യെത്തീ നിന്‍മുമ്പി - ലിന്നാടുക കനിവൊടു നീ ഹസ്തിരാജേന്ദ്രമോക്ഷം!

കവി : പി. സി. രഘുരാജ്‌

ശ്ലോകം 171: സ്പഷ്ടം ഭൂമി മറയ്ക്കലിന്ദു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സ്പഷ്ടം ഭൂമി മറയ്ക്കലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ 'രാജരാജേ'ന്ദു! ഹാ!
കഷ്ടം 'രോഹിണി' യക്കലേശനെയിനിക്കാണില്ല കേണാലുമേ.

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

ശ്ലോകം 170 : കഷ്ടം സ്ഥാനവലിപ്പമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

Thursday, February 10, 2005

ശ്ലോകം 169 : ക്ഷീണിക്കാത്ത മനീഷയും...

ചൊല്ലിയതു്‌ : ഹരിദാസ്‌

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയും
വാണിക്കായ്‌ തനിയേയുഴിഞ്ഞു വരമായ്‌ നേടീ ഭവാന്‍ സിദ്ധികള്‍
കാണിച്ചൂ വിവിധാത്ഭുതങ്ങള്‍ വിധിദൃഷ്ടാന്തങ്ങളായ്‌, വൈരിമാര്‍
നാണീച്ചൂ, സ്വയമംബ കൈരളി തെളിഞ്ഞീക്ഷിച്ചു മോക്ഷത്തെയും.

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

ശ്ലോകം 168 : ബുധനാം ഭവാന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

കവി : ഉള്ളൂര്‍
കാവ്യം : ഉമാകേരളം
വൃത്തം : മഞ്ജുഭാഷിണി

ശ്ലോകം 167 : ബോധിപ്പിക്കാം സുഖമൊടറിവില്ലാതെ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ബോധിപ്പിക്കാം സുഖമൊടറിവില്ലാതെയുള്ളോരെ നന്നായ്‌
ബോധിപ്പിക്കാമതിസുഖമൊടേ നല്ല സാരജ്ഞരേയും
ബോധം ചെറ്റുള്ളതിലതിമദം ചേര്‍ന്ന ദുര്‍ബുദ്ധിതന്നെ-
ബ്ബോധിപ്പിക്കുന്നതിനു വിധിയും തെല്ലുമാളല്ല നൂനം

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 166 : സ്ഫാരദ്യുതിസ്ഫടിക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സ്ഫാരദ്യുതിസ്ഫടികദര്‍പ്പണദര്‍പ്പഹാരി-
ഗണ്ഡോല്ലസദ്ഭുജഗ കുണ്ഡല ലോഭനീയം
ബിംബാധരച്ഛവികരംബിതദന്തപങ്‌ക്തി-
കാന്തിച്ഛടാച്ഛുരിതസുന്ദരമന്ദഹാസം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : വ്യാഘ്രാലയേശ ശതകം
വൃത്തം : വസന്തതിലകം

ശ്ലോകം 165 : ചിരിക്കും മദ്ധ്യത്തില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ചിരിക്കും മദ്ധ്യത്തില്‍ കരയു,മിതിനേതും നിയമമി-
ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ,
സ്ഫുരിച്ചല്‍പം കാണാം ചില ചെറിയ പല്ലിങ്ങിനെ ലസി-
ച്ചിരിക്കും ബാല്യേ നിന്‍ മുഖകമലമോര്‍ക്കുന്നിതതു ഞാന്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ
വൃത്തം : ശിഖരിണി

ശ്ലോകം 164 : ഫലകഥ മറയത്തുപോട്ടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

ഫലകഥ മറയത്തുപോട്ടെ പൂവി,-
ല്ലലിയുമതിങ്കല്‍; മറിഞ്ഞു താഴെ വീഴാന്‍
ചില ഞൊടിയിട വേണമെന്ന മട്ടായ്‌,
നില; ചെടി വാടി വരണ്ടു പട്ടുപോയി

കവി : ഉള്ളൂര്‍
കൃതി : കോമന്‍

ശ്ലോകം 163 : അല്ലേ! ഭാരതസൂര്യ!...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അല്ലേ! ഭാരതസൂര്യ! ദുര്‍വിധിബലത്താല്‍ നിന്നെയും ഹന്ത നിന്‍
ചൊല്ലേറും പ്രജയേയുമുന്നതതരുക്കൂട്ടത്തെയും നിത്യവും
ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗനത്തില്‍പ്പൂത്തിണങ്ങുന്നതാം
നല്ലോരാക്കുസുമോല്‍ക്കരത്തെയുമിതാ കൈവിട്ടു പോകുന്നു ഞാന്‍

കവി : കുമാരനാശാന്‍
കൃതി : "ഒരു യാത്രാവഴങ്ങല്‍"(സ്വാമി വിവേകാനന്ദന്റെ ഒരു പ്രഭാഷണത്തിന്റെ തര്‍ജ്ജമ)

ശ്ലോകം 162 : അമ്മേ ഞാന്‍ മണ്ണുതിന്നീല...

ചൊല്ലിയതു്‌ : ഹരിദാസ്‌

"അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍"കെന്നു ചൊല്ലി, ച്ചെറിയ പവിഴ വായ്‌ കാട്ടിയമ്മക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമൊപ്പോ-
"ളമ്മേ! അമ്മിഞ്ഞനല്‍"കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 161 : പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലുന്നമ്പോടു കണ്ഠത്തിലും
പാമ്പാണുള്ളതു, കൈയ്ക്കുമുണ്ടു വളയായ്‌ തോളോളമപ്പാമ്പുകള്‍
അമ്പാ! പാമ്പുകള്‍തന്നെ നിന്നരയിലും കാല്‍ക്കും, സമസ്താംഗവും
പാമ്പേ പാമ്പുമയം! തദാഭരണനാം പാമ്പാട്ടി മാം പാലയ.

കവി : ശീവൊള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Wednesday, February 09, 2005

ശ്ലോകം 160 : സീതാദേവിയെ രാക്ഷസേന്ദ്രനതുപോല്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ

സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേര്‍ന്നൊരു പുമാന്‍ തന്‍ കൈക്കലാക്കീടിനാന്‍;
പിന്നെത്തന്നുടെയാക്കുവാന്‍ പദമതില്‍ ചേര്‍ത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.

കവി : ഉത്തരരാമചരിതം തര്‍ജ്ജമ
കൃതി : ചാത്തുക്കുട്ടി മന്നാടിയാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 159 : ഋതുവിലംഗജദീപനമാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഋതുവിലംഗജദീപനമാം സുമ-
പ്പുതുമ പോലെയശോകതരുക്കളില്‍
സുതളിര്‍ കാതിലതാ പ്രിയ ചേര്‍ത്ത ചാ-
രുത വിടാതവിടാര്‍ത്തി വിടര്‍ത്തിടും

കവി : കുണ്ടൂര്‍ / കാളിദാസന്‍
കൃതി : രഘുവംശം തര്‍ജ്ജമ
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 158 : സ്മൃതിധാര,യുപേക്ഷയാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലി പോല്‍.

കവി : കുമാരനാശാന്‍
കൃതി : ചിന്താവിഷ്ടയായ സീത
വൃത്തം : വിയോഗിനി

ശ്ലോകം 157 : ക്ഷിപ്രപ്രസാദി ഭഗവാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വത്ര കാരിണി സരസ്വതി ദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ

വൃത്തം : വസന്തതിലകം

ശ്ലോകം 156 : ധിഗ്ധിഗ്‌ രാക്ഷസരാജ!...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ധിഗ്ധിഗ്‌ രാക്ഷസരാജ! ദുഷ്പരിഭവം വായ്പിച്ചു നിന്‍ ദോര്‍ബ്ബലം
വിദ്യുജ്ജിഹ്വവിപത്തി മാത്രമെളുതാമങ്ങേയ്ക്കു നീചപ്രഭോ!
കഷ്ടം, നിസ്ത്രപ! നോക്കു, കണ്ണിരുപതും ചേര്‍ക്കൂ, വെറും താപസന്‍
കുട്ടിക്രീഡയില്‍ വാളിളക്കിയതിനാല്‍ നിന്‍ പെങ്ങളീ മട്ടിലായ്‌!

കൃതി : നിരനുനാസികപ്രബന്ധം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 155 : നില്‍ക്കട്ടേ ജാരനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നില്‍ക്കട്ടേ ജാരനായ്‌ നീയതുമിതുമുരചെയ്തിട്ടു ഞാന്‍ കേട്ട, തെന്ന-
ല്ലിക്കട്ടിന്‍മേല്‍ കിടക്കുന്നവനെയരികില്‍ ഞാന്‍ കണ്ടതും കൂട്ടിടേണ്ട;
ധിക്‌ കഷ്ടം! ദുഷ്ടശീലേ! പറക പറക നീ; നിന്റെ കോളാമ്പിയില്‍ത്താ-നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാനെന്തഹോ! ഹന്ത! ബന്ധം?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : തുപ്പല്‍ക്കോളാമ്പി
വൃത്തം : സ്രഗ്ദ്ധര

Tuesday, February 08, 2005

ശ്ലോകം 154 : ഹേമാംഗനാദിവിഷയാംബുധിയില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഹേമാംഗനാദിവിഷയാംബുധിയില്‍പ്പതിച്ചു
കാമാദി വൈരിവശരായ്ക്കഷണിച്ചിടാതെ
നാമിപ്രപഞ്ചപരമാര്‍ത്ഥമറിഞ്ഞു ചുമ്മാ
നാമം ജപിക്ക ജനതേ, ജനിയാതിരിപ്പാന്‍

കവി : ശീവൊള്ളി
വൃത്തം : വസന്തതിലകം

ശ്ലോകം 153 : ലക്ഷണാ പരവശീകൃത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ലക്ഷണാ പരവശീകൃതചിത്താ-
നാവിദന്‍ ക്ഷിതിഭൃതോധ്വനി വൃത്തം
ഹന്ത! തേ ബുബുധിരേ ന കഥം വാ
സ്വാഭിലാഷവിഷയാനുപപത്തിം?

കവി : എണ്ണയ്ക്കാട്ടു രാജരാജവര്‍മത്തമ്പുരാന്‍
കൃതി : ലക്ഷണാസ്വയംവരം ചമ്പു
വൃത്തം : സ്വാഗത

ശ്ലോകം 152 : ചേലക്കള്ളന്‍ ചിലപ്പോള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ചേലക്കള്ളന്‍ ചിലപ്പോള്‍, ചില സമയമൊടുങ്ങാതരക്കെട്ടു ചുറ്റാന്‍
നീളത്തില്‍പ്പട്ടു നല്‍കുന്നവ; നിടയനിട, യ്ക്കെപ്പൊഴും രാജരാജന്‍;
ലീലാലോലന്‍ ചിലപ്പോ, ളഖിലസമയവും നിര്‍ഗ്ഗുണബ്രഹ്മ; - മെന്നെ-
പ്പോലുള്ളോരെന്തറിഞ്ഞൂ പുരഹരവിധിമാര്‍ പോരുമോരാത്ത തത്ത്വം!

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 151 : കാവ്യം സുഗേയം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

കാവ്യം സുഗേയം, കഥ രാഘവീയം,
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍,
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി,-
ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?

കവി : വള്ളത്തോള്‍
കൃതി : ഒരു തോണി യാത്ര (സാഹിത്യമഞ്ജരി)
വൃത്തം : ഇന്ദ്രവജ്ര

കുഞ്ഞുവൃത്തങ്ങള്‍ കഴിഞ്ഞു!

19 അക്ഷരത്തില്‍ താഴെ നീളമുള്ള വരികളുള്ള ശ്ലോകങ്ങള്‍ മാത്രം എന്ന നിഷ്കര്‍ഷ 150-ാ‍ം ശ്ലോകത്തോടെ കഴിഞ്ഞു. ഇനി ഏതു ശ്ലോകവും ചൊല്ലാം.

ശ്ലോകം 150 : തീരത്തിതാ നിന്‍ വദനം...

ചൊല്ലിയതു്‌ : വിശ്വപ്രഭ

തീരത്തിതാ നിന്‍ വദനം പ്രസന്നം
നീരത്തിലത്താമരയും പ്രബുദ്ധം
കണ്ടിട്ടിതാ തേന്‍ നുകരാന്‍ തുനിഞ്ഞ
വണ്ടിണ്ട മണ്ടുന്നിതു രണ്ടിടത്തും

കവി: എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 149 : തത്സേവാര്‍ത്ഥം തരുണസഹിതാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

തത്സേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ-
സ്താമ്യന്‍മധ്യാസ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തര്‍ജ്ജനീയാളകാഢ്യാ-
സ്തത്രസ്യാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ

കവി : ലീലാശുകന്‍
കൃതി : ശുകസന്ദേശം
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 148 : തമ്മില്‍ക്കളിച്ചു കലഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ

തമ്മില്‍ക്കളിച്ചു കലഹിച്ചു നിലത്തുവീണാര്‍
ചെമ്മേ ചുവട്ടില്‍ വശമായ്‌ ബലഭദ്രനപ്പോള്‍
തന്‍മേല്‍ക്കിടന്നു സുഖമേ മധുസൂദനന്‍ താ-
നമ്മയ്ക്കനന്തശയനം വെളിവാക്കിനാന്‍ പോല്‍!

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം
വൃത്തം : വസന്തതിലകം

ശ്ലോകം 147 : തരംഗതരളാക്ഷി! നിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തരംഗതരളാക്ഷി! നിന്‍ തിരുമിഴിത്തലത്തല്ലിനാല്‍
തരം കെടുകയാല്‍ ത്വദുള്‍ത്തളിര്‍ തെളിഞ്ഞു താപം കെടാന്‍
തരം തളിര്‍ തൊഴും തനോ! തരമൊടോര്‍ത്തു താരമ്പനി-
ത്തരം തവ തദര്‍ദ്‌ധമൈ തരുമുമേ! തുണയ്ക്കേണമേ

കവി : കുണ്ടൂര്‍ നാരായണമേനോന്‍
വൃത്തം : പൃഥ്വി

ശ്ലോകം 146 : ഇവളെന്തിനിതന്യഭുക്തയാള്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഇവളെന്തിനിതന്യഭുക്തയാ-
ളവനീസംഭവയാള്‍ വിരക്തയാള്‍?
തവ ദേവവധുക്കള്‍ തോല്‍ക്കുവോ-
രവരോധാംഗനമാര്‍കളില്ലയോ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ശക്തിഭദ്രന്‍
കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ
വൃത്തം : വിയോഗിനി

ശ്ലോകം 145 : ഘനനിര തനിയേ തരുന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഘനനിര തനിയേ തരുന്ന തണ്ണീര്‍,
അമൃതകരന്‍ ചൊരിയുന്ന പൂനിലാവ്‌,
ഇതുകള്‍ പരമവള്‍ക്കു പാരണയ്ക്കായ്‌
അചരജഗത്തതിനെന്ന പോലെ തന്നെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 144 : പനിമതിമകുടാലങ്കാര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പനിമതിമകുടാലങ്കാര! നീയേ സഹായം
ജനിമൃതിഭയമയ്യോ! നൊന്തിടുന്നന്തരംഗം
ഘനചരിത രസാബ്ധേ! നിന്നെയുന്നി സ്തുതിപ്പാന്‍
തുനിയുമളവു തോന്നും വാണി നാണിച്ചിടുന്നു

കവി : കുമാരനാശാന്‍
കൃതി : സുബ്രഹ്മണ്യശതകം

Monday, February 07, 2005

ശ്ലോകം 143 : ഘോരാഗ്നിയല്ല...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഘോരാഗ്നിയല്ല,പടയ, ല്ലിടിയ, ല്ലിതുഗ്ര-
വാരാശിയ, ല്ലരിയ ഭൂമികുലുക്കമല്ല
പാരാളിടും ചുഴലിയല്ലിതു, പിന്നെയെന്താ-
ണാരാന്‍ വരുന്നു പുകവണ്ടി, യതാണു ഘോഷം!

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്‍

ശ്ലോകം 142 : വനഭൂവില്‍ നശിപ്പു താന്‍ പെറും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വനഭൂവില്‍ നശിപ്പു താന്‍ പെറും
ധനമന്യാര്‍ത്‌ഥമകന്നു ശാലികള്‍
ഘനമറ്റു കിടപ്പു മുത്തു തന്‍
ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍

കവി : കുമാരനാശാന്‍
കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 141 : ഖേദിച്ചിടൊല്ല കളകണ്ഠ!

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഖേദിച്ചിടൊല്ല കളകണ്ഠ! വിയത്തില്‍ നോക്കി
രോദിച്ചിടേണ്ട, രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്‍മ തമോവൃതന്‍മാ-
രാദിത്യലോകമറിയുന്നിതു നിന്‍ ഗുണങ്ങള്‍.

കവി : കുമാരനാശാന്‍
കവിത : ഗ്രാമവൃക്ഷത്തിലെ കുയില്‍
വൃത്തം : വസന്തതിലകം

ശ്ലോകം 140 : പലവഴി പതറി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പലവഴി പതറിപ്പടര്‍ന്ന കോപ-
ജ്വലനനെരിഞ്ഞു പുകഞ്ഞു കണ്ണുരുട്ടി
ഖലനവനരവാള്‍ വലിച്ചു വായ്ക്കും
ബലമൊടു ജാനകി തന്റെ നേര്‍ക്കു ചാടി

കവി : ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്‌
കൃതി : മധ്യസ്ഥയായ മണ്ഡോദരി
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 139 : അസ്ത്യുത്തരസ്യാം ദിശി...

ചൊല്ലിയതു്‌ : ഹരിദാസ്‌

അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോനാമ നഗാധിരാജഃ
പൂര്‍വാപരൌ തോയനിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ

കവി : കാളിദാസന്‍
കൃതി : കുമാരസംഭവം
വൃത്തം : ഉപജാതി

ശ്ലോകം 138 : ലാളിച്ചു പെറ്റ ലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍.

കവി : കുമാരനാശാന്‍
കൃതി : വീണപൂവു്‌
വൃത്തം : വസന്തതിലകം

Friday, February 04, 2005

ശ്ലോകം 137 : മാതേവ രക്ഷതി...

ചൊല്ലിയതു്‌ : ഹരിദാസ്‌

മാതേവ രക്ഷതി പിതേവ ഹിതേ നിയുങ്‌ക്തേ
കാന്തേവ ചാപി രമയത്യപനീേയ ഖേദം
ലക്ഷ്മീം തനോതി വിതനോതി ച ദിക്ഷു കീര്‍ത്തിം
കിം കിം ന സാധയതി കല്‍പലതേവ വിദ്യാ

ശ്ലോകം 136 : മണപ്പിച്ചു ചുംബിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാതെ താഴത്തെറിഞ്ഞാന്‍ കുരങ്ങന്‍
മണിശ്രേഷ്ഠ! മാഴ്കൊല്ല, നിന്നുള്ളു കാണ്‍മാന്‍
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്റെ ഭാഗ്യം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
വൃത്തം : ഭുജംഗപ്രയാതം

(യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം)

ശ്ലോകം 135 : മഞ്ജുത്വമാര്‍ന്ന മണിരാശി...

ചൊല്ലിയതു്‌ : ഹരിദാസ്‌

മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല;
മുങ്ങുന്നു പോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ-
മങ്കം ശശാങ്കകിരണങ്ങളിനെന്ന പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 134 : ഒരല്ലലില്ലെങ്കിലെനിക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ-
യിരിക്കലാണെത്രെയുമേറെയിഷ്ടം
മരിച്ചുപോം മര്‍ത്യതയെന്തിനായി-
ക്കരഞ്ഞിടാനും കരയിച്ചിടാനും

കവി : നാലാപ്പാട്ടു നാരായണ മേനോന്‍
കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 133 : മുമ്പില്‍ ഗമിച്ചീടിന ഗോവു...

ചൊല്ലിയതു്‌ : ഹരിദാസ്‌

മുമ്പില്‍ ഗമിച്ചീടിന ഗോവു തന്റെ
പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം
ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം
പരത്തുവാനാളുകളുണ്ടസംഖ്യം

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 132 : കിഴവനെ യുവാവാക്കും വാക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കിഴവനെ യുവാവാക്കും വാക്കും തിലപ്രസവപ്രഭയ്‌-
ക്കഴലനുദിനം മൂക്കും മൂക്കും മിനുത്തൊരു ഗണ്ഡവും
മിഴികളടിയാലാക്കും ലാക്കും തകര്‍പ്പൊരു കാറണി-
ക്കുഴലിയിവള്‍ തന്‍ നോക്കും നോക്കും തരുന്നൊരു കൌതുകം.

കവി : കുട്ടമത്തു്‌

ശ്ലോകം 131 : വ്യാളം വിഭൂതിയിവ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

വ്യാളം വിഭൂതിയിവ പൂ, ണ്ടഖിലാഗമങ്ങള്‍-
ക്കാലംബമായ്‌, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിയുമിഗ്ഗിരീശന്‍
ശ്രീലദ്വിജാധിപനെ മൌലിയിലേന്തിടുന്നു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം

(സഹ്യപര്‍വ്വതപരമായും ശിവപരമായും രണ്ടര്‍ത്ഥം.)

ശ്ലോകം 130 : ഹാ! ജന്യസീമ്‌നി പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌-
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ-
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

കവി : വള്ളത്തോള്‍
കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 129 : മായാവിനാഥ ഹരിണാകഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മായാവിനാഥ ഹരിണാകഥി സാരസേന-
പുത്രീപ്രപൂജ്യവദനേ സ്ഫുട സാരസേന
ഹാ ദ്വേഷപാത്രമഹമസ്മ്യുരുസാരസേന-
ഭൂമീഭൃതാം ത്വയി പരം തമസാ രസേന

കവി : കുട്ടമത്തു്‌ ചെറിയ രാമക്കുറുപ്പ്‌
കൃതി : രുക്മിണീ സ്വയംവരം (യമക കാവ്യം)

ശ്ലോകം 128 : ലീലാരണ്യേ വിഹഗമൃഗയാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : മയൂരസന്ദേശം

ശ്ലോകം 127 : ന യത്ര സ്ഥേമാനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
ഗളദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ

കവി : പടുതോള്‍ വിദ്വാന്‍ നമ്പൂതിരിപ്പാട്‌
(ശക്തന്‍ തമ്പുരാന്റെ മരണത്തെപ്പറ്റി)

Thursday, February 03, 2005

ശ്ലോകം 126 : കല്‍പദ്രുകല്‍പദ്രുപദേന്ദ്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌

കല്‍പദ്രുകല്‍പദ്രുപദേന്ദ്ര പുത്രീ-
സാരസ്യ സാരസ്യ നിവാസ ഭൂമിം
നാളീക നാളീക ശരാര്‍ദ്ദിതാ സാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 125 : അംഗത്തിലെങ്ങുമണിയാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താന്‍
മദ്യാഖ്യയെന്നിയെ മദത്തിനു കാരണം താന്‍
കാമന്നു പൂമലരൊഴിഞ്ഞൊരു സായകം താന്‍
ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാള്‍

കവി : ഏ. ആര്‍. രാജരാജ വര്‍മ്മ/കാളിദാസന്‍
കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 124 : നിന്ദന്തു നീതിനിപുണാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നിന്ദന്തു നീതിനിപുണാഃ യദി വാ സ്തുവന്തു
ലക്ഷ്മീ സമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാത്‌ പഥഃ പ്രവിചലന്തി പദം ന ധീരാഃ

കവി : ഭര്‍ത്തൃഹരി
കൃതി : നീതിശതകം

ശ്ലോകം 123 : മഹീപതേ ഭാഗവതോപമാനം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌

കവി : രാമപുരത്തു വാര്യര്‍

ശ്ലോകം 122 : നാരായണന്‍ തന്റെ പദാരവിന്ദം...

ചൊല്ലിയതു്‌ : ഹരിദാസ്‌

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

ശ്ലോകം 121 : വൈരാഗ്യമേറിയൊരു വൈദികനാട്ടെ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം.

കവി : കുമാരനാശാന്‍
കൃതി : വീണ പൂവ്‌.

ശ്ലോകം 120 : കണ്ടാല്‍ ശരിയ്ക്കു കടലിന്‍മകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കണ്ടാല്‍ ശരിയ്ക്കു കടലിന്‍മകള്‍, നാവിളക്കി-
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം

ശ്ലോകം 119 : ഖണ്ഡിക്ക വഹ്നിയതില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഖണ്ഡിക്ക വഹ്നിയതിലിട്ടതിതാപമേറ്റി-
ദ്ദണ്ഡിക്കയെന്നിവയിലില്ലൊരു ദുഃഖവും മേ
കുന്നിക്കെഴുന്ന കുരുവോടു സുവര്‍ണ്ണമാകു-
മെന്നെക്കലര്‍ത്തിയിഹ തൂക്കുവതാണു കഷ്ടം!

കവി : കെ.സി കേശവപിള്ള
കൃതി : സുഭാഷിത രത്നാകരം

കുഞ്ഞു വൃത്തങ്ങള്‍

പെരുമ്പാമ്പിനെപ്പോലുള്ള ശ്ലോകങ്ങളെക്കൊണ്ടു മടുത്തില്ലേ? ഇനി അടുത്ത ശ്ലോകം തൊട്ടു 150-ാ‍ം ശ്ലോകം വരെ ഒരു വരിയില്‍ 19-ല്‍ താഴെ അക്ഷരങ്ങളുള്ള ശ്ലോകങ്ങള്‍ ചൊല്ലിയാലെന്താ? ശാര്‍ദ്ദൂലവിക്രീഡിതവും സ്രഗ്ദ്ധരയും തല്‍ക്കാലം വിശ്രമിക്കട്ടേ.

ശ്ലോകം 118 : ഖേദത്രാസനിമിത്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഖേദത്രാസനിമിത്തമിപ്പൊഴുളവാം സ്വേദാംബുവാല്‍ തിങ്കളിന്‍
‍പാദം കൊണ്ടു കിനിഞ്ഞ ചന്ദ്രമണി ചേര്‍ന്നുണ്ടായ ഹാരത്തിനെ
ഖേദിപ്പിച്ചിടുമിക്കരം പ്രിയതമേ, വൈദേഹി, യെന്‍ ജീവനാ-
മോദം നല്‍കുവതിന്നു വേണ്ടിയുടനെന്‍ കണ്ഠത്തിലര്‍പ്പിക്കെടോ!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 117 : അഭ്യുദ്ഗച്ഛദഖണ്ഡശീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അഭ്യുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസര്‍വങ്കഷ-സ്ഫായന്‍മഞ്ജിമസമ്പദാനനഗളത്കാരുണ്യമന്ദസ്മിതം
ഖദ്യോതായുതകോടിനിസ്തുല മഹസ്സന്ദോഹ പാരമ്പരീ-
ഖദ്യോതീകരണ പ്രവീണ സുഷമം വാതാലയേശം ഭജേ

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
കൃതി : ഗുരുവായുപുരേശസ്തവം

ശ്ലോകം 116 : ഭക്ത്യാ ഞാനെതിരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവല്‍പാദാരവിന്ദങ്ങളെ-
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കുംവിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും

കവി : ചേലപ്പുറത്ത്‌ നമ്പൂതിരി

ശ്ലോകം 115 : ഈവണ്ണമന്‍പൊടു വളര്‍ന്നഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ--
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

കവി : കുമാരനാശാന്‍
കൃതി : വീണപൂവ്‌

ശ്ലോകം 114 : കട്ടിന്മേല്‍ മൃദുമെത്തയിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌

കട്ടിന്മേല്‍ മൃദുമെത്തയിട്ടതിനുമേലേറെഗ്ഗുണം ചേര്‍ന്നിടും
പട്ടും മറ്റുവിശേഷമുള്ളവകളും നന്നായ്‌ വിരിച്ചങ്ങിനെ
ഇഷ്ടം പോലെ കിടന്നുറങ്ങുമവരാപ്പാറപ്പുറത്തേറ്റവും
കഷ്ടപ്പെട്ടു കിടന്നതോര്‍ത്തധികമായുള്‍ത്താരു കത്തുന്നു മേ.

കവി : നടുവത്തച്ഛന്‍
കൃതി : ഭഗവദ്ദൂത്‌ (കുന്തിയുടെ വിലാപം)

ശ്ലോകം 113 : മല്ലന്മാര്‍ക്കിടിവാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കനേണാക്ഷിമാര്‍-
ക്കില്ലത്തില്‍ സഖി വല്ലവര്‍,ക്കരി ഖലര്‍,ക്കന്നന്ദനോ നന്ദനന്‍
‍കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍, ജ്ഞാനിക്കു തത്ത്വം പരം,
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.

ശ്ലോകം 112 : കാടല്ലേ നിന്റെ ഭര്‍ത്താവിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

‍കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവനം? അതേ, നിന്റെയോ? നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ? ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?
മാടല്ലേ വാഹനം നിന്‍ ദയിതന്‌? അതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?
കൂടില്ലേ തര്‍ക്കം - എന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 111 : മണ്ണിലുണ്ട്‌ കരിവിണ്ണിലുണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

മണ്ണിലുണ്ട്‌ കരിവിണ്ണിലുണ്ട്‌ കളിയാടിടുന്ന കലമാനിലും
കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്നവിളി കേട്ടുപോല്‍!

കവി : പി.സി.മധുരാജ്‌

Wednesday, February 02, 2005

ശ്ലോകം 110 : മല്ലാരിപ്രിയയായ ഭാമ സമരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി-
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവളാളല്ലെന്നു വന്നീടുമോ?

കവയിത്രി : ഇക്കാവമ്മ
കൃതി : സുഭദ്രാധനഞ്ജയം (സുഭദ്രാഹരണം?) നാടകം

ശ്ലോകം 109 : ഭംഗ്യാ ഭാസുരഗാത്രിയാകുമിവളെ...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഭംഗ്യാ ഭാസുരഗാത്രിയാകുമിവളെസ്സൃഷ്ടിച്ചവന്‍ ബ്രഹ്മനോ ?
ശൃംഗാരി സ്മരനോ? സിതാംശു ഭഗവാന്‍ താനോ? വസന്താഖ്യനോ?
മങ്ങാതോത്തു മുഷിഞ്ഞിരുന്നുരുകഴിച്ചിഗ്ഗന്ധമില്ലാത്തൊരാ-
ച്ചങ്ങാതിക്കിഴവന്‍ മുനിക്കിവളെ നിര്‍മിപ്പാന്‍ തനിച്ചാകുമോ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / കാളിദാസന്‍
കൃതി : വിക്രമോര്‍വ്വശീയം തര്‍ജ്ജമ

ശ്ലോകം 108 : ഭവാനുഭവയോഗ്യമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഭവാനുഭവയോഗ്യമാം ഭുവനഭാഗ്യമേ! പങ്കജോദ്‌-
ഭവാബ്ധിഭവനാദി ഭക്തജന ഭുക്തിമുക്തിപ്രദേ!
ഭവാനിഭയമാറ്റണേ, ഭവദനുഗ്രഹം തെറ്റിയാല്‍
ഭവാനി! ഭവനും ഭവദ്ഭവഭയം ഭവിക്കും ഭൃശം

കവി : കുണ്ടൂര്‍ നാരായണമേനൊന്‍

ശ്ലോകം 107 : യുക്തിശ്രീനയനങ്ങളില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

യുക്തിശ്രീനയനങ്ങളില്‍ത്തളികയിട്ടീടുന്ന ശീതാഞ്ജനം
മുക്തിശ്രീകബരീഭരത്തിലനിശം ചൂടുന്ന ചന്ദ്രക്കല
ഭക്തിശ്രീതിരുനാവുകൊണ്ടുനുകരും ദിവ്യാനുരാഗാമൃതം
സേവിച്ചീടുക രാമനാമദശമൂലാരിഷ്ടമെല്ലായ്പൊഴും

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌

ശ്ലോകം 106 : വിശ്വാധീശം ഗിരീശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിശ്വാധീശം ഗിരീശം കതിചിദഭിജഹുഃ കേശവം കേചിദാഹു-
സ്തേഷ്വിത്യന്യോന്യ വാദവ്യതികര വിവശേഷ്വന്തരുദ്യദ്ദയാര്‍ദ്രഃ
യസ്സാക്ഷാദ്‌ ഭൂയ സാക്ഷാദുപദിശതിപരം തത്ത്വമദ്വൈതമാദ്യം
സോയം വിശ്വൈകവന്ദോ ഹരിഹര തനയഃ പൂരയേന്‍മങ്ഗളം വഃ

കവി : എണ്ണയ്ക്കാട്ടു രാജരാജവര്‍മത്തമ്പുരാന്‍
(തകഴി ശാസ്താവിനെപ്പറ്റി)

ശ്ലോകം 105 : പശുക്കിടാവായൊരു പാപി വന്നു...

ചൊല്ലിയതു്‌ : വിശ്വപ്രഭ

പശുക്കിടാവായൊരു പാപി വന്നു
ശിശുക്കള്‍ കൂട്ടത്തിലടുത്ത നേരം
വശത്തു വെച്ചങ്ങു വധിച്ചു കണ്ണന്‍
‍നശിക്കുമല്ലായ്കിലി വിശ്വമെല്ലാം

ശ്ലോകം 104 : വീര്‍ത്തുന്തും വയറേന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌

വീര്‍ത്തുന്തും വയറേന്തി നൊന്തു വിവശം പെറ്റോരു മാതാവിനേ
തീര്‍ത്തും തീവ്രമപത്യ ദുഃഖമറിയൂ സാരാജ്നഹീര, പ്രഭോ;
പേര്‍ത്തും മക്കള്‍ മരിച്ചതോര്‍ത്തുമഴലാല്‍ ചീര്‍ത്തും ചുടുക്കണ്ണുനീര്‍
വാര്‍ത്തും വാണിടുമെന്റെ ദുര്‍ദ്ദശ കൃപിക്കെന്നാളുമുണ്ടാകൊലാ

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 103 : അമ്പാടിക്കൊരു ഭൂഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

അമ്പാടിക്കൊരു ഭൂഷണം, രിപു സമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണ തയിര്‍ക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കാനന്ദസംപോഷണം,
നിന്‍പാദം മതി ഭൂഷണം, ഹരതുമേ മഞ്ജീരസംഘോഷണം

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 102 : ഹലധാരിയായ ബലരാമനോടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ഹലധാരിയായ ബലരാമനോടുചേര്‍-
ന്നുലകിന്റെ ഭാരമഖിലം ഹരിയ്ക്കുവാന്‍
അവതാരമാര്‍ന്ന ഹരി കട്ടു ശുദ്ധമാം
നവനീത ഗോപവനിതാമനസ്സുകള്‍

നൂറു ശ്ലോകങ്ങള്‍ - statistics : ആദ്യക്ഷരങ്ങള്‍

അക്ഷരംഎണ്ണം
31
9
9
8
7
6
6
4
4
4
2
2
2
2
1
1
1
1

നൂറു ശ്ലോകങ്ങള്‍ - statistics : വൃത്തങ്ങള്‍

വൃത്തംഎണ്ണം
ശാര്‍ദ്ദൂലവിക്രീഡിതം40
സ്രഗ്ദ്ധര32
മാലിനി4
രഥോദ്ധത4
പൃഥ്വി3
ദ്രുതവിളംബിതം2
ഇന്ദ്രവജ്ര2
പുഷ്പിതാഗ്ര2
ഉപേന്ദ്രവജ്ര2
വസന്തതിലകം2
കുസുമമഞ്ജരി1
മന്ദാക്രാന്ത1
മദനാര്‍ത്ത1
മല്ലിക1
വസന്തമാലിക1
വിയോഗിനി1
വംശസ്ഥം1

നൂറു ശ്ലോകങ്ങള്‍ - statistics : Top posters

മൊത്തം ചൊല്ലിയ ശ്ലോകങ്ങള്‍ = 100
ചൊല്ലിയ ആള്‍എണ്ണം
ഉമേഷ്‌ നായര്‍21
ഹരിദാസ്‌ മംഗലപ്പിള്ളി20
ജ്യോതിര്‍മയി14
രാജേഷ്‌ വര്‍മ്മ14
ശ്രീധരന്‍ കര്‍ത്താ14
വാസുദേവന്‍ തൃക്കഴിപുരം12
വിശ്വപ്രഭ5

Tuesday, February 01, 2005

ശ്ലോകം 101 : പദ്യം നൂറു തികഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ-
സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 100 : തെണ്ടേണം പലദിക്കില്‍ ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

തെണ്ടേണം പലദിക്കില്‍ നാഥനു തുണയ്‌, ക്കെന്നാലുമന്നന്നു കോല്‍
കൊണ്ടേറെ പ്രഹരം സഹിക്കണമഹോ പെട്ടത്തലയ്ക്കാണതും.
പണ്ടേ നീ പരതന്ത്രനാം, കയര്‍ വരിഞ്ഞംഗങ്ങള്‍ ബദ്ധങ്ങളായ്‌,
ചെണ്ടേ നിന്റെയകത്തെ വേദന പുറത്താരുണ്ടറിഞ്ഞീടുവാന്‍?

കവി: ടി. എം. വി

ശ്ലോകം 99 : സാനന്ദം സുപ്രഭാതോദയ...

ചൊല്ലിയതു്‌ : ഹരിദാസ്‌

സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര-
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍

കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

ശ്ലോകം 98 : നാരീമൌലികള്‍ വന്നണഞ്ഞടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാരീമൌലികള്‍ വന്നണഞ്ഞടി തൊഴുന്നെന്നോമനപ്പുത്രിയാള്‍
സാരീഗാമപധാനിയെന്നു സരസം സപ്തസ്വരം സാദരം
സ്ഫാരീ ഭൂതവിലാസമോടു നിയതം പാടുന്നതിന്‍ ധാടി കേ-
ട്ടാരീ വത്സല ഭാവമോടിനി രസിച്ചീടുന്നു കൂടും മുദാ?

കവി : കെ. സി. കേശവപിള്ള
കൃതി : ആസന്ന മരണ ചിന്താശതകം

ശ്ലോകം 97 : ചെന്നായിന്‍ ഹൃത്തിനും ഹാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

‍ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ, ഭുജിപ്പൂ മനുജനെ മനുജന്‍, നീതി കൂര്‍ക്കം വലിപ്പൂ,
നന്നാവില്ലിപ്രപഞ്ചം, ദുരയുടെ കൊടിയേ പൊന്തു, നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ പോകു, മിണ്ടാതെ പോകൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 96 : നീയിന്ത്യയ്ക്കൊരു ശാപമായി...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

നീയിന്ത്യയ്ക്കൊരു ശാപമായിവരുമെന്നാരോര്‍ത്തു! യജ്ഞപ്പുക-
ത്തീയില്‍പ്പണ്ടു കുരുത്ത മാനവമഹാ സംസ്കാരമല്ലല്ലി നീ?
ചായില്യങ്ങള്‍ വരച്ച പൊയ്മുഖവുമായ്‌ നിന്‍ മന്ത്രവാദം നിന-
ക്കീയില്ലത്തു നിറുത്തുവാന്‍ സമയമായില്ലേ, സമൂഹാന്ധതേ?

കവി: വയലാര്‍

ശ്ലോകം 95 : മൂടില്ലാത്തൊരു മുണ്ടുകൊണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ-
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

‍കവി : പൂന്തോട്ടത്തു നമ്പൂതിരി